ലോറി സമരം സാധാരണക്കാരന് ഇരുട്ടടി
ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വര്‍ധനവില്‍ പ്രതിഷേധിച്ചു ദക്ഷിണേന്ത്യയില്‍ നടത്തിവരുന്ന ചരക്കുലോറി സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടാകാത്തതു പ്രതിഷേധാര്‍ഹമാണ്. പൊതുവെ വിലക്കയറ്റംകൊണ്ട് വീര്‍പ്പുമുട്ടുന്ന ഉപഭോക്തൃസംസ്ഥാനമായ കേരളീയര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണു ലോറി സമരം.
ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിന് ഇനിയും സമരം നീളുകയാണെങ്കില്‍ കനത്ത ആഘാതമായിരിക്കും ഉണ്ടാവുക. ഈസ്റ്ററും വിഷുവും വിളിപ്പാടകലെ എത്തിനില്‍ക്കുന്ന വേളയില്‍ സമരം അനന്തമായി നീളുന്നതു വിലക്കയറ്റം രൂക്ഷമാക്കാന്‍ മാത്രമേ ഉപകരിക്കൂ. കഴിഞ്ഞദിവസം ഹൈദരാബാദില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാനാണു ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
വാളയാര്‍ അടക്കമുള്ള എല്ലാ ചെക്ക്‌പോസ്റ്റുകളിലും കഴിഞ്ഞദിവസം മുതല്‍ ചരക്കുലോറികള്‍ തടഞ്ഞുകൊണ്ടിരിക്കുകയാണു സംസ്ഥാന ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍. നിലവില്‍ കേരളത്തില്‍നിന്നു പുറത്തേക്കും കേരളത്തിലേക്കുമുള്ള ചരക്കുഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. എല്‍.പി.ജി ടാങ്കര്‍ ഉടമകളും ലോറിസമരത്തില്‍ പങ്കെടുത്തതോടെ പാചകവാതക നീക്കത്തിലും സ്തംഭനം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കര്‍ണാടക-തമിഴ്‌നാട് പച്ചക്കറിലോറികള്‍ മുടങ്ങിയതോടെ പച്ചക്കറിവില കുത്തനെ കയറിക്കൊണ്ടിരിക്കുന്നു.
കെട്ടിടനിര്‍മാണസാമഗ്രികളും സിമന്റും കൊണ്ടുവരുന്ന ലോറികളും സമരത്തില്‍ പങ്കെടുത്തതോടെ നിര്‍മാണമേഖലയും സ്തംഭിച്ചിരിക്കുകയാണ്. വല്ലാര്‍പാടത്തുനിന്നു ലോഡ് എടുക്കേണ്ടെന്നു കണ്ടെയ്‌നര്‍ ഉടമകള്‍ തീരുമാനിച്ചതോടെ അവിടെനിന്നുള്ള ചരക്കുഗതാഗതവും നിലച്ചിരിക്കുന്നു. സമരത്തില്‍ പങ്കെടുക്കാത്ത ലോറികളെ വാളയാറില്‍ സമരാനുകൂലികള്‍ തടഞ്ഞിടുന്നതു കാരണം ഗതാഗത തടസ്സത്തോടൊപ്പം ചരക്കുനീക്കവും ഇല്ലാതായിരിക്കുകയാണ്.
ഹൈദരാബാദില്‍ സൗത്ത് സോണ്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സമരം ശക്തിപ്പെടുത്താന്‍ ലോറി ഉടമകള്‍ തീരുമാനിച്ചത്. ഇതിന്റെ കെടുതികള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടതു ഭക്ഷ്യവസ്തുക്കളടക്കമുള്ള സാധനസാമഗ്രികള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട കേരള ജനതയാണ്.
സമരം ഒരാഴ്ച പിന്നിട്ടിട്ടും സമരത്തിന്റെ ആഘാതം ഏറ്റവുമധികം ഏല്‍ക്കേണ്ടിവരുന്നത് കേരളത്തിനാണെന്ന് അറിഞ്ഞിട്ടും സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നു സമരം അവസാനിപ്പിക്കാന്‍ തക്കവണ്ണം ഒരു നീക്കവുമുണ്ടാകുന്നില്ല. സര്‍ക്കാര്‍ ഇങ്ങനെയൊരു സമരം രാജ്യത്തു നടക്കുന്നതുപോലും അറിയാത്ത മട്ടിലാണു പെരുമാറുന്നത്.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണു സമരത്തില്‍ മുന്‍പന്തിയിലുള്ളത്. മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങളില്‍നിന്നു വരുന്ന ലോറികള്‍ സമരാനുകൂലികള്‍ വഴിയില്‍ തടഞ്ഞിടുകയാണ്. ലോറികളടക്കമുള്ള നാലുചക്രവാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ അമ്പതുശതമാനം വര്‍ധനവാണു കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണു സര്‍ക്കാര്‍ വര്‍ധനവു വരുത്തിക്കൊണ്ടിരിക്കുന്നത്. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണിത്.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും പാലിക്കാന്‍ കഴിയില്ല. നിരത്തുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ചരക്കുവാഹനങ്ങളില്‍ അഞ്ചുലക്ഷത്തോളം വരുന്നവ 15 വര്‍ഷം കഴിഞ്ഞതാണ്. ഇവയെല്ലാം വാഹന ഉടമകള്‍ എന്തു ചെയ്യണമെന്നാണു സര്‍ക്കാര്‍ പറയുന്നത്? സര്‍ക്കാര്‍ കൊണ്ടുവരുന്ന അമിത നികുതിഭാരവും ഇന്‍ഷുറന്‍സ് പ്രീമിയം തുകയിലെ ക്രമാതീതമായ വര്‍ധനവും ആര്‍.ടി ഓഫിസുകളിലെ ഫീസ് വര്‍ധനയും അവസാനം വഹിക്കാന്‍ വിധിക്കപ്പെടുക സാധാരണക്കാരനായിരിക്കും. വര്‍ധിപ്പിച്ച പ്രീമിയം തുക കണ്ടെത്താന്‍ ലോറി ഉടമകള്‍ അവരുടെ ചരക്കുകൂലി വര്‍ധിപ്പിക്കും.
അതോടെ സാധനവിലയും ഉയരും. ഏതൊരു പരിഷ്‌കരണവും സാധാരണക്കാരനു പ്രഹരമായിത്തീരുന്ന ദുരന്തമാണു നരേന്ദ്രമോദി ഭരണത്തില്‍ കണ്ടുവരുന്നത്. സംസ്ഥാനസര്‍ക്കാരാകട്ടെ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍പോലും തയാറല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."