നിരോധിത എയര്‍ഹോണ്‍ മുഴക്കി നഗരത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നു
കാക്കനാട്: നിരോധിത എയര്‍ഹോണ്‍ മുഴക്കി നഗരത്തിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നു. കാക്കനാട്, ആലുവ, വൈറ്റില, കളമശ്ശേരി, വൈപ്പിന്‍, മട്ടാഞ്ചേരി തുടങ്ങിയ റൂട്ടുകളിലാണ് സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ അമിത ശബ്ദത്തിലുള്ള ഹോണുകള്‍ മുഴക്കി തലങ്ങുംവിലങ്ങും പായുന്നത്. ഹോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദേശിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പോലും വന്‍ശബ്ദത്തിലുള്ള ഹോണ്‍ മുഴക്കിയാണു പല വാഹനങ്ങളും പായുന്നത്.
ഇതു വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ചില സ്വകാര്യ ബസുകളിലും ലക്ഷ്വറി ബസുകളിലും 125 ഡെസിബല്‍ വരെ ശബ്ദം പുറപ്പെടുവിക്കുന്ന എയര്‍ഹോണുകളാണു ഘടിപ്പിച്ചിട്ടുള്ളത്.
വാഹനങ്ങള്‍ ടെസ്റ്റിനു പോകുമ്പോള്‍ സാധാരണ ഹോണുകള്‍ ആയിരിക്കും അവയില്‍ സ്ഥാപിച്ചിട്ടുണ്ടായിരിക്കുക. ടെസ്റ്റ് കഴിഞ്ഞു വന്നാല്‍ അവ അഴിച്ചുമാറ്റി വന്‍ ശബ്ദം പുറപ്പെടുവിക്കുന്ന തരം ഹോണുകള്‍ ഘടിപ്പിക്കുകയാണു ചെയ്യുന്നത്. ദൂരയാത്ര ചെയ്യുന്ന സ്വകാര്യ ബസുകളിലെ യാത്രക്കാരാണു ശബ്ദമലിനീകരണത്തിന്റ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. മറ്റു വാഹനങ്ങളും വളവുകളും ഇല്ലാത്ത റോഡുകളില്‍ പോലും അമിത വേഗത്തിലും വലിയ ശബ്ദത്തിലുമുള്ള ഹോണും മുഴക്കിയാണ് മിക്ക ബസുകളുടെയും യാത്ര.
ചില സ്വകാര്യ ബസുകളിലാകട്ടെ ഉയര്‍ന്ന ഹോണ്‍ ശബ്ദത്തിനു പുറമെ അത്യുച്ചത്തില്‍ വയ്ക്കുന്ന സംഗീതവും കാരണം പലപ്പോഴും യാത്രക്കാര്‍ സഹികെടുകയാണ്. ഹൈക്കോടതിയും സര്‍ക്കാരും വാഹനങ്ങളില്‍ എയര്‍ഹോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. പൊലിസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതി കര്‍ശന നടപടിയെടുക്കാന്‍ തയാറാകാത്തതിനാലാണ് നിയമ ലംഘനം വര്‍ധിക്കുന്നതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ ഹോണുകള്‍ ഉള്‍പ്പെടെ ഡെസിബെല്‍ കൂടിയ ഹോണുകള്‍ ചെറിയ വാഹനങ്ങളില്‍പോലും ഉപയോഗിക്കുന്നുണ്ട്.
നഗരത്തിലും മറ്റും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പെടുമ്പോള്‍ പിന്നാലെ എത്തുന്ന ചില സ്വകാര്യ ബസുകളും കാറുകളും ഓട്ടോറിക്ഷകളും വരെ അമിത ശബ്ദത്തിലുള്ള ഹോണുകള്‍ മുഴക്കി ജനങ്ങളുടെ സൈ്വരം കെടുത്തുകയാണ്. വഴിയരികിലെ കടകളില്‍ നില്‍ക്കുന്ന ജനങ്ങളെക്കുറിച്ചോ കാല്‍നടയാത്രക്കാരെക്കുറിച്ചോ യാതൊരു ശ്രദ്ധയുമില്ലാതെയാണ് ഇക്കൂട്ടരുടെ പാച്ചില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."