തിരുവനന്തപുരം വേള്‍ഡ് ട്രേഡ് സെന്ററിന് ധാരണാപത്രം ഒപ്പുവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവരസാങ്കേതിക വളര്‍ച്ചയില്‍ നാഴികക്കല്ലാകുന്ന നാല് ഐ.ടി പദ്ധതികള്‍ക്കു തുടക്കമായി. തിരുവനന്തപുരം ടെക്നോ സിറ്റിയില്‍ നിര്‍മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്ററിനു മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പുവച്ചു. ലോകത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഫ്രീ ആന്‍ഡ് ഓപണ്‍ സോഴ്സ് സംവിധാനമായ സ്വതന്ത്രയുടെയും സ്കില്‍ ഡെലിവറി പ്ലാറ്റ്ഫോം ഓഫ് കേരള (എസ്.ഡി.പി.കെ) യുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.
സ്പേസ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന സ്പേസ് ടെക് ആപ്ലിക്കേഷന്‍ ഡെവപല്മെന്റ് ഇക്കോ സിസ്റ്റത്തിന്റെ (സ്റ്റേഡ്) ഭാഗമായി രണ്ടു പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്രവര്‍ത്തനാനുമതിയും നല്കി. സംസ്ഥാനത്തിന്റെ ഐ.ടി വ്യവസായ മേഖലയില്‍ വന്‍കുതിപ്പിനു വഴിവയ്ക്കുന്ന പദ്ധതികള്‍ക്കാണ് ഇന്നലെ തുടക്കമായത്. ബംഗളൂരു ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പാണ് തിരുവനന്തപുരത്ത് വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മിക്കുന്നത്. ടെക്നോ സിറ്റിയിലെ 13 ഏക്കറിലാണു പദ്ധതി വരുന്നത്. 2.5 മില്യണ്‍ ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പദ്ധതി 15,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണു പ്രതീക്ഷ. സ്പേസ് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആരംഭിക്കുന്ന സ്പേസ് ടെക് ആപ്ലിക്കേഷന്‍ ഡെപലപ്മെന്റ് ഇക്കോ സിസ്റ്റം പ്രൊജക്ടിന്റെ ഭാഗമായി ഈ രംഗത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളായ സാറ്റ്ഷുവര്, അഗ്നികുല്‍ എന്നിവയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ഡിസൈനിങ് രംഗത്തെ പ്രമുഖരായ ലൂമിയം എന്ന കമ്പനിക്കു സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് അലൊക്കേഷനും ചടങ്ങില്‍ കൈമാറി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ടെക്നോ പാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."