ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തിലെന്ന് മന്ത്രി; അല്ലെന്ന് ബിജിമോള്‍
തൊടുപുഴ: പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ കൊവിഡ് നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.എം മണി. എന്നാല്‍ താന്‍ നിരീക്ഷണത്തിലല്ലെന്ന് ഫേസ്ബുക്ക് ലൈവില്‍ എം.എല്‍.എ വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച വിവാദം പുകയുന്നു.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ ബിജിമോള്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഏലപ്പാറ പി.എച്ച്.സിയിലെ ഡോക്ടറും പങ്കെടുത്തിരുന്നു. ഡോക്ടര്‍ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചതോടെ എം.എല്‍.എ പിന്നീട് പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. അന്വേഷണത്തില്‍ അവര്‍ സ്വയം വീട്ടില്‍ നിരീക്ഷണത്തില്‍ പോയതായി വിവരം ലഭിച്ചതായി ജില്ലാ കലക്ടറും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
ഇന്നലെ കലക്ടറേറ്റില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് മന്ത്രി മണി ഇക്കാര്യം സൂചിപ്പിച്ചത്. പങ്കെടുക്കുന്നവരുടെ പേര് വായിക്കുന്ന ശൈലി മണിക്കുണ്ട്. ഇങ്ങനെ വായിക്കുന്നതിനിടെയാണ് എം.എല്‍.എ എത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് വിവരമെന്നും മന്ത്രി പറഞ്ഞത്. ഇത് ചാനലുകള്‍ പുറത്തുവിട്ടതോടെ സ്വന്തം ഫേസ്ബുക്ക് പേജില്‍ ലൈവിലെത്തി എം.എല്‍.എ ഇതു നിഷേധിക്കുകയായിരുന്നു.
അതേസമയം ബിജിമോള്‍ പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന തഹസില്‍ദാര്‍ ഇന്നലെ കലക്ടറേറ്റില്‍ നടന്ന യോഗത്തിലും പങ്കെടുത്തു. മന്ത്രി മണി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ബിജിമോള്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."