'തര്‍ക്കമുള്ള തോട്ടങ്ങളുടെ ഭൂനികുതി സ്വീകരിക്കേണ്ട'.
തിരുവനന്തപുരം: സംസ്ഥാനത്ത് തര്‍ക്കമുള്ള തോട്ടങ്ങളുടെ ഭൂനികുതി സ്വീകരിക്കേണ്ടെന്ന് റവന്യൂമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ഹാരിസണ്‍ ഉള്‍പ്പെടെ തര്‍ക്കമുള്ള തോട്ടങ്ങളുടെ ഭൂനികുതി സര്‍ക്കാരിനോട് ആലോചിക്കാതെ സ്വീകരിക്കരുതെന്നാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദേശം നല്‍കിയത്. കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ കലക്ടര്‍മാര്‍ക്കാണ് മന്ത്രി രേഖാമൂലം നിര്‍ദേശം നല്‍കിയത്.
സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി കൊല്ലം ജില്ലയിലെ തെന്മലയിലെ റിയന്‍ എസ്റ്റേറ്റിന്റെയും ആര്യങ്കാവിലെ പ്രിയ എസ്റ്റേറ്റിന്റെയും ഭൂനികുതി നിരുപാധികം സ്വീകരിച്ച കൊല്ലം കലക്ടറുടെ നടപടിയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍.
സര്‍ക്കാര്‍ അവകാശമുന്നയിക്കുന്ന തോട്ടങ്ങളുടെ ഭൂനികുതി സ്വീകരിച്ച കൊല്ലം കലക്ടറില്‍നിന്ന് വിശദീകരണം തേടിയതിനു പിന്നാലെയാണ് റവന്യൂമന്ത്രി നാല് ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി രേഖാമൂലം നിര്‍ദേശം നല്‍കിയത്. തര്‍ക്കമുള്ള തോട്ടങ്ങളില്‍ ഉടമസ്ഥത തെളിയിക്കാന്‍ സര്‍ക്കാര്‍ സിവില്‍ കോടതികളില്‍ കേസ് നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അതിനാല്‍ തോട്ടങ്ങളുടെ നികുതി സ്വീകരിക്കുന്നത് സിവില്‍ കോടതികളിലെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."