പുതുതായി നിര്‍മിച്ച ഹമ്പിനെ ചൊല്ലി ബസുടമകളും പഞ്ചായത്തും തമ്മില്‍ തര്‍ക്കം
അന്തിക്കാട്: കാഞ്ഞാണി ബസ് സ്റ്റാന്‍ഡിനകത്ത് മുഴുനീളത്തില്‍ പുതിയതായി സ്ഥാപിച്ച മൂന്ന് ഹമ്പിനെ ചൊല്ലി ബസുടമകളും മണലൂര്‍ ഗ്രാമപഞ്ചായത്തും തമ്മില്‍ തര്‍ക്കം. കാഞ്ഞാണി ബസ് സ്റ്റാന്‍ഡിനകത്ത് നിര്‍മിച്ച പുതിയ മൂന്ന് ഹമ്പ് എടുത്തു മാറ്റണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ബസ് സ്റ്റാന്‍ഡ് ബഹിഷ്‌കരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
കാഞ്ഞാണി ബസ് സ്റ്റാന്‍ഡിലേക്ക് കടക്കുന്ന റോഡില്‍ ഉള്ള ഹമ്പുകള്‍ക്ക് പുറമെയാണിവ. ബസ് സ്റ്റാന്‍ഡിലേക്ക് കയറി വരുന്ന ഭൂരിഭാഗം ബസുകളും ഹമ്പില്‍ കയറി ആടിയുലഞ്ഞാണ് പോകുന്നത്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ പല അപകടങ്ങളും ഹമ്പ് മൂലം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഹമ്പില്‍ കയറുന്ന ബസ് മുന്നോട്ട് പോകാനാകാതെ പിറകോട്ടു പോകുന്ന കാഴ്ചയും ഇവിടെയുണ്ട്. എപ്പോഴും യാത്രക്കാര്‍ ധാരാളമുള്ള ബസ് സ്റ്റാന്‍ഡില്‍ ബസ് പിറകോട്ട് നീങ്ങിയാല്‍ ഉണ്ടാകാവുന്നത് വന്‍ ദുരന്തമാണ്.
ഹമ്പില്‍ കയറാനുള്ള ബുദ്ധിമുട്ട് മൂലം പല ബസുകളും സ്റ്റാന്‍ഡില്‍ കയറുന്നില്ല. അശാസ്ത്രീയമായാണ് മണലൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിനകത്ത് ഹമ്പ് നിര്‍മിച്ചതെന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്.
ബസുകളുടെ വേഗത നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കില്‍ പ്രധാന കവാടത്തിലെ ഹമ്പ് മതിയെന്നും ഒരിടത്തും കാണാത്ത തരത്തില്‍ യാത്രക്കാര്‍ ഇറങ്ങുന്നിടത്ത് ഹമ്പ് സ്ഥാപിച്ചിട്ട് എന്തു ഗുണമാണ് കിട്ടുകയെന്നും കാഞ്ഞാണി മേഖല ബസ് ഓണേഴ്‌സ് പ്രസിഡന്റ് പി.എം അബദുല്‍ കരീം ചോദിച്ചു. ഹമ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്, പൊലിസ്, കലക്ടര്‍, ആര്‍.ടി.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ബസുകളുടെ അമിത വേഗത്തിന് കടിഞ്ഞാണിടാനാണ് ഹമ്പുകള്‍ സ്ഥാപിച്ചതെന്ന് മണലൂര്‍ ഗ്രാമപഞ്ചായത്ത് അറിയിച്ചു. അമിത വേഗത്തില്‍ സ്റ്റാന്‍ഡിലെത്തുന്ന ബസുകള്‍ അപകടമുണ്ടാക്കുന്നത് പതിവാണ്. ഇവിടെയുള്ള ഡിവൈഡര്‍ ഇടിച്ചു തെറിപ്പിക്കുകയും ബസില്‍നിന്ന് കുട്ടി വീഴുകയും ചെയ്തിരുന്നു. കൂടാതെ ജനങ്ങളുടെയും വ്യാപാരികളുടെ പരാതികള്‍ക്ക് പരിഹാരവുമായാണ് ഹമ്പ് സ്ഥാപിച്ചതെന്ന് മണലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ശശി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."