ഋഷിരാജ് സിങ്ങിന് വാടകക്ക് വീട് അന്വേഷിച്ചതാണ് ചാരക്കേസിന്റെ തുടക്കം: സെന്‍കുമാര്‍
കൊല്ലം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സത്യം മൂടിവയ്ക്കപ്പെട്ടെന്നും പൊലിസ് ഉദ്യോഗസ്ഥനായിരുന്ന ഋഷിരാജ്‌സിങ്ങിന് വാടകക്ക് വീട് അന്വേഷിച്ചതാണ് ചാരക്കേസിന്റെ തുടക്കമെന്നും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. കൊല്ലം പ്രസ്‌ക്ലബിന്റെ സ്ഥാപകാംഗം പി.കെ തമ്പിയുടെ ചരമ വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഋഷിരാജ്‌സിങ്ങിന് വീടന്വേഷിച്ചപ്പോള്‍ പ്രദേശത്തെ മിക്ക വീടുകളും മാലിക്കാര്‍ വാടകക്ക് എടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം സി.ഐ വിജയനെ ഇതിന്റെ കാരണം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച അന്വേഷണത്തിനിടയിലാണ് പൊലിസ് മറിയം റഷീദയുടെ വീട്ടിലെത്തിയത്. റഷീദയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതാണ് അന്വേഷണം തിരിച്ചുവിട്ടത്. എന്നാല്‍ 1994ല്‍ ക്രയോജനിക് സാങ്കേതികവിദ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതാണ് ചാരക്കേസ് എന്നു പറയുന്നതില്‍ കാര്യമില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. 1994ല്‍ ഇന്ത്യക്ക് ക്രയോജനിക് സങ്കേതിവിദ്യ വശമില്ലാതിരുന്നതിനാല്‍ ഈ വാദം ശരിയല്ല. ഇതിന്റെ സത്യാവസ്ഥ മാധ്യമങ്ങള്‍ കണ്ടെത്തണം.
ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മാധ്യമങ്ങളാണ് മുഖ്യ പ്രതിപക്ഷം. ഭരണം നിലനിര്‍ത്തുന്ന ഏജന്‍സികളാണ് പൊലിസ്. അന്നും ഇന്നും എന്നും പൊലിസിന് പ്രിയമുണ്ട്. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അന്ന് അദ്ദേഹത്തിന് കിട്ടുന്ന നിവേദനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുണ്ടായിരുന്നത് പൊലിസ് സ്‌റ്റേഷനുവേണ്ടിയായിരുന്നു. നീതിയും നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൊലിസിന് കഴിയണം. റൂള്‍ ഓഫ് ലോ നോക്കിയാല്‍ പൊലിസിന് ഒരു കുഴപ്പവുംവരില്ല. പൗരന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. അതിന് പകരം സ്പൂണ്‍ ഫീഡിങ് നടത്തിയാല്‍ പരിഹാരമാകില്ല. കൂടുതല്‍ പറഞ്ഞാല്‍ എപ്പോഴാണ് തനിക്കെതിരെ കേസ് വരുന്നതെന്ന് അറിയില്ല. വ്യക്തിപരമായി സര്‍ക്കാരില്‍നിന്നു ദുരനുഭവം നേരിട്ടൊരു ഉദ്യോഗസ്ഥനായിരുന്നു താനെന്ന് സെന്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെരുമ്പാവൂര്‍ കേസ് തെളിയിക്കപ്പെടാതിരിക്കാന്‍ കാരണം വ്യക്തമായ തെളിവ് ലഭിക്കാതിരുന്നതുകൊണ്ടാണ്. കൂടാതെ അന്ന് തെരഞ്ഞെടുപ്പ് കാലമായിരുന്നു. കൃത്രിമമായി തെളിവ് ശേഖരിക്കുന്നതിലല്ല കാര്യം. ഇന്ന് ഏതെങ്കിലും കേസ് ഉണ്ടായാല്‍ ഉടന്‍ പ്രതിയെ പിടിച്ചില്ലേയെന്നാണ് ചോദ്യം. എന്നാല്‍ വ്യക്തമായ തെളിവില്ലാതെ പ്രതിയെ പിടിച്ചാല്‍ കേസില്‍ പ്രതി ശിക്ഷിക്കപ്പെടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ കേസിനെ ജയ കേസ് എന്നാണ് താന്‍ പറയുക. കാരണം യഥാര്‍ഥ പേരുപറഞ്ഞാല്‍ തനിക്കെതിരേ കേസുണ്ടാകും. എങ്ങനെ തനിക്കെതിരേ കേസെടുക്കണമെന്നാണ് നോട്ടമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണം മുന്‍മന്ത്രി സി.വി പത്മരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷനായി. സൂര്യാ രാജേഷ്, പ്രസ്‌ക്ലബ് സെക്രട്ടറി ജി. ബിജു, ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."