ചെല്‍സി വിജയപാതയില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ ചെല്‍സി, ആഴ്‌സണല്‍, ടോട്ടനം ടീമുകള്‍ക്ക് ജയം. എന്നാല്‍ ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങി. ചെല്‍സി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയപ്പോള്‍ ആഴ്‌സണല്‍ എതിരില്ലാത്ത മൂന്നു ഗോളിന് വെസ്റ്റ്ഹാമിനെയും ടോട്ടനം ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് സ്വാന്‍സിയെയും പരാജയപ്പെടുത്തി. അതേസമയം ലിവര്‍പൂളിനെ 2-2ന് ബേണ്‍മൗത്ത് സമനിലയില്‍ കുരുക്കി.
കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് ചെല്‍സി പുറത്തെടുത്തത്. ഏദന്‍ ഹസാര്‍ദിന്റെ ഇരട്ട ഗോളുകളാണ് ടീമിന് ജയമൊരുക്കിയത്. ഇതോടെ 30 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചെല്‍സി. രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തേക്കാള്‍ ഏഴു പോയിന്റിന്റെ വ്യത്യാസമുണ്ട് ചെല്‍സിക്ക്. മത്സരത്തില്‍ 10ാം മിനുട്ടില്‍ തന്നെ ചെല്‍സി മുന്നിലെത്തി.
പെഡ്രോ ഒരുക്കിയ പാസില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്. 26ാം മിനുട്ടില്‍ അഗ്യെറോയിലൂടെ സിറ്റി തിരിച്ചടിച്ചു. ചെല്‍സി ഗോള്‍കീപ്പര്‍ തിബറ്റ് കോര്‍ട്ടോയിസിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. 35ാം മിനുട്ടില്‍ ഹസാര്‍ദ് ടീമിന്റെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ ഇതിന് സിറ്റിക്ക് മറുപടിയില്ലായിരുന്നു.
വെസ്റ്റ്ഹാമിനെതിരേ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ആഴ്‌സണല്‍ മൂന്നു ഗോളുകളും നേടിയത്. മെസുറ്റ് ഒസില്‍, തിയോ വാല്‍ക്കോട്ട്, ഒലിവര്‍ ജിറൂദ് എന്നിവര്‍ ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തു. മത്സരത്തില്‍ ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കാനും ഒസിലിന് സാധിച്ചു.
സ്വാന്‍സിക്കെതിരേ ഡെല്ലെ അല്ലി, ഹ്യൂങ് മിന്‍ സോന്‍, ക്രിസ്റ്റ്യന്‍ എറിക്‌സന്‍ എന്നിവര്‍ ടോട്ടനത്തിനായി സ്‌കോര്‍ ചെയ്തു. ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു ടോട്ടനം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചത്. റൂട്ട്‌ലെഡ്ജായിരുന്നു സ്വാന്‍സിയുടെ സ്‌കോറര്‍. അവസാന മൂന്നു മിനുട്ടുകളിലാണ് ടോട്ടനത്തിന്റെ മൂന്നു ഗോളും പിറന്നത്.
ബേണ്‍മൗത്തിനെതിരേ ഫിലിപ്പ് കുട്ടീഞ്ഞോ, ഒറിഗി എന്നിവര്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചെങ്കിലും ബെനിക് അഫോബെ, ജോഷ്വാ കിങ് എന്നിവരുടെ മികവില്‍ സമനില പിടിക്കുകയായിരുന്നു ബേണ്‍മൗത്ത്. മറ്റു മത്സരങ്ങളില്‍ ഹള്‍ സിറ്റി രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് മിഡില്‍സ് ബ്രോയെയും സതാംപ്ടന്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെയും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."