ദുരൂഹതകള്‍ നിറഞ്ഞ സ്പ്രിംഗ്ലര്‍ കരാര്‍
ലോകത്തെയാകമാനം ഒരര്‍ഥത്തില്‍ കീഴടക്കിയേക്കുമെന്നു നാം ഭയപ്പെടുന്ന ഒരു മഹാമാരിക്കു മുന്നില്‍ രാഷ്ട്രത്തലവന്‍മാരും ഭരണാധികാരികളും വിറച്ചുനില്‍ക്കുന്ന ഈ അവസരത്തില്‍ നമ്മുടെ നാടും ഈ മഹാമാരിയെ കീഴ്‌പ്പെടുത്താനുള്ള തീവ്രയത്‌നത്തില്‍ നിതാന്ത ജാഗ്രതയോടെ മുഴുകിയിരിക്കുകയാണ്. 2020 ജനുവരി 29നു കൊവിഡ് ബാധിച്ച ഒരു മെഡിക്കല്‍ വിദ്യാര്‍ഥി ചൈനയിലെ വുഹാനില്‍ നിന്നും തൃശൂരില്‍ വന്നെത്തിയതോടെയാണ് ഇന്ത്യന്‍ മണ്ണില്‍ കൊവിഡ് ആദ്യമായി പ്രത്യക്ഷമാവുന്നത്. ഈ മഹാമാരിയെ രാജ്യത്ത് തടഞ്ഞുനിര്‍ത്തുന്നതിന്റെ ഭാഗമായി ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ സഞ്ചാരികളെ വിമാനമിറങ്ങുന്നതോടു കൂടി സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളിലോ മറ്റു സുരക്ഷിത സ്ഥലങ്ങളിലോ ക്വാറന്റൈനില്‍ പാര്‍പ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശം പാലിക്കപ്പെടുന്നതില്‍ കേരളത്തിനുണ്ടായ അതീവ ഗുരുതമായ വീഴ്ചയാണു കൊവിഡ് പടര്‍ന്നുപിടിക്കാന്‍ അവസരമുണ്ടായതെന്ന സത്യം നാം വിസ്മരിച്ചിട്ട് ഫലമില്ല.
പിന്നീട് 2020 ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നുള്ള അഞ്ചംഗ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പരിശോധന കൂടാതെ ടാക്‌സിയില്‍ സ്വദേശമായ പത്തനംതിട്ട റാന്നിയില്‍ പോയതോടെയാണു സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. 2020 മാര്‍ച്ച് 11നു ലോകാരോഗ്യ സംഘടന കൊവിഡ് പകര്‍ച്ചവ്യാധിയെ മഹാമാരിയായി പ്രഖ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ നിരവധി പദ്ധതികളും പരിപാടികളും വലിയൊരളവോളം വിജയകരമായിരുന്നു. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിഭാഗം ജനങ്ങളും സര്‍വ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് സഹകരിച്ചുവെന്നതും വളരെ ശ്രദ്ധേയമാണ്.
സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തിയ ഒരു സംഭവമാണ് സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഞെട്ടിക്കുന്ന ചില വിവരങ്ങള്‍. സ്പ്രിംഗ്ലര്‍ ഇടപാടുമായുള്ള വിവാദങ്ങളും അതിനെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചുള്ള ഹൈക്കോടതിയുടെ നിരീക്ഷണങ്ങളും പിന്നീട് സ്പ്രിംഗ്ലറിനെ ഫലത്തില്‍ കൂച്ചുവിലങ്ങ് വച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവും വിഷയത്തിന്റെ അതീവ ഗുരുതര പ്രാധാന്യത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. ഏപ്രില്‍ 10നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തില്‍ കൂടിയാണു സ്പ്രിംഗ്ലര്‍ ഇടപാട് സംബന്ധിച്ച ഞെട്ടിക്കുന്ന കുറേ വിവരങ്ങള്‍ ആദ്യമായി പുറത്തുവന്നത്. പിന്നീട് ഏപ്രില്‍ 13നു തന്റെ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞു മാറിയെന്നു മാത്രമല്ല, 'ഇത്തരം സംഗതികള്‍ക്കൊന്നും മറുപടി പറയാന്‍ തന്നെ കിട്ടില്ല, തനിക്കിതിനൊന്നും സമയമില്ല, സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്' എന്ന പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഇതുസംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങളും ഐ.ടി സെക്രട്ടറിയോടു ചോദിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന എല്ലാ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും തന്റേതല്ലാത്ത മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഒരുമണിക്കൂര്‍ നീളുന്ന വാര്‍ത്താസമ്മേളനത്തില്‍ വാചാലാനാവുന്നയാളാണ് മുഖ്യമന്ത്രി. എന്നാല്‍ താന്‍ കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പുമായി ഉയര്‍ന്നുവന്ന അതീവ ഗുരുതരമായ വിഷയം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ തയാറാവാതെ, തന്റെ ഓഫിസില്‍ തന്നെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി സേവനം ചെയ്യുന്ന ഐ.ടി സെക്രട്ടറിയോടു ചോദിക്കൂവെന്നു അദ്ദേഹം മറുപടി നല്‍കിയതാണു ജനങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ സംശയം ജനിപ്പിച്ചത്. ഐ.ടി സെക്രട്ടറിക്കറിയാവുന്ന സ്പ്രിംഗ്ലര്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും മുഖ്യമന്ത്രിക്കറിയാമെന്നിരിക്കെ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നത് എന്തുകൊണ്ടാണ്?
