അളഗപ്പനഗര്‍ കനാല്‍ പുറമ്പോക്കിലെ മണ്ണ് അനധികൃതമായി കടത്തിയതായി പരാതി
പുതുക്കാട്: അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ പിറകില്‍ കനാലിന്റെ വശം കെട്ടുന്നതിനായി കൂട്ടിയിട്ടിരുന്ന മണ്ണ് ടിപ്പര്‍ ലോറിയില്‍ കടത്തിയതായി പരാതി.
പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കാതെയും അസി. എന്‍ജിനീയര്‍ മൂല്യനിര്‍ണയം നടത്താതെയും മണ്ണ് കടത്തിയവര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് അംഗങ്ങള്‍ പുതുക്കാട് പൊലിസില്‍ പരാതി നല്കി.
കനാലില്‍നിന്ന് കോരിയെടുത്തിരുന്ന മണ്ണ് പഴയ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിന്റെ ഒരു ഭാഗത്താണ് കൂട്ടിയിട്ടിരുന്നത്. ബുധനാഴ്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടിപ്പറിലാക്കി അനധികൃതമായി മണ്ണ് കടത്തിയെന്നാണ് പരാതി.
എന്നാല്‍ കനാല്‍ പുറമ്പോക്കിലെ പഴയ വീടുകള്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മിക്കുന്ന തൊട്ടടുത്ത സ്ഥലം നികത്താനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പുറത്തേയ്ക്ക് കടത്തിയെന്ന വാദം ശരിയല്ലെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു.
കനാലില്‍ നിന്ന് കോരിയെടുത്ത് കൂട്ടിയിട്ട മണ്ണില്‍ കുറവുണ്ടോയെന്ന് എഇ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ ലഭ്യമാക്കുമെന്നും പഞ്ചായത്തധികൃതര്‍ അറിയിച്ചു. രാഷ്ട്രീയമായി ആക്ഷേപിച്ച് വികസനത്തെ തടയാനുള്ള എല്‍.ഡി.എഫിന്റെ വിലകുറഞ്ഞ ശ്രമമാണ് ഇതിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."