ഗെയ്ല് തകര്‍ത്താടി; പക്ഷേ ജയം ഇംഗ്ലണ്ടിന്
ഗ്രനഡ: ക്രിസ് ഗെയ്ലിന്റെ (162) ഒറ്റയാള്‍ പോരാട്ടത്തിനും വിന്‍ഡീസിനെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ട് ഉയര്‍ത്തിയ 419 എന്ന കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റ് ചെയ്ത വിന്‍ഡീസിനായി ഗെയ്ല് തകര്‍ത്താടിയെങ്കിലും ടീമിന് ജയിക്കാനായില്ല. 389 റണ്‍സില്‍ വിന്‍ഡീസ് പുറത്തായി. പക്ഷേ ഗെയ്ല് മറ്റു രണ്ട് നേട്ടങ്ങള്‍ ഈ മത്സരത്തില്‍ കൊയ്തു. ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചു. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിന മത്സരത്തില്‍ 162 റണ്‍സടിച്ചാണ് ഗെയ്ല് നേട്ടം സ്വന്തമാക്കിയത്. തന്റെ 25ാം സെഞ്ചുറി തികച്ച താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്സര്‍ എന്ന നേട്ടം മറികടക്കുന്ന ആദ്യ കളിക്കാരന് കൂടിയായി. 92 പന്തില്‍ നിന്നാണ് ഗെയ്ലിന്റെ 162 റണ്‍സ്. മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന് ഏകദിനത്തില്‍ 6,000 റണ്‍സ് മറികടന്നിരുന്നു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലീഷ് ബാറ്റ്സ്മാന് ആണ് മോര്ഗന്. 88 പന്തില്‍ മോര്ഗന് 103 റണ്‍സ് സ്വന്തമാക്കി. ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിക്കാനൊരുങ്ങുന്ന ഗെയ്ല് ഇതുവരെയായി 300 സിക്സറുകളിലധികം നേടിക്കഴിഞ്ഞു. ഏകദിന ക്രിക്കറ്റില്‍ മൂന്നൂറോ അതിലധികമോ സിക്സറുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ഗെയ്ല്. പാക് കളിക്കാരന് ഷാഹിദ് അഫ്രീദിയാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയത്. അഫ്രീദി 351 സിക്സറുകള്‍ നേടിയിട്ടുണ്ട്.നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സാണ് വാരിക്കൂട്ടിയത്. മറുപടിയില്‍ വിന്‍ഡീസും ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും 48 ഓവറില്‍ 389ന് പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. ഇംഗ്ലണ്ടിനായി ജോസ് ബട്ലറും (150) സെഞ്ചുറി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."