കിം ജോങ് ഉന്‍ കാണാമറയത്തുതന്നെ! എല്ലാം തനിക്കറിയാമെന്ന് ട്രംപ്
സിയോള്‍: കൊവിഡ് ഭീതിയും വിവാദവും നിലനില്‍ക്കേ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെക്കുറിച്ച് വിവരമില്ല. അദ്ദേഹം മരിച്ചെന്നുവരെ ഊഹോപോഹങ്ങളുയര്‍ന്നെങ്കിലും ആരോഗ്യവാനായിരിക്കുന്നെന്നാണ് കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയടക്കം പ്രതികരിച്ചത്. എന്നാല്‍, വിഷയത്തില്‍ ഉത്തരകൊറിയ പ്രതികരിച്ചിട്ടുമില്ല.
ഉത്തരകൊറിയയില്‍ കൊവിഡ് വ്യാപനം ഉണ്ടാകാമെന്നും അതിനാലായിരിക്കാം കിം ജോങ് ഉന്‍ പൊതുപരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്നുമാണ് ഇന്നലെ ദക്ഷിണ കൊറിയന്‍ അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, രാജ്യത്ത് കൊവിഡ് ബാധ ഇല്ലെന്നായിരുന്നു നേരത്തേതന്നെ ഉത്തരകൊറിയയുടെ അവകാശവാദം. ഇതില്‍ സംശയമുയരുകയും അവിടെ കൊവിഡ് ബാധിച്ചവരെ വെടിവച്ചു കൊല്ലുന്നെന്ന വാര്‍ത്ത പ്രചരിക്കുകയും ചെയ്തിരുന്നു.
കിമ്മിന് ആരോഗ്യപ്രശ്‌നങ്ങളിലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്നലെ മാധ്യമങ്ങളെ കണ്ട ട്രംപ്, എല്ലാം തനിക്കറിയാമെന്നാണ് പറഞ്ഞത്.
കിമ്മിന്റെ നിലവിലെ പ്രവൃത്തിയും അവസ്ഥയും തനിക്കറിയാമെന്നു വ്യക്തമാക്കിയ അദ്ദേഹം പക്ഷേ, കൂടുതലൊന്നും പറഞ്ഞതുമില്ല. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും വിഷയത്തില്‍ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഇന്നലെ വ്യക്തമാക്കി.
നേരത്തെ, രാജ്യത്തിന്റെ സ്ഥാപകദിനമടക്കം പ്രധാനപരിപാടികളില്‍ കിം ജോങ് ഉന്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് സംശയങ്ങളുയര്‍ന്നിരുന്നത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ കഴിഞ്ഞതായും വാര്‍ത്തയുണ്ടായിരുന്നു. കിമ്മിന്റെ കാലശേഷം സഹോദരിയാണ് രാജ്യം ഭരിക്കാന്‍ സാധ്യതയെന്നതടക്കം പ്രചരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."