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൗരന്റെ ഡാറ്റാ സുരക്ഷ, സ്വകാര്യത എന്നീ ഭരണഘടനാവകാശങ്ങളും മറ്റു നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങളും കച്ചവടക്കണ്ണുള്ള ഏതെങ്കിലും വ്യക്തിയുടെയോ കമ്പനിയുടെയോ സ്വാര്‍ഥമായ, സാമ്പത്തികമായ നേട്ടങ്ങള്‍ക്കുവേണ്ടി പണയപ്പെടുത്താനോ ലംഘിക്കുവാനോ സര്‍ക്കാരിന് അവകാശമുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനല്ലേ? കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യമെന്നു വിശേഷിപ്പിക്കുന്നത് അടിയന്തരാവസ്ഥയില്‍ പൗരന്റെ മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാലത്തിനു സമാനമാണോ? ഭരണഘടനയുടെ അനുഛേദം 359 അനുസരിച്ചുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചുള്ള റഗുലേഷനിലെ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി പൗരന്റെ മൗലികാവകാശങ്ങള്‍ക്കു തടയിടാനും അതുവഴി സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിക്കു നിയമവിരുദ്ധ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുവാനും നിയമപരമായി സാധിക്കുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കു പൗരന് മറുപടി ലഭിക്കേണ്ടിയിരിക്കുന്നു.
മന്ത്രിസഭയോ നിയമവകുപ്പ് ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളോ അറിയാതെയും ഗവര്‍ണറുടെ അധികാര പത്രമില്ലാതെയും ഭരണഘടനയുടെ അനുഛേദം 299 (1) ലെ വ്യവസ്ഥകള്‍ പാടെ ലംഘിച്ചും ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ സ്പ്രിംഗ്ലര്‍ കമ്പനി തയാറാക്കിയ കരാറില്‍ സര്‍ക്കാരിനു വേണ്ടിയെന്ന പേരില്‍ ഒപ്പിട്ട കരാറിന്റെ നിയമസാധുതയാണു പ്രതിപക്ഷ നേതാവടക്കം ബോധിപ്പിച്ച അഞ്ചു പൊതുതാല്‍പര്യ ഹരജിയില്‍ പ്രധാനമായും ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനു വേണ്ടിയോ സര്‍ക്കാരിന്റെ പേരിലോ തയാറാക്കുന്ന എല്ലാ കരാറുകളും പ്രമാണങ്ങളും നിയമവകുപ്പ് തയാറാക്കി ശരിവച്ചിരിക്കണമെന്ന് ഭരണഘടന അനുഛേദം 166 (3) അനുസരിച്ചുള്ള റൂള്‍സ് ഓഫ് ബിസിനസില്‍ വളരെ വ്യക്തമായി വ്യവസ്ഥ ചെയ്തിരിക്കെ ഐ.ടി സെക്രട്ടറിയുടെ തൊട്ടടുത്ത മുറിയിലെ നിയമവകുപ്പ് സെക്രട്ടറിയോ നിയമവകുപ്പോ അറിയാതെയുള്ള അന്താരാഷ്ട്ര കമ്പനിയുമായുള്ള ഒരു കരാര്‍ ഇമെയില്‍ മുഖേന ഒപ്പ് കടലാസില്‍ അയച്ചുകൊടുത്ത് ഐ.ടി സെക്രട്ടറി ഒപ്പിട്ട് നടപ്പാക്കുന്ന രീതി നിയമപരമായി നിലനില്‍ക്കില്ലെന്നതാണു റിട്ട് ഹരജിയിലെ പ്രധാന വാദം. ഭരണഘടന വാഗ്ധാനം ചെയ്യുന്ന മൗലിവാകാശം ലംഘിച്ച് വ്യക്തിയുടെ വ്യക്തിഗത വിവരങ്ങള്‍ അന്യരുടെ കൈവശമെത്തുന്നതു കൊണ്ടുണ്ടായേക്കാവുന്നതിനു നഷ്ടപരിഹാരം നല്‍കണമെന്നും ആ നഷ്ടപരിഹാര സംഖ്യ സര്‍ക്കാര്‍ നല്‍കി ഐ.ടി സെക്രട്ടറി ശിവശങ്കറില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും വ്യക്തിപരമായി വസൂലാക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരെയും വ്യക്തികളെന്ന നിലയില്‍ രമേശ് ചെന്നിത്തല ബോധിപ്പിച്ച ഹരജിയില്‍ കക്ഷിയായി ചേര്‍ത്തിട്ടുമുണ്ട്.
