കൊവിഡ് പോരാട്ടത്തിന്റെ തലച്ചോര്‍ ഇന്ദ്രപ്രസ്ഥത്തിലെ ഈ വാര്‍ റൂം
ന്യൂഡല്‍ഹി: രാജ്യമെമ്പാടും കൊവിഡിനെതിരായ പോരാട്ടത്തിലേര്‍പ്പെടുമ്പോള്‍ കണക്കുകള്‍ കൂട്ടിയും കുറച്ചും യുദ്ധ തന്ത്രങ്ങളാവിഷ്‌ക്കരിച്ചും ഡല്‍ഹിയില്‍ ഒരു വാര്‍ റൂം.
ഡല്‍ഹി നിര്‍മാണ്‍ ഭവനിലെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഓഫിസാണ് കഴിഞ്ഞ ഒന്നരമാസമായി കൊവിഡിനെതിരായ പോരാട്ടത്തിന്റെ തലച്ചോറായി മാറിയിരിക്കുന്നത്.
ഡോക്ടര്‍മാര്‍, ഡാറ്റാ അനലിസ്റ്റുകള്‍, ഐ.ടി സ്‌പെഷ്യലിസ്റ്റുകള്‍, പൊതുജനാരോഗ്യമേഖലയിലെ വിദഗ്ധര്‍, മന്ത്രാലയത്തിലെ ജോയിന്റെ സെക്രട്ടറി തല ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 30 ഓളം പേര്‍ മാത്രമാണ് ഇവിടെയുള്ളത്. ഉദ്യോഗസ്ഥര്‍ പാര്‍ട്ടികള്‍ നടത്താന്‍ ഉപയോഗിച്ചിരുന്ന ഒന്നാം നിലയിലെ ലോണാണ് പ്രധാന കൂടിയാലോചനാ കേന്ദ്രം.
രാജ്യമെമ്പാടുമുള്ള കൊവിഡ് കേസുകളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ഇവിടെയെത്തും. ഒരു സംഘം കണക്കുകള്‍ പരിശോധിച്ച് രോഗമിരട്ടിപ്പിന്റെ കണക്ക്, മരണം, ഹോട്ട്‌സ്‌പോട്ടുകളുടെ കണക്ക് തുടങ്ങിയവ കണ്ടെത്തും. അതോടൊപ്പം മറ്റൊരു സംഘം സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കും.
മറ്റൊരു സംഘം ഡാറ്റാബേസ് അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യും. അപ്പോഴേയ്ക്കും വിവരങ്ങള്‍ ആരാഞ്ഞ് മന്ത്രിമാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വിളിയെത്തും. അതല്ലാം അപ്പപ്പോള്‍ നല്‍കും. വൈകുന്നേരം മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട വിവരങ്ങള്‍ തയാറാക്കുന്നതും ഇവിടെ നിന്നാണ്. വാര്‍റൂമില്‍ നിന്ന് നല്‍കുന്ന വിവരങ്ങളുടെയും വിശകലനങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് മന്ത്രിതല സമിതികളും പ്രധാനമന്ത്രിയുടെ ഓഫിസും തീരുമാനങ്ങളെടുക്കുന്നത്.
ലോക്ക് ഡൗണ്‍ നീട്ടല്‍ പദ്ധതി, ഹോട്ട്‌സ്‌പോട്ടുകളെ വിവിധ നിറങ്ങളിലാക്കി തിരിക്കല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെതായി പുറത്തുവരുന്ന മാര്‍ഗരേഖകള്‍ തുടങ്ങിയവയുടെയെല്ലാം ആദ്യഘട്ട ജോലി നടക്കുന്നതും നിര്‍മാണ്‍ ഭവനിലെ ഈ ഓഫിസില്‍ നിന്നാണ്. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പോരായ്മകള്‍ കണ്ടെത്തി തിരുത്തുന്ന ജോലിയും ഒന്നര മാസമായി ചെയ്തു വരുന്നു. 'ഒരു സംസ്ഥാനത്തെ ഒരു പ്രദേശത്ത് കേസുകള്‍ കൂടുകയാണെന്ന് കരുതുക, അവിടെ ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലെന്ന സാഹചര്യമുണ്ടെങ്കില്‍ അപ്പപ്പോള്‍ വെന്റിലേറ്ററുകള്‍ സജ്ജീകരിക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കും. അതോടൊപ്പം സംസ്ഥാനത്തിന്റെ നടപടികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കും'- വാര്‍ റൂമിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് വിശദീകരിച്ചു.
സംസ്ഥാനങ്ങളിലെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, ആഗോളതലത്തിലെ കൊവിഡ് സംബന്ധിച്ച വിവരങ്ങളും നിരീക്ഷിക്കുകയും വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുകയും വാര്‍ റൂമിലെ ജോലിയാണ്. പുതിയ ചികിത്സാരീതികള്‍, ഗവേഷണം സംബന്ധിച്ച വിവരങ്ങളും അപ്പപ്പോള്‍ വിലയിരുത്തും. പുതിയ വിവരങ്ങള്‍ തേടിപ്പോകും. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ ലിസ്റ്റ് തയാറാക്കി നല്‍കും.
ജനങ്ങള്‍ക്കുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ പരിശോധിക്കാനും ഒരു സംഘമുണ്ട്. വലിയ കംപ്യൂട്ടര്‍ സ്‌ക്രീനുകളില്‍ ഹോട്ട്‌സ്‌പോട്ടുകളുടെ മാപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടത്തിലെ രണ്ടാം നിലയിലാണ് രണ്ടാം വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്. ഇവിടെ കൂടുതല്‍ ഉദ്യോഗസ്ഥരുണ്ട്. വാര്‍ റൂമിന് ആവശ്യമായ സഹായം ചെയ്യുകയാണ് രണ്ടാം വാര്‍ റൂമിന്റെ ജോലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."