തിരുവനന്തപുരം വിമാനത്താവള കൈമാറ്റം: പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്പ്പിക്കുന്നതിനും കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് വിമാനത്താവളം നടത്തിപ്പിന്റെ ചുമതല നല്‍കുന്നതിനും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും താല്‍പര്യം അതുവഴി സംരക്ഷിക്കാന്‍ കഴിയുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ വിമാനത്താവളം വികസിപ്പിക്കാന്‍ വഴിയൊരുങ്ങുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
വിമാനത്താവളം സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതിനെതിരേ പൊതുജനങ്ങളില്‍നിന്ന് എതിര്‍പ്പ് ഉയരുകയാണ്. തിരുവനന്തപുരമടക്കം ആറ് വിമാനത്താവളങ്ങളുടെ ലേലത്തിലും ഒരേ ഏജന്‍സി തന്നെ ഒന്നാമതെത്തിയത് ജനങ്ങളുടെ എതിര്‍പ്പ് വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജന്‍സിക്ക് പിന്തുണ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രയാസമായിരിക്കുമെന്നും ടെന്‍ഡര്‍ രേഖയില്‍ മുന്‍കാല പരിചയം എന്ന വ്യവസ്ഥ ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരേ കെ.എസ്.ഐ.ഡി.സി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ ഹൈക്കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഈ കേസില്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."