സീനിയോരിറ്റി മറികടന്ന് പൊലിസില്‍ സ്ഥലംമാറ്റമെന്ന് ആക്ഷേപം
കല്‍പ്പറ്റ: വയനാട്ടിലെ പൊലിസ് സേനയില്‍ ഉത്തരവുകള്‍ക്ക് പുല്ലുവില. സീനിയോരിറ്റി മറികടന്ന് ജില്ലാ പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പ്രാദേശിക സ്ഥലംമാറ്റങ്ങള്‍ അനുവദിക്കുന്നതിനെതിരേ സേനക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നു. കേരളാ സിവില്‍ പൊലിസ് രൂപീകൃതമായതിന് ശേഷം 2010 മാര്‍ച്ചിലെ ഉത്തരവ് പ്രകാരമാണ് ബറ്റാലിയനുകളില്‍ നിന്നും ട്രാന്‍സ്ഫറായി വരുന്ന പൊലിസുകാര്‍ക്ക് അവരുടെ സീനിയോരിറ്റി അനുസരിച്ച് ലോക്കല്‍ സ്റ്റേഷനുകളിലേക്ക് സ്ഥലമാറ്റം നല്‍കണമെന്ന മാനദണ്ഡം വരുന്നത്.
കേരളത്തില്‍ വയനാട് ഒഴിച്ചുള്ള എല്ലാ പൊലിസ് ജില്ലകളിലും ഈ ഉത്തരവ് പ്രകാരമാണ് പ്രാദേശിക സ്ഥലംമാറ്റങ്ങള്‍ നടക്കാറുള്ളത്. എന്നാല്‍ വയനാട്ടില്‍ ഈ ഉത്തരവിന് യാതൊരു വിലയും കല്‍പ്പിക്കാതെ വ്യക്തി താല്‍പര്യങ്ങളും, സംഘടനാതാല്‍പര്യങ്ങള്‍ക്കും അനുസൃതമായാണ് സ്ഥലംമാറ്റം നല്‍കികൊണ്ടിരിക്കുന്നതെന്നാണ് ആരോപണമുയരുന്നത്. നിലവില്‍ ജില്ലാ പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ പല ഉദ്യോഗസ്ഥരും പ്രാദേശിക സ്ഥലംമാറ്റത്തിന് തയ്യാറാവാതെ, ജോലികളൊന്നും ചെയ്യാതെ തന്നെ ക്യാംപില്‍ തുടര്‍ന്നുകൊണ്ട് സംഘടനാപ്രവര്‍ത്തനം നടത്തുന്നതായും ആക്ഷേപമുണ്ട്. ഈ ഏകപക്ഷീയമായ നടപടിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും നിലനില്‍ക്കുന്നുമുണ്ട്. മുന്‍പ് പ്രാദേശിക സ്ഥലം മാറ്റം നടന്നപ്പോള്‍ ജൂനിയര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ഇതിനെതിരേ പ്രതികരിച്ചിരുന്നു.
എന്നാല്‍ എതിര്‍ത്തവരെ സ്ഥലംമാറ്റുകയായിരുന്നു അന്ന്. നിയമം നടപ്പിലാക്കേണ്ട സേനയില്‍ ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലയിലെ മേലുദ്യോഗസ്ഥരുടെയടുത്ത് ചില പൊലിസുകാര്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. ഇക്കാര്യങ്ങള്‍ ജില്ലാ പൊലിസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് പൊലിസ് ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. എന്നാല്‍ പരാതികള്‍ പൊലിസ് മേധാവിയുടെ മുന്നിലെത്താതെ ഓഫിസിലെ ചില ജീവനക്കാര്‍ രഹസ്യമാക്കി വെക്കുന്നതായും ആരോപണമുണ്ട്. കേരളാ പൊലിസില്‍ നിലവില്‍ വന്ന സുപ്രധാനമായ കേരളാ സിവില്‍ പൊലിസ് നിയമപ്രകാരമുള്ള ഉത്തരവ് പ്രകാരം പ്രാദേശിക സ്ഥലംമാറ്റങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ ജില്ലാ പൊലിസ് മേധാവിയില്‍ നിന്നുണ്ടാകണമെന്നാണ് ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ ആവശ്യം.
ജില്ലാ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ജോലി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടും പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. സംഘടനാ അനുഭാവികള്‍ക്ക് സൗകര്യപ്രദമായ ജോലി നല്‍കി അല്ലാത്തവരെ മാനസിക പീഡനമുണ്ടാക്കുന്ന വിധത്തില്‍ സീനിയോറിറ്റിയും മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് ജോലിക്കിടുന്നതും ഇവിടെ പതിവാണെന്നാണ് പരക്കെയുള്ള ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."