വടക്കനാട് സമരം: വനംവകുപ്പിന്റെ നടപടിയില്‍ കോണ്‍ഗ്രസ്-എമ്മിന്റെ പ്രതിഷേധം
കല്‍പ്പറ്റ: വന്യമൃഗശല്യത്തിനെതിരായി വടക്കനാട് പ്രദേശത്തെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭ സമരത്തെ നിയമക്കുരുക്കിലും കള്ളക്കേസിലും ഉള്‍പ്പെടുത്തി പരാജയപ്പെടുത്തുവാനുള്ള വനംവകുപ്പ് അധികൃതകരുടെ നടപടിയില്‍ കേരളാ കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ പ്രതിഷേധിച്ചു.
സമരസമിതിയുടെ രക്ഷാധികാരിയും നൂല്‍പ്പുഴ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബെന്നി കൈനിക്കല്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായുള്ള വേദിയില്‍ പറഞ്ഞ വാക്കുകളെ അടര്‍ത്തിയെടുത്ത് കാടിന് തീ പിടിക്കാന്‍ അതാണ് കാരണമെന്ന് കണ്ടെത്തിയ വനംവകുപ്പ് നിലപാട് തികച്ചും തെറ്റാണ്. കടുത്ത വേനല്‍ വരുന്ന സമയത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ തീ പടരാതിരിക്കാനുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ വനം വകുപ്പിന് ചുമതലയുണ്ട്. അതിനാവശ്യമായ തുകയും ജീവനക്കാരുമുണ്ട്. ഇവയെല്ലാം ഉണ്ടായിരിക്കെ വയനാട്ടിലെ പല വനമേഖലകളിലും കാട്ടുതീ പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ വനംവകുപ്പ് നടത്തിയിട്ടില്ല. തല്‍ഫലമായി വനമുള്ള പ്രദേശങ്ങളില്‍ സംസ്ഥാനങ്ങളുടെ അതിര്‍ത്തി നോക്കാതെ തീ പടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വന്യമൃഗശല്യത്തിനെതിരായി സമരം ചെയ്ത ഒരു പ്രത്യേക പ്രദേശത്തെ വനമേഖലയില്‍ മാത്രമല്ല തീ പിടിച്ചിട്ടുള്ളത്. തികച്ചും ന്യായമായ ആവശ്യത്തിനു വേണ്ടി സമരം ചെയ്ത പൊതു പ്രവര്‍ത്തകരേയും നാട്ടുകാരേയും കള്ളക്കേസില്‍ കുടുക്കി തങ്ങളുടെ നിരുത്തരവാദിത്വത്തില്‍ നിന്നും തടിയൂരാന്‍ ശ്രമിക്കുന്ന വനംവകുപ്പ് അധികൃതരുടെ നടപടി നാട് തിരിച്ചറിഞ്ഞിരിക്കുന്നു. വന്യമൃഗങ്ങളെ കാട്ടില്‍ തന്നെ നിലനിര്‍ത്താനും നാട്ടിലിറങ്ങി ജനങ്ങളെ ദ്രോഹിക്കുന്നത് ഇല്ലാതാക്കാനും വനംവകുപ്പുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."