സ്പ്രിംഗ്ലര്‍ കരാര്‍ എഴുതി ഒപ്പിടുന്നതിലെ ഗുരുതരമായ ഭരണഘടനാ ലംഘനം വെറുമൊരു നടപടി ക്രമത്തിലെ വീഴ്ചയാണെന്നു വരുത്തി തീര്‍ക്കാന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം ശക്തിയായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് ഉന്നയിച്ചതും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വിശകലനം ചെയ്തിരിക്കുന്നതുമായ വീഴ്ചകള്‍ അതീവ ഗുരുതരമാണ്. വ്യക്തിയുടെ ഡാറ്റാ സുരക്ഷിതത്വത്തിനു വളരെ പ്രാധാന്യം നല്‍കണമെന്ന നിഗമനത്തിലാണു ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് മഹാമാരിക്കു ശേഷം രാജ്യത്ത് ഡാറ്റാ മഹാമാരി ഉണ്ടാവാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തേണ്ടതു കൊണ്ടാണ് ഇത്തരമൊരു ഇടക്കാല ഉത്തരവിനു കോടതിയെ പ്രേരിപ്പിച്ചതെന്ന് ഉത്തരവിന്റെ 23ാം ഖണ്ഡികയില്‍ പരാമര്‍ശിച്ചതു വളരെ പ്രസക്തമാണ്.
സ്പ്രിംഗ്ലര്‍ കരാറിനെ ന്യായീകരിച്ച് ഐ.ടി സെക്രട്ടറി ചാനല്‍ അഭിമുഖത്തില്‍ സമ്മതിച്ചതും ഹൈക്കോടതിയില്‍ ബോധിപ്പിച്ച പത്രികയില്‍ സര്‍ക്കാര്‍ പ്രസ്താവിച്ചതുമായ വസ്തുതകള്‍ പരിശോധിച്ചാല്‍ സ്പ്രിംഗ്ലര്‍ കരാര്‍ എഴുതി ഒപ്പിട്ട സാഹചര്യം ഒരിക്കലുമൊരു വീഴ്ചയല്ലെന്നും ഒരു വിദേശക്കമ്പനിക്കു നിയമവിരുദ്ധമായ മാര്‍ഗത്തില്‍ വ്യക്തികളുടെ ഡാറ്റ ലഭ്യമാക്കിക്കൊടുത്തുകൊണ്ട് അന്യായമായ നേട്ടത്തിനു വേണ്ടി വഴിയൊരുക്കുകയും ചെയ്തുവെന്ന കുറ്റകരമായ അനാസ്ഥയും ഇതിനു പിന്നില്‍ വന്‍ ഗൂഢാലോചനയും സംഭവിച്ചതായി മനസിലാക്കാവുന്നതാണ്. മാര്‍ച്ച് 27നു തദ്ദേശഭരണ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറിലാണു ക്വാറന്റൈനില്‍ കഴിയുന്ന രോഗികളുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ വാര്‍ഡുതല ഫീല്‍ഡ് വര്‍ക്കര്‍മാര്‍ (ആശാ വര്‍ക്കര്‍) ശേഖരിച്ച് ഉടന്‍ തന്നെ സ്പ്രിംഗ്ലറിന്റെ സലൃമഹമ ളശലഹറരീ്ശറ.ുെൃശിസഹൃ.രീാ എന്ന വെബ്‌സൈറ്റില്‍ നിര്‍ബന്ധമായും അപ്‌ലോഡ് ചെയ്യാന്‍ സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരുന്നത്. സ്പ്രിംഗ്ലര്‍ ആരാണെന്നോ എന്തിനാണു സ്പ്രിംഗ്ലറിന്റെ സെര്‍വറില്‍ അപ്‌ലോഡ് ചെയ്യുന്നതെന്നോ സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തിയുടെ പേര്, വിലാസം, രോഗവിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളുമടങ്ങിയ ഒരു പ്രൊഫോര്‍മയും സര്‍ക്കുലറിനൊപ്പം അടക്കം ചെയ്തിട്ടുണ്ടായിരുന്നു.
