'അതെനിക്ക് വെളിപ്പെടുത്താനാവില്ല'; പാക് കസ്റ്റഡിയിലും ഉശിരോടെ അഭിനന്ദന്‍
ന്യൂഡല്‍ഹി: പാക് കസ്റ്റഡിയിലും അവരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഉശിരോടെ അഭിനന്ദന്‍ വര്‍ധമാന്‍. അഭിനന്ദിന്റേതായി ഒടുവില്‍ പുറത്തുവന്ന വീഡിയോയില്‍ സൈന്യത്തെക്കുറിച്ചും പറത്തിയ വിമാനത്തെക്കുറിച്ചും ചോദ്യമുയര്‍ന്നപ്പോഴും സധൈര്യം ' എനിക്കത് നിങ്ങളോട് വെളിപ്പെടുത്താനാവില്ല' എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
ഇന്ത്യന്‍ സേനാ സംഘത്തെ പ്രകോപിക്കാനായി അതിര്‍ത്തികടന്നെത്തിയ പാക് എഫ് 16 വിമാനങ്ങളെ തുരത്താനായാണ് ഇന്ത്യയുടെ മിഗ് 21 വിമാനങ്ങള്‍ പറന്നത്. പിന്തുടര്‍ന്ന് നിയന്ത്രണ രേഖയ്ക്ക് സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. പിന്നീട് അഭിനന്ദന്‍ പാക് കസ്റ്റഡിയിലാവുകയുമായിരുന്നു. പാക് കസ്റ്റഡിയിലായ ശേഷം മൂന്ന് വീഡിയോകളാണ് അഭിനന്ദിന്റേതായി പുറത്തുവന്നത്. എന്നാല്‍ ഇത് അഭിനന്ദിന്റേത് തന്നെയാണോ എന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
മുഖത്ത് നിന്ന് ചോരവാര്‍ന്നൊലിക്കുന്ന രീതിയിലുള്ള വീഡിയോയാണ് ആദ്യം പുറത്ത് വിട്ടിരുന്നത്. ശേഷം കൈകാലുകള്‍ കെട്ടിയിട്ട് കണ്ണുകളും മൂടിയ അവസ്ഥയില്‍ അഭിനന്ദന്‍ സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നു.
ചോരയൊലിക്കുന്ന വീഡിയോ പുറത്തുവിട്ട പാകിസ്താന്‍ നടപടി ജനീവ കരാര്‍ ലംഘനമാണെന്ന ഇന്ത്യയുടെ ആരോപണത്തിനു പിന്നാലെ അഭിനന്ദിന്റെ മൂന്നാമത്തെ വീഡിയോയും പുറത്തുവന്നു.
സംഭാഷണത്തിലെ വിവരങ്ങള്‍ ഇപ്രകാരമാണ്.
മേജര്‍: എന്താണ് പേര്?
അഭിനന്ദന്‍: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍
മേജര്‍: താങ്കളോടു ഞങ്ങള്‍ മാന്യമായാണു പെരുമാറിയതെന്നു കരുതുന്നു?
അഭിനന്ദന്‍: അതേ. ഇക്കാര്യം ഞാന്‍ ശരിവയ്ക്കുന്നു. എന്റെ രാജ്യത്തു മടങ്ങിപ്പോകാന്‍ സാധിച്ചാലും ഇതു ഞാന്‍ മാറ്റിപ്പറയില്ല. പാക്കിസ്ഥാന്‍ സേനയിലെ ഓഫിസര്‍മാര്‍ എന്നോടു നന്നായാണു പെരുമാറിയത്. എന്നെ പ്രദേശവാസികളില്‍ നിന്നു രക്ഷിച്ച ക്യാപ്റ്റന്‍ മുതല്‍ ചോദ്യം ചെയ്തവര്‍ വരെ മാന്യമായാണു പെരുമാറിയത്. പാക്ക് സേനയുടെ പെരുമാറ്റത്തില്‍ ഞാന്‍ സന്തുഷ്ടനാണ്.
മേജര്‍: താങ്കള്‍ ഇന്ത്യയില്‍ എവിടെ നിന്നാണ്.
അഭിനന്ദന്‍: അക്കാര്യം ഞാന്‍ താങ്കളോടു പറയേണ്ടതുണ്ടോ? ഞാന്‍ തെക്കന്‍ മേഖലയില്‍ നിന്നുള്ളയാളാണ്.
മേജര്‍: താങ്കള്‍ വിവാഹിതനാണോ?
അഭിനന്ദന്‍:അതേ.
മജര്‍: താങ്കള്‍ക്കു ചായ ഇഷ്ടപ്പെട്ടുവെന്നു കരുതുന്നു.
അഭിനന്ദന്‍: അതേ. നന്ദി.
മേജര്‍: ഏത് വിമാനമാണ് താങ്കള്‍ പറത്തിയിരുന്നത്?
അഭിനന്ദന്‍: ക്ഷമിക്കൂ മേജര്‍. അക്കാര്യം ഞാന്‍ താങ്കളോടു പറയില്ല. തകര്‍ന്നു വീണ വിമാനത്തിന്റെ ഭാഗങ്ങള്‍ താങ്കള്‍ ഇതിനകം കണ്ടെത്തിയിരിക്കുമല്ലോ?
മേജര്‍:എന്തായിരുന്നു താങ്കളുടെ ദൗത്യം?
അഭിനന്ദന്‍: അക്കാര്യം താങ്കളോടു പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല
(വീഡിയോയുടെ ആധികാരികത ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."