രാജസ്ഥാനില്‍ കൊല്ലപ്പെട്ടത് ക്ഷീരകര്‍ഷകന്‍
ന്യൂഡല്‍ഹി: നല്ല പാലുള്ള എരുമകളെ വാങ്ങുന്നതിനു വേണ്ടിയാണ് ജയ്പൂരിലേക്കു ട്രക്ക് പിടിച്ച് പെഹ്‌ലുഖാന്‍ (55) പോയത്. ഡല്‍ഹിയില്‍നിന്ന് 92 കിലോമീറ്റര്‍ അകലെ മേവാത്തിലെ ജയ്‌സിങ്പൂര്‍ ഗ്രാമത്തില്‍ ചെറിയ ഫാമിന്റെ ഉടമയായ പെഹ്‌ലു, തന്റെ ഫാമിലേക്ക് നല്ല പാലുള്ള എരുമകളെ വാങ്ങി റമദാനില്‍ കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതിനുവേണ്ടിയാണ് വെള്ളിയാഴ്ച 240 കിലോമീറ്റര്‍ അപ്പുറമുള്ള ജയ്പൂരില്‍ നടക്കുന്ന കന്നുകാലി മേളയ്ക്ക് അദ്ദേഹം പുറപ്പെട്ടത്.
എന്നാല്‍ മേളയിലെ ഒരുവ്യാപാരി നല്ലപാലുള്ള പശുവിനെ കാണിച്ചുകൊടുത്ത് പെഹ്‌ലുവിന്റെ മുന്നില്‍വച്ച് തന്നെ അതിനെ കറക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ 12 ലിറ്റര്‍ പാല്‍ ലഭിച്ചതോടെ എരുമയെ വാങ്ങുകയെന്ന ഉദ്ദേശം മാറ്റി അദ്ദേഹം പശുവിനെ വാങ്ങാന്‍ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ വില വളരെ വലുതായിരുന്നു. വഴിക്കുവച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പെഹ്‌ലു സഞ്ചരിച്ച ട്രക്ക് തടഞ്ഞുനിര്‍ത്തി അദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന നാലുപേരെയും ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിനൊടുവില്‍ പെഹ്‌ലുഖാന്‍ മരിച്ചു.
''ആ തീരുമാനം എന്റെ ഉപ്പയുടെ ജീവനെടുത്തു''-ഖാന്റെ 24കാരനായ മകന്‍ ഇര്‍ഷാദ് പറഞ്ഞു. ഗോരക്ഷാപ്രവര്‍ത്തകര്‍ ഖാനെ മര്‍ദിക്കുമ്പോള്‍ ഇര്‍ഷാദും സഹോദരന്‍ ആരിഫും വാഹനത്തിലുണ്ടായിരുന്നു. ഉപ്പ കയറിയിരുന്ന ട്രക്കില്‍ രണ്ടുപശുക്കളും രണ്ടുപശുക്കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ ട്രക്കില്‍ മൂന്നു പശുക്കളും കുട്ടികളുമുണ്ടായിരുന്നു. വൈകിട്ടോടെ അല്‍വാര്‍ ദേശീയപാതയില്‍വച്ച് വടികളും കല്ലുകളുമായി വലിയൊരു സംഘം ട്രക്ക് തടഞ്ഞു. കാരണം പെട്ടെന്നു മനസിലായില്ല. വാഹനം തടഞ്ഞുനിര്‍ത്തിയ ഉടന്‍ എല്ലാവരോടും പേരുചോദിച്ചു.
ഡ്രൈവര്‍ അര്‍ജുനനോട് ഓടിപ്പോകാന്‍ ആവശ്യപ്പെട്ട ശേഷം ഉപ്പയെയും എന്നെയും സഹോദരന്‍ ആരിഫിനെയും കൂടെയുണ്ടായിരുന്ന റഫീഖ്, അസ്മത്ത് എന്നിവരെയും സംഘം ആക്രമിക്കാന്‍ തുടങ്ങി. അരമണിക്കൂര്‍ കഴിഞ്ഞാണ് പൊലിസ് എത്തിയതെന്നും ഇര്‍ഷാദ് പറഞ്ഞു. ട്രക്കിലുണ്ടായിരുന്ന പെഹ്‌ലുവിനും മക്കള്‍ക്കുമെതിരേ അനധികൃതമായി പശുക്കളെ കടത്തിയെന്ന കുറ്റംചുമത്തി കേസെടുത്തിട്ടുണ്ട്.