മെഡിക്കല്‍ ഡാറ്റ, വെളിപ്പെടുത്താന്‍ നിയന്ത്രണമുള്ള സെന്‍സിറ്റീവ് ഡാറ്റയല്ലെന്ന സര്‍ക്കാര്‍ വാദം ആരംഭത്തില്‍ തന്നെ ഹൈക്കോടതി തള്ളുകയാണുണ്ടായത്. ജോണ്‍ ഹോപ് കിന്‍സ് സര്‍വകലാശാലയുടെ 2020 മാര്‍ച്ച് 24ലെ വിദഗ്ധരുടെ ഒരു പഠനറിപ്പോര്‍ട്ടില്‍ 2020 മാര്‍ച്ച് 28നും ഏപ്രില്‍ 25നും ഇടയില്‍ കേരളത്തില്‍ 80 ലക്ഷം പേര്‍ക്കു കൊവിഡ് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടും അടിസ്ഥാനപ്പെടുത്തി കുറഞ്ഞ സമയപരിധിക്കുള്ളില്‍ ഡാറ്റാ വിശകലനത്തിനു സംസ്ഥാന ഐ.ടി മിഷനും സി ഡിറ്റും അപര്യാപ്തമാണെന്നു ബോധ്യപ്പെട്ടതിനാലാണു സ്പ്രിംഗ്ലറിനെ ഏല്‍പിച്ചതെന്ന സര്‍ക്കാര്‍ വാദം തികച്ചും വാസ്തവ വിരുദ്ധമാണ്. ജോണ്‍ ഹോപ് കിന്‍സ് സര്‍വകലാശാലയുടെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി തന്നെ തെറ്റാണെന്നു പറഞ്ഞ് പരിഹസിച്ചിട്ടുണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഏഴു കോടിയോളം ആളുകളുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ആവിഷ്‌കരിച്ച് വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു എന്ന സോഫ്റ്റ്‌വെയര്‍ വിവരശേഖരണത്തിനായി ഉപയോഗിക്കാവുന്നതാണെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച പത്രികയില്‍ പ്രസ്താവിച്ചിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും ഭരണസിരാ കേന്ദ്രത്തില്‍ ഉണ്ടായിരിക്കെ എന്തുകൊണ്ട് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സംബന്ധിച്ച് രോഗികളുടെ വിവരശേഖരണം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞ് സ്പ്രിംഗ്ലര്‍ കമ്പനിയുമായി 2020 ഏപ്രില്‍ രണ്ടിനു ആദ്യകരാര്‍ ഒപ്പിട്ടു? പ്രതിപക്ഷനേതാവ് ഏപ്രില്‍ 10നു സ്പ്രിംഗ്ലര്‍ കരാര്‍ സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിനു ശേഷവും മന്ത്രിസഭയെയും നിയമവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളെയും മറച്ചുവച്ച് ഏപ്രില്‍ 14നു രണ്ടാമത്തെ കരാര്‍ ഒപ്പുവച്ചതും കരാറിന്റെ പിന്നിലെ ഗൂഢാലോചനയിലേക്കാണ് വെളിച്ചം വീശുന്നത്.
യാതൊരുവിധ ചര്‍ച്ചയും നടത്താതെ സ്പ്രിംഗ്ലര്‍ കമ്പനി തയാറാക്കി പ്രസിദ്ധപ്പെടുത്തിയ കമ്പനിയുടെ മുദ്ര മാത്രമുള്ള വെള്ളക്കടലാസില്‍ ലോക്ക് ഡൗണ്‍ സമയമായതു കൊണ്ട് യാത്രചെയ്യാന്‍ സാധ്യമല്ലെന്നതു കൊണ്ടുതന്നെ ഐ.ടി സെക്രട്ടറി തന്റെ ഒപ്പ് ഇമെയില്‍ മുഖേന അയച്ചുകൊടുത്ത് സൃഷ്ടിച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്നരലക്ഷത്തോളം വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ യാതൊരു സുരക്ഷാ വ്യവസ്ഥകളുമില്ലാതെ സ്പ്രിംഗ്ലറിനു കൈമാറ്റം ചെയ്യപ്പെട്ടത്. കരാറിലെ വ്യവസ്ഥകള്‍ അപകടകരമെന്നതുകൊണ്ടാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ കരാറിലെ വ്യവസ്ഥകളില്‍ നിന്നു വ്യത്യസ്തമായി ഡാറ്റാ സുരക്ഷ സംബന്ധിച്ച് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നു മനസിലാക്കാം.
(മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമാണ് ലേഖകന്‍)
നാളെ: സ്പ്രിംഗ്ലര്‍ കരാറിലെ
അപകട വ്യവസ്ഥകള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."