സിമന്റ് വില നിയന്ത്രിക്കാത്തത് പ്രതിഷേധാര്‍ഹം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ വസ്തുക്കളുടെ വിലകള്‍ കുറയ്ക്കുക, ബില്ലുകള്‍ക്കുള്ള ട്രഷറി നിയന്ത്രണം പിന്‍വലിക്കുക, നിര്‍മാണ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാര വ്യവസായ മേഖലയിലെ 26 സംഘടനകളുടെ കൂട്ടായ്മ കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി (സി.സി.ഐ) നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്നാം തിയതി മുതല്‍ സിമന്റ് വില വര്‍ധനവിനെതിരേ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്.
മൂന്നാഴ്ചയ്ക്കിടയില്‍ സിമന്റിനു 75 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടും സര്‍ക്കാര്‍ അറിഞ്ഞ ഭാവം കാണിക്കുന്നില്ല. ചെറുതും വലുതുമായ പദ്ധതികള്‍ മുഴുവന്‍ പ്രതിസന്ധിയിലാണ്. നിര്‍മാണ മേഖലയും മന്ദഗതിയിലാണ്. സിമന്റിന്റെ വില കുതിച്ചുയരുമ്പോള്‍ മലബാര്‍ സിമന്റിന്റെ വില പോലും കുറയ്ക്കാന്‍ തയാറാകാത്തത് നെറികേടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹി സുബൈര്‍ കൊളക്കാടന്‍, സിമന്റ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോണി തോമസ്, ജോയിന്റ് സെക്രട്ടറി സുധാകരന്‍ തൃശൂര്‍, കണ്‍സ്യൂമേഴ്‌സ് ഗുഡ്‌സ് ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ ഭാരവാഹി ചാക്കുണ്ണി, സി.സി.ഐ സംസ്ഥാന കണ്‍വീനര്‍ സിറാജുദ്ദീന്‍ ഇല്ലത്തൊടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."