സഊദിയിൽ കൊവിഡ്-19 ബാധിച്ച് അഞ്ചു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ മരണപ്പെട്ടതായി എംബസി
റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധയേറ്റു മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പതിനേഴായി ഉയർന്നു. ഇവരിൽ അഞ്ചു പേർ മലയാളികളാണ്. ആദ്യം മരണപ്പെട്ട രണ്ട് മലയാളികള്‍ക്ക് പുറമെ മൂന്ന് പേര് കൂടി ഒരാഴ്ചക്കിടെ മരണപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 28 വരെയുള്ള സഊദിയിലെ കൊവിഡ്-19 വൈറസ് ബാധയേറ്റ് മരണപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങളാണ് റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയത്. മഹാരാഷ്ട്ര (5), ഉത്തര്‍പ്രദേശ് (5), ബീഹാര്‍ (2), തെലുങ്കാന (2) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുളളവരുടെ മരണ സംഖ്യ. സഊദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
വിവിധ പ്രവിശ്യകളിലെ കമ്യൂണിറ്റി വളന്റിയര്‍മാര്‍, കൂട്ടായ്മകള്‍ എന്നിവരുടെ സഹായത്തോടെ ഭക്ഷണം, മരുന്ന് എന്നിവ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. സഊദിയിൽ നിന്നുള്ള ഇന്ത്യക്കാരില്‍ നാട്ടില്‍ അടിയന്തിരമായി പോകാനുള്ളവരെ ഒഴിപ്പിക്കുന്നതിനായുള്ള നടപടികള്‍ എംബസി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."