സാമൂഹിക സുരക്ഷാ പെന്ഷന് വിഷുവിന് മുന്‍പ് നല്‍കും
തിരുവനന്തപുരം: വിഷുവിനും ഈസ്റ്ററിനും മുന്‍പായി സാമൂഹിക സുരക്ഷാ പെന്ഷന് വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷനാണ് നല്‍കുക. സഹകരണ ബാങ്കുകള്‍ വഴി വീടുകളിലെത്തിക്കേണ്ട പെന്‍ഷനാണ് ആദ്യം നല്‍കുക. ബാങ്ക് അക്കൗണ്ടുകളില്‍ പെന്ഷന് ആവശ്യപ്പെട്ടിരിക്കുന്നവര്ക്ക് ഏപ്രില്‍ 10ന് മുന്‍പായി നല്‍കും.
37,02,753 പേര്‍ക്കായി 1,114 കോടി രൂപയാണ് ഇക്കുറി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്തുമസിന് മുന്‍പായി 33,59,262 പേര്‍ക്കാണ് പെന്ഷന് നല്കിയതെങ്കില് 34,3491 പേര്‍ക്ക് ഇത്തവണ അധികമായി പെന്ഷന് നല്‍കുന്നുണ്ട്. പുതുതായി എന്റോള്‍ ചെയ്യപ്പെട്ടതില്‍ അര്‍ഹത നേടിയവരാണ് 37,803 പേര്. വിവിധ കാരണങ്ങളാല്‍ നേരത്തേ പെന്ഷന് വിതരണം മാറ്റിവച്ചിരുന്ന 3,05,688 പേര്‍ക്കുകൂടി ഇത്തവണ പെന്ഷന് വിതരണം ചെയ്യുന്നുണ്ട്. 3,55,519 പേരുടെ പെന്ഷന് വിതരണം വേണ്ടത്ര രേഖകളുടെയും മറ്റും അഭാവത്തില്‍ താല്‍ക്കാലികമായി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ 3,23,410 പേര് സത്യവാങ്മൂലമോ ഏതെങ്കിലും ഐ.ഡി പ്രൂഫോ ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല. ഇത് നല്കുന്നപക്ഷം അവര്‍ക്കും അടുത്തപ്രാവശ്യം മുതല്‍ പെന്ഷന് നല്‍കും.വിവിധ കാരണങ്ങളാല്‍ പെന്ഷന് അര്‍ഹത നേടാത്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പഞ്ചായത്തുതല അദാലത്ത് ഏപ്രില്‍ മാസത്തില്‍ത്തന്നെ സംഘടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്കാണ് പരാതി നല്‍കേണ്ടത്. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ഒരു ഗസറ്റഡ് ഓഫിസര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് പരാതി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുക. ഈ തീരുമാനപ്രകാരമായിരിക്കും അര്‍ഹരായവര്‍ക്ക് പെന്ഷന് വിതരണം ചെയ്യുക. ആവര്‍ത്തിച്ച് അവസരം നല്‍കിയിട്ടും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയോ സത്യവാങ്മൂലമോ സമര്‍പ്പിക്കാത്തവര്‍ക്കാണ് ഇപ്പോള്‍ പെന്ഷന് വിതരണം ചെയ്യാന്‍ കഴിയാത്തത്. ക്ഷേമബോര്‍ഡുകള്‍ മുഖേനയുള്ള പെന്‍ഷനും ഇതിന്റെകൂടെ വിതരണം ചെയ്യും. 4,22,311 പേര്‍ക്കാണ് ക്ഷേമബോര്‍ഡുകള്‍ വഴിയുള്ള പെന്ഷന് വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."