അരി വിഹിതം വര്‍ധിപ്പിക്കണം: കേന്ദ്രത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക പ്രത്യേകതകള്‍ കണക്കിലെടുത്ത് അരിയുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന് കത്തയച്ചു.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന്റെ വിഹിതം വീണ്ടും കുറയുകയാണുണ്ടായത്. ലക്ഷ്യാധിഷ്ഠിത പൊതുവിതരണ സമ്പ്രദായം നടപ്പാക്കാന്‍ തുടങ്ങിയ 1997ലും തുടര്‍ന്നുള്ള ഏതാനും വര്‍ഷങ്ങളിലും സംസ്ഥാനത്തിന് പ്രതിവര്‍ഷം 16.2 ലക്ഷം ടണ്‍ അരി ലഭിച്ചിരുന്നു. പിന്നീട് കാര്യമായ കുറവുവന്നു.
ഭക്ഷ്യസുരക്ഷയെ തന്നെ അത് ബാധിച്ചു. കേരളത്തിന്റെ സമ്മര്‍ദഫലമായി അധികവിഹിതം ലഭിച്ചതിനാലാണ് ഒരുവിധം പിടിച്ചുനില്‍ക്കാനായത്. അധിക വിഹിതവുംകൂടി കണക്കിലെടുക്കുമ്പോള്‍ വര്‍ഷം 16 ലക്ഷം ടണ്‍ അരി കേരളത്തിന് ലഭിച്ചുകൊണ്ടിരുന്നു.
ഗ്രാമീണ ജനതയുടെ 75 ശതമാനവും നഗരവാസികളുടെ 50 ശതമാനവും ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള മുന്‍ഗണനാ വിഭാഗത്തില്‍ വരുമെന്നായിരുന്നു അനുമാനം. എന്നാല്‍, 46 ശതമാനമേ മുന്‍ഗണനാ വിഭാഗത്തില്‍ വരുന്നുള്ളൂ. ഭക്ഷ്യസുരക്ഷാനിയമത്തിലെ മാനദണ്ഡങ്ങള്‍പ്രകാരം ഭക്ഷ്യധാന്യം അനുവദിക്കുമ്പോള്‍ കേരളത്തിന്റെ വിഹിതം ഗണ്യമായി കുറയും. അരിവിഹിതം 16 ലക്ഷം ടണ്ണില്‍നിന്ന് 14.25 ടണ്ണായി കുറയുന്ന സ്ഥിതിവരും. അത് കേരളത്തിലെ റേഷന്‍ സംവിധാനത്തെ തകരാറിലാക്കും. കേരളത്തില്‍ 35 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. പുതിയ നിയമപ്രകാരം അവര്‍ക്കും റേഷന്‍ വിഹിതത്തിന് അവകാശമുണ്ട്. കേരളത്തിന്റെ വിഹിതം തീരുമാനിക്കുമ്പോള്‍ ഈ ഘടകം കണക്കിലെടുത്തിട്ടില്ലെന്നും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."