മഹിജക്കും കുടുംബത്തിനുമെതിരായ അതിക്രമം പൊലിസിനെ ന്യായീകരിച്ച് ഐ.ജിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെയും ബന്ധുക്കളെയും ആക്രമിച്ച പൊലിസുകാരെ ന്യായീകരിച്ച് ഐ.ജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, പ്രതിഷേധം ഭയന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് തള്ളി. കൂടുതല്‍ അന്വേഷണം നടത്തി മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ഐ.ജിക്ക് നിര്‍ദേശം നല്‍കി. സംഭവ ദിവസം പൊലിസ് തങ്ങളെ ആക്രമിച്ചുവെന്ന മഹിജയുടെയും സഹോദരന്‍ ശ്രീജിത്തിന്റെയും പരാതിയെ തുടര്‍ന്നാണ് ഐ.ജി മനോജ് എബ്രഹാമിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടത്.
സമരക്കാരെ ആരെയും പൊലിസ് മര്‍ദ്ദിക്കുകയോ തള്ളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലിസ് ശ്രമിച്ചതെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഈ സമയം ശ്രീജിത്തിന്റെ കാലില്‍ മഹിജ പിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് വനിതാ അഭിഭാഷക സിമിയും വീണു.
മ്യൂസിയം എസ്.ഐ സമരക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇടയിലായിരുന്നു. അവിടെ ഞെരുങ്ങി നില്‍ക്കുന്നതായാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. രാവിലെ 11മുതല്‍ ഡി.ജി.പി, ഓഫിസില്‍ കാത്തിരിക്കുകയാണെന്ന് ജിഷ്ണുവിന്റെ ബന്ധുക്കളെ അസി.കമ്മിഷണര്‍ അറിയിച്ചിരുന്നു. പൊലിസ് വാഹനവും സജ്ജമാക്കിയിരുന്നു. പക്ഷേ എല്ലാവരെയും ഒരുമിച്ച് കടത്തിവിടണമെന്ന വാശിയിലായിരുന്നു അവര്‍.16പേരടങ്ങിയ ആള്‍ക്കൂട്ടത്തെ ഡി.ജി.പിയുടെ ഓഫിസിലേക്ക് കടത്തിവിട്ടാല്‍ സമരം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.അതിനാലാണ് അഞ്ചു പേരെ മാത്രമേ കടത്തിവിടൂവെന്ന് പറഞ്ഞത്. എല്ലാവരെയും കടത്തിവിട്ടാല്‍ വന്‍ സുരക്ഷാ വീഴ്ചയ്ക്ക്കാരണമാകും. ഇതൊഴിവാക്കാനാണ് ബലംപ്രയോഗിച്ച് സമരക്കാരെ നീക്കിയത്.
ജിഷ്ണുവിന്റെ അമ്മയെ പൊലിസ് മര്‍ദിച്ചു, റോഡിലൂടെ വലിച്ചിഴച്ചു തുടങ്ങിയ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്ടെന്നും ഡി.ജി.പിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഐ.ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേസമയം, വിഷയം കൈകാര്യംചെയ്ത രീതിയില്‍ തെറ്റുപറ്റിയോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.ജിയുടെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി നളിനി നെറ്റോ, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ വിശ്വാസ് എന്നിവരുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് തള്ളിയത്.
ബാഹ്യ ഇടപെടല്‍ സംബന്ധിച്ചും മഹിജയുടെയും ശ്രീജിത്തിന്റെയും മെഡിക്കല്‍ പരിശോധനാ ഫലങ്ങള്‍ എന്നിവ പരിശോധിച്ച് ഇന്ന് പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ ഐ.ജി മനോജ് എബ്രഹാമിനോട് ഡി.ജി.പി നിര്‍ദേശിച്ചു. മഹിജ പരാതിപ്പെട്ടിട്ടുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകുന്ന റിപ്പോര്‍ട്ടായിരിക്കും ഇന്ന് ഐ.ജി കൈമാറുകയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."