മുസ്‌ലിംകളില്‍നിന്ന് പച്ചക്കറി വാങ്ങരുത്; വിവാദ പ്രസ്താവനയുമായി യു.പിയിലെ ബി.ജെ.പി എം.എല്‍.എ
ലക്‌നൗ: മുസ്‌ലിം കച്ചവടക്കാരില്‍ നിന്ന് പച്ചക്കറി വാങ്ങരുതെന്ന വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുരേഷ് തിവാരി. ദിയോറിയ ജില്ലയിലെ ആളുകളോടാണ് ബി.ജെ.പി നേതാവ് ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. 'ഒരു കാര്യം മനസില്‍ വയ്ക്കുക, ഞാന്‍ എല്ലാവരോടും പരസ്യമായി പറയുന്നു, ആരും മുസ്‌ലിംകളില്‍ നിന്ന് പച്ചക്കറി വാങ്ങരുത്''- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ആളുകളോട് തിവാരി ആവശ്യപ്പെട്ടു. കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ആരോടും വിവേചനം പാടില്ലെന്ന് ആര്‍.എസ്.എസ് മേധാവി പറഞ്ഞ് ദിവസങ്ങള്‍ക്കകമാണിത്. അതേസമയം, കഴിഞ്ഞയാഴ്ചയാണ് താന്‍ ഈ പ്രസ്താവന നടത്തിയതെന്നാണ് തിവാരി പറഞ്ഞത്.
' കൊവിഡ് പടര്‍ത്താന്‍ വേണ്ടി ഒരു സമുദായത്തില്‍പ്പെട്ട ആളുകള്‍ പച്ചക്കറികളില്‍ ഉമിനീര്‍ ഉപയോഗിച്ച് അണുബാധിതമാക്കി വില്‍ക്കുന്നുവെന്ന പരാതി കേട്ടു. അതുകൊണ്ട് അവരില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങരുതെന്ന് ഞാന്‍ അവരെ ഉപദേശിച്ചു. സാഹചര്യം സാധാരണമായ ശേഷം എന്താണ് വേണ്ടതെന്ന് അവര്‍ക്ക് തീരുമാനിക്കാവുന്നതാണ്''- ബി.ജെ.പി എം.എല്‍.എ പറഞ്ഞു.
താന്‍ തന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്നും അത് പിന്തുടരണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ രാജ്യത്ത് എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയില്ലേ എന്നും തിവാരി പറഞ്ഞു.എന്നാല്‍ ഇത്തരം പ്രതിസന്ധിഘട്ടത്തില്‍ പോലും ബി.ജെപി നേതാക്കള്‍ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന തിരക്കിലാണെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് അനുരാഗ് ഭാദൗരിയ വിമര്‍ശിച്ചു.
രാജ്യദ്രോഹകുറ്റം ചുമത്തി ഇത്തരക്കാരെ ജയിലിലടയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഡല്‍ഹിയില്‍ പച്ചക്കറി വാങ്ങാനെത്തിയയാള്‍ ഒരു മുസ്‌ലിം വില്‍പനക്കാരനെ പേരു ചോദിച്ചശേഷം അടിക്കുകയുണ്ടായി. വൈറലായ ഈ സംഭവത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഈയിടെ ജംഷഡ്പൂരില്‍ ഇത്തരം വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ വിശ്വഹിന്ദു പരിഷത്ത് പതിച്ചതും വിവാദമായിരുന്നു.
കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ മുസ്‌ലിം രോഗികളെയും ബന്ധുക്കളെയും ആശുപത്രിയില്‍ കടത്തൂവെന്ന് മീററ്റിലെ കാന്‍സര്‍ ആശുപത്രി പരസ്യം നല്‍കിയതും അടുത്തിടെയാണ്. അതേസമയം, ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാന ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാക്കിയ ശേഷം സുരേഷ് തിവാരി ഇത്തരം പരാമര്‍ശം നടത്താനിടയായ സാഹചര്യത്തെക്കുറിച്ച് ചോദിക്കുമെന്നും ത്രിപാഠി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."