ദാസ്യപ്പണിക്ക് 750 പൊലിസുകാര്‍
തിരുവനന്തപുരം: പൊലിസുകാരെ ഉപയോഗിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യിക്കുന്ന വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ക്യാംപ് ഫോളോവേഴ്‌സിന്റെയും മറ്റു പൊലിസുകാരുടെയും കണക്കെടുത്തു. പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പി അനന്ദകൃഷ്ണനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. കുറഞ്ഞത് 750ഓളം പേര്‍ അടിമപ്പണിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. അറ്റാച്ച്‌മെന്റ് എന്ന പേരിലാണ് ഈ നിയമനങ്ങളില്‍ അധികവും. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് ഔദ്യാഗികമായി ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസര്‍, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാം. എന്നാല്‍ സംസ്ഥാന പൊലിസ് മേധാവി ഉള്‍പ്പെടെ എല്ലാ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരും പത്തിലേറെ പൊലിസുകാരെയാണ് വീട്ടിലും മറ്റുമായി നിയമിച്ചിരിക്കുന്നത്. ഒരു എ.ഡി.ജി.പി 22 പൊലിസുകാരെയാണ് ഒപ്പം നിര്‍ത്തിയിരിക്കുന്നത്. ഇതില്‍ ഒരു എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനുമുണ്ട്. ഒരു വനിതാ എ.ഡി.ജി.പി അക്യുപങ്ചര്‍ ചികിത്സക്കായി ഒപ്പം കൂട്ടിയിരിക്കുന്നത് ഒരു വനിതാ പൊലിസ് ഉദ്യോഗസ്ഥയെയാണ്. എന്നാല്‍ ഇതിനൊന്നും രേഖകളില്ല. പലരും രേഖകളില്‍ ഡ്യൂട്ടി നോക്കുന്നത് പൊലിസ് ആസ്ഥാനത്ത് ആയിരിക്കും. ഏതാണ്ട് നൂറിലധികം പേരാണ് പൊലിസ് ആസ്ഥാനത്ത് ഇങ്ങനെ ഡ്യൂട്ടി എടുക്കുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ അധികാരപരിധിയില്‍നിന്നു പൊലിസുകാരെ എടുക്കും. ഇത് കൂടാതെയാണ് അടുക്കള പണിക്കും തോട്ടപ്പണിക്കും മറ്റും ക്യാംപ് ഫോളോവേഴ്‌സിനെയും നിയോഗിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിഷയം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചതിനാല്‍ ക്യാംപ് ഫോളോവേഴ്‌സിനെ പലരും മടക്കി അയച്ച് തടിതപ്പി. എന്നാല്‍ ഒപ്പമുള്ള പൊലിസുകാരെ മടക്കി അയച്ചിട്ടില്ല. ക്യാംപുകളിലുള്ള പൊലിസുകാരെയാണ് ദാസ്യപ്പണിക്കായി നിയോഗിക്കുന്നത്. രണ്ടു ദിവസം ജോലി ചെയ്താല്‍ രണ്ടു ദിവസം ഇവര്‍ക്ക് അവധി കിട്ടും. അതിനാല്‍ ഈ ജോലി ചെയ്യാന്‍ പൊലിസുകാരുടെ ഇടയില്‍ കടുത്ത മത്സരമാണ്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും നടക്കാനും വ്യായാമം ചെയ്യാനും ഷട്ടില്‍ കളിക്കാനും അകമ്പടിയായി പൊലിസ് ഉദ്യോഗസ്ഥര്‍. കളിക്കുന്നതിനും നടക്കുന്നതിനുമിടെ തളരുമ്പോള്‍ നല്‍കാന്‍ വെള്ളത്തിന്റെ ബോട്ടിലും വിയര്‍പ്പ് തുടയ്ക്കാന്‍ ടവ്വലുമായും പിറകെ ഓടണം. ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോയാലും അവരുടെ കൂടെയുള്ള ഉദ്യോഗസ്ഥരെ തിരികെ യൂനിറ്റുകളിലേക്ക് മടക്കാതെ വീടുകളില്‍ നിര്‍ത്തും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥര്‍പോലും അവരുടെ ഫ്‌ളാറ്റ് നോക്കാനും തോട്ടം ന നക്കാനും ഇവിടെ സുഖവാസത്തിനു വരുന്ന ബന്ധുക്കളെ നോക്കാനും പൊലിസുകാരെ നിയമിച്ചിട്ടുണ്ട്.
ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് പ്രഭാതസവാരിക്കും ജിമ്മില്‍ പരിശീലനം നല്‍കാനും വനിതാ പൊലിസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരു ഉത്തരവുമില്ലാതെ വിവിധ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കൊപ്പം 600ഓളം പൊലിസുകാര്‍ ജോലി ചെയ്യുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ജില്ലവിട്ട് പോകുമ്പോള്‍ പി.എസ്.ഒമാരെയും ഒപ്പം കൊണ്ടുപോകും. മാത്രമല്ല അതതു ജില്ലയില്‍നിന്നു രണ്ടു പേരെ കൂട്ടും. ഐ.ജി റാങ്കിലുള്ളവരാകട്ടെ ജില്ല വിട്ടുപോകുമ്പോള്‍ നേരത്തെ അദ്ദേഹത്തിന്റെ ക്യാംപ് ഓഫിസില്‍ ജോലി ചെയ്തിരുന്നവര്‍ മാത്രമല്ല ആ ജില്ലയില്‍നിന്നു നാലോളം പി.എസ്.ഒമാരെ നിയമിക്കും. ഇവര്‍ക്ക് വീട്ടുജോലിയായിരിക്കും. രേഖയില്‍ ഇവര്‍ക്ക് പൊലിസ് സ്റ്റേഷനുകളിലോ, ക്യാംപുകളിലോ ആകും ജോലി. 25 പൊലിസുകാരെവരെ ഉപയോഗിക്കുന്ന ഐ.പി.എസുകാരും നിലവിലുണ്ട്. വിരമിച്ചാലും പൊലിസുകാരെ മടക്കി അയക്കാതെ സ്വന്തം വീട്ടുജോലിക്ക് നിയോഗിക്കുന്ന ഐ.പി.എസ് ഉന്നതരുണ്ട്. പൊലിസ് ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ച് നിരവധി പൊലിസുകാരാണ് സ്‌പെഷല്‍ യൂനിറ്റുകളില്‍ അനധികൃതമായി സേവനം അനുഷ്ഠിക്കുന്നത്. ഇതില്‍ പലരും വര്‍ഷങ്ങളായി ഒരേ സ്ഥാനത്തിരിക്കുന്നവരാണ്. ചിലര്‍ ഒരിടത്തുനിന്ന് മറ്റൊരു ലാവണത്തിലേക്ക് മാറും. പൊലിസ് ആസ്ഥാനത്തുമാത്രം ഇങ്ങനെ വനിതകള്‍ ഉള്‍പ്പെടെ നൂറോളം പൊലിസുകാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."