കെ.കെ ഹസ്‌റത്തിന്റെ വേര്‍പാടിന് കാല്‍നൂറ്റാണ്ട്
അറിവും അമലും കൊണ്ട് വേറിട്ട മാതൃകകള്‍ തീര്‍ത്ത സാത്വികനായിരുന്നു മൗലാനാ കെ.കെ അബൂബക്കര്‍ ഹസ്‌റത്ത്(ന.മ). ആഴവും പരപ്പുമുള്ള അറിവിന്റെ സാഗരമായിരുന്ന മഹാന്‍ വിനയാന്വിതനും സൂക്ഷ്മശാലിയുമായിരുന്നു. കാലില്‍ നീരുകെട്ടി വേദന തിന്നുമ്പോഴും പാതിരാവുകളില്‍ ആരാധനകള്‍ കൊണ്ട് സജീവമാക്കിയ ആ ജ്ഞാനി സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രചാരണ വഴിയില്‍ നിരന്തരയാനങ്ങള്‍ നടത്തി.
പണ്ഡിത പ്രതിഭകളോടൊപ്പം നാലു പതിറ്റാണ്ടുകാലം സമസ്ത മുശാവറയിലും രണ്ടര പതിറ്റാണ്ടു കാലം ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അമരത്തുമിരുന്നു. മുഅല്ലിം ക്ഷേമനിധിയുടെ ശില്‍പിയായിരുന്നു അദ്ദേഹം. പട്ടിക്കാട് ജാമിഅ നൂരിയ്യ, വെല്ലൂര്‍ ബാഖിയാത്ത്, പൊട്ടച്ചിറ അന്‍വരിയ്യ തുടങ്ങി ഒട്ടേറെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍, വളാഞ്ചേരി മര്‍കസ് സംസ്ഥാപകന്‍, അല്‍ മുഅല്ലിം പത്രാധിപര്‍ തുടങ്ങിയവ ആ പണ്ഡിത പ്രതിഭയുടെ മഹത്വം അടയാളപ്പെടുത്തുന്നു.
എന്റെ വന്ദ്യ പിതാവ് മര്‍ഹും സയ്യിദ് പി.പി തങ്ങളുമായി അഭേദ്യബന്ധവും സൗഹൃദവും അദ്ദേഹത്തിനുണ്ടായിരുന്നു. ആ ആത്മ ബന്ധത്തിന്റെ അലിവുള്ള ഓര്‍മകള്‍ ഇപ്പോഴും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. പിതാവിന്റെയും കെ.കെ ഉസ്താദിന്റെയും നേതൃത്വത്തില്‍ പണിപൂര്‍ത്തിയാക്കിയ ഖാദിരിയ്യ മസ്ജിദില്‍ തന്നെ മറവു ചെയ്യണമെന്നു ഉസ്താദ് പിതാവിനോട് വസിയ്യത്ത് ചെയ്തിരുന്നു. അത്രമേല്‍ സുദൃഢമായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം.
ഹദീസില്‍ വലിയ വ്യുല്‍പത്തി നേടിയ മഹാന്‍ ഹദീസ് വിജ്ഞാനത്തിന്റെ കേരളീയ വിളക്കുമാടം തന്നെയായിരുന്നു. 'ഫത്ഹുല്‍ മുല്‍ഹിം' അദ്ദേഹം രചിച്ച കര്‍മശാസ്ത്ര ഗ്രന്ഥമാണ്. 'സൂറത്തുന്നൂര്‍ പരിഭാഷയും' ആ അനുഗൃഹീത തൂലികയില്‍ വിരചിതമായിട്ടുണ്ട്. ഇസ്‌ലാഹുല്‍ ഉലൂം ഉള്‍പ്പെടെ താനൂരിലും ആ മഹദ് ജീവിതത്തിന്റെ മുദ്രകള്‍ പതിഞ്ഞ ഇടങ്ങളേറെയുണ്ട്. സമസ്തയെന്ന മഹാ പ്രസ്ഥാനത്തിന് പ്രതിസന്ധി ഘട്ടങ്ങളില്‍ ചെറിയ തോതിലൊന്നുമല്ല അദ്ദേഹത്തിന്റെ സഹായം ഉണ്ടായത്. 1957ല്‍, ഇരുപത്തിയേഴാം വയസില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ ഹസ്‌റത്ത് 87ല്‍ സമസ്തയുടെ വൈസ് പ്രസിഡന്റായും 93ല്‍ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന് സമസ്തയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. തന്റെ അന്ത്യം വരേയും ആ മഹത്തായ പദവി അദ്ദേഹം അലങ്കരിക്കുകയായിരുന്നു.
എറണാംകുളം ജില്ലയിലെ വൈപ്പിന്‍ ദീപിലെ എടവനക്കാട് ദേശത്ത് 1929 ഫെബ്രുവരി 20 (1347 റമദാന്‍ 10) ന് ജനിച്ച കെ.കെ ഹസ്‌റത്ത് 1995 ഫെബ്രുവരി അഞ്ചിന് ( 1415 റമദാന്‍ 06) വഫാത്തായി. റമദാനില്‍ ജനിച്ച് റമദാനില്‍ തന്നെ വഫാത്താവുക എന്ന അത്യപൂര്‍വ സൗഭാഗ്യത്തിനുടമയാണ്. പാണ്ഡിത്യത്തിന്റെ കൊടുമുടി താണ്ടിയിട്ടും മഹത് മാതൃകകള്‍ ബാക്കി വച്ച്, നമുക്ക് ആത്മീയ വെളിച്ചമേകി താനൂര്‍ ഖാദിരിയ്യ മസ്ജിദിനു സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."