അശ്വാരൂഢ സേനയെ തീറ്റിക്കാന്‍ 56 ലക്ഷം സര്‍ക്കാര്‍ അനുമതി തേടാത്തതിന് ഡി.ജി.പിക്ക് വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാന പൊലിസ് സേനക്കു കീഴിലുള്ള അശ്വാരൂഢ സേനയിലെ കുതിരകള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിച്ചത് 56 ലക്ഷം രൂപ. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുതി തേടാതെ ഇത്രയും തുക ചെലവഴിച്ച ശേഷമാണ് തുക അനുദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി സര്‍ക്കാരിന് കത്തയച്ചത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്.
സംസ്ഥാന പൊലിസ് വകുപ്പിലെ പര്‍ച്ചേസുകളില്‍ വന്‍ ക്രമക്കേടും ഒത്തുകളിയും നടത്തിയെന്നുള്ള സി.എ.ജി റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ സ്റ്റോഴ്‌സ് പര്‍ച്ചേസ് മാനുവലും കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും പൊലിസ് വകുപ്പ് ലംഘിച്ചുവെന്നും വിമര്‍ശിച്ചിരുന്നു. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതില്‍ പൊലിസ് വകുപ്പിലെ ഓഫസര്‍മാരും വില്‍പ്പനക്കാരും കെല്‍ട്രോണും തമ്മില്‍ അവിശുദ്ധബന്ധം പുലര്‍ത്തിയിരുന്നതായി സി.എ.ജി.ഒഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ പൊലിസ് വകുപ്പിനെതിരേ സി.എ.ജി ഉന്നയിച്ചതിനു ശേഷവും പര്‍ച്ചേസുകളുടെ കാര്യത്തില്‍ നടപടിക്രമം പാലിക്കാന്‍ പൊലിസ് വകുപ്പ് തയാറായിട്ടില്ലെന്നാണ് അശ്വാരൂഡ സേനയിലെ ഈ നടപടിയിലൂടെയും തെളിയുന്നത്.
അശ്വാരൂഢ സേനയിലെ 25 കുതിരകള്‍ക്കായി 2019-20ല്‍ 56,88,235 രൂപയാണ് ഭക്ഷണം വാങ്ങുന്നതിനായി ചെലവഴിച്ചത്. തിരുവനന്തപുരത്ത് പ്ലാമൂട്ടുക്കടയിലെ പൊന്നു ഏജന്‍സീസ് എന്ന സ്ഥാപനത്തിന് പ്രത്യേകിച്ച് ടെണ്ടര്‍ നടപടികളൊന്നും കൂടാതെയാണ് പൊലിസ് കുതിരകള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള ചുമതല ഏല്‍പ്പിച്ചത്. പൊലിസിലെ ഒരു ഉന്നതന്റെ മകന്റെ സ്ഥാപനമാണിതെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ അനുമതി പ്രതീക്ഷിച്ചുകൊണ്ടാണ് ഈ സ്ഥാപനത്തെ ചുമതല ഏല്‍പ്പിച്ചതെന്ന് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."