ഗോരക്ഷാസംഘത്തിന്റെ പരാതി പ്രകാരമാണ് കേസ്. പെഹ്‌ലുവിന്റെ കൈയില്‍ റസിപ്‌റ്റോ രേഖകളോ ഇല്ലെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍ ജയ്പൂര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നല്‍കിയ രേഖകള്‍ ഇര്‍ഷാദ് മധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പാകെ കാണിച്ചു. 45,000 രൂപയ്ക്കാണ് പശുക്കളെ വാങ്ങിയതെന്നും പക്ഷേ എന്തിനാണ് പൊലിസ് കേസെടുത്തതെന്ന് അറിയില്ലെന്നും ഇര്‍ഷാദ് പറഞ്ഞു.
ഗോരക്ഷാ സംഘം ഇവരുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതിനു പുറമെ കൈവശമുണ്ടായിരുന്ന ഒരുലക്ഷത്തിലേറെ രൂപയും മൊബൈല്‍ഫോണുകളും അപഹരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അജ്ഞാതരായ 200ഓളം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും ആക്രമണത്തിനു നേതൃത്വം നല്‍കിയ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ ഇതുവരെ പിടികൂടിയിട്ടില്ല. പെഹ്‌ലുവിനെ പശുക്കടത്തുകാരനായി വിശേഷിപ്പിച്ച് ആക്രമണത്തെ ന്യായീകരിക്കുകയായിരുന്നു കഴിഞ്ഞദിവസം രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയ ചെയ്തത്.
പെഹ്‌ലു ആക്രമിക്കപ്പെടും മുന്‍പുതന്നെ ഇതുവഴി കന്നുകാലികളുമായി വരുന്ന ട്രക്കുകളെല്ലാം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഈ സമയത്തെല്ലാം അവിടെ ഹോംഗാര്‍ഡുകളും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഒരുതവണ പൊലിസ് എത്തി ട്രക്കില്‍ കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന 11 പേരെ ബജ്‌റംഗ്ദളുകാരുടെ ആക്രമണത്തില്‍നിന്ന് 'രക്ഷിച്ചു' ജയിലിലടക്കുകയും ചെയ്തു.
പെഹ്‌ലുവിന്റെ ഗ്രാമായ ജൈസിങ്പൂറില്‍ അദ്ദേഹത്തിന്റേതടക്കം പത്തോളം ഫാമുകളാണുള്ളത്. ഇതില്‍ പെഹ്‌ലുവും മറ്റു മൂന്ന് ഫാം ഉടമസ്ഥരുമാണ് ജയ്പൂരിലേക്ക് പോയത്. കൂട്ടത്തില്‍ ഗ്രാമത്തിലെ ഏറ്റവും വലിയ ഫാമിന്റെ ഉടമയായ സാക്കിര്‍ ഖാനും ഉണ്ടായിരുന്നു.
പെഹ്‌ലുവിനുനേര്‍ക്കുണ്ടായ ആക്രമണം നടന്ന് 45 മിനിറ്റിനുശേഷമാണ് സംഭവസ്ഥലത്ത് സാക്കിര്‍ ഖാന്‍ എത്തിയത്. അപ്പോഴേക്കും അവിടെ 200ഓളം ആളുകള്‍ തടിച്ചുകൂടിനില്‍ക്കുന്നതും രണ്ട് ട്രക്കുകള്‍ തകര്‍ക്കപ്പെട്ടതും കണ്ടതോടെ അപകടം മനസിലാക്കിയ താന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് സാക്കിര്‍ പറഞ്ഞു.
മുന്‍പും പലതവണ പെഹ്‌ലുവിനൊപ്പം കന്നുകാലികളെ വാങ്ങാന്‍ ജയ്പൂരില്‍ പോയിട്ടുണ്ടെന്നും സാക്കിര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."