ആദിവാസികളെ ആട്ടിപ്പായിക്കാനുള്ള ഉത്തരവിന് സ്റ്റേ
ന്യൂഡല്‍ഹി: 11 ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ വനപ്രദേശത്ത് നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. ആദിവാസികളുടെ അപേക്ഷകള്‍ നിരസിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ചാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. നാലു മാസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ ഈ രേഖകള്‍ സമര്‍പ്പിക്കണം.
അതുവരെ ഫെബ്രുവരി 13ലെ ഉത്തരവ് നടപ്പാക്കേണ്ടതില്ല. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി നടപടി. വനാവകാശ നിയമം കൊണ്ടുവന്നപ്പോള്‍ അതില്‍ വനത്തില്‍ താമസിക്കാന്‍ അവകാശമുള്ള വിഭാഗങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിനായുള്ള അപേക്ഷ സ്വീകരിക്കുകയും കേരളം ഉള്‍പ്പടെയുള്ള 14 സംസ്ഥാനങ്ങളില്‍ നിന്നായി 11,27,446 കുടുംബങ്ങളുടെ അപേക്ഷകള്‍ തള്ളുകയുമായിരുന്നു. അപേക്ഷ നിരസിക്കപ്പെട്ടവരെ ജൂലൈ 27 നു മുന്‍പ് പുറത്താക്കാനാണ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാബാനര്‍ജി എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഫെബ്രുവരി 13ന് ഉത്തരവിട്ടിരുന്നത്. ഇതു പ്രകാരം അപേക്ഷ നിരസിക്കപ്പെട്ടവരൊക്കെ വനത്തിലെ അനധികൃത താമസക്കാരായാണ് കണക്കാക്കുക.
കോടതിയുത്തരവ് വിവാദമാവുകയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാനൊരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. കേസ് സുപ്രിംകോടതിയുടെ വിവിധ ബെഞ്ചുകളിലായി വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നുണ്ടായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ കാര്യമായ താല്‍പര്യമെടുക്കുകയോ കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകുകയോ എതിര്‍പ്പുന്നയിക്കുകയോ ചെയ്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."