അതിഥി തൊഴിലാളികളുടെ തിരിച്ചുപോക്കിനും വഴിയൊരുങ്ങും റെയില്‍വേയില്‍ ഉന്നതതല ചര്‍ച്ച
കൊച്ചി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളുടെ തിരിച്ചുപോക്കിന് വഴിയൊരുങ്ങുമെന്ന് സൂചന.
റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ വിവിധ തലങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച പുരോഗമിക്കുകയാണ്. ലോക്ക് ഡൗണ്‍ നീണ്ടുപോവുകയും, ട്രെയിന്‍ ഗതാഗതമടക്കമുള്ള പൊതു യാത്രാ സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കാനിടയില്ലെന്ന് വ്യക്തമാവുകയും ചെയ്തതിനെ തുടര്‍ന്നാണിത്. സംസ്ഥാന ഭരണകൂടങ്ങള്‍ സഹകരിക്കുകയാണെങ്കില്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വിസ് പ്രായോഗികമാകും എന്ന പ്രാഥമിക വിലയിരുത്തലിലാണ് റെയില്‍വേ വൃത്തങ്ങള്‍.
കൊവിഡ് ടെസ്റ്റ് നെഗറ്റീവായ ഇതര സംസ്ഥാന തൊഴിലാളികളെ, ആള്‍തിരക്ക് ഒഴിവാക്കുംവിധം പ്രത്യേക ബസുകളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കും. പ്രത്യേക സീറ്റ് നമ്പര്‍, മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി നോണ്‍ സ്റ്റോപ്പ് സ്‌പെഷല്‍ ട്രെയിനില്‍ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്ന സംവിധാനം ഏര്‍പ്പെടുത്താനുള്ള സാധ്യത സംബന്ധിച്ചാണ് ചര്‍ച്ച.
ഇത്തരം ട്രെയിനുകള്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി പുറപ്പെട്ടാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുംവരെ, വെള്ളം നിറക്കാനും ജീവനക്കാരുടെ ഡ്യൂട്ടിമാറ്റത്തിനുമല്ലാതെ മറ്റെവിടെയും നിര്‍ത്തരുതെന്നും നിര്‍ദേശമുണ്ട്.
ജന്മനാട്ടില്‍ ഈ തൊഴിലാളികളെ ക്വാറന്റൈനിലാക്കുന്നതിനുള്ള സംവിധാനം അതത് സംസ്ഥാനങ്ങള്‍ ഒരുക്കുകയും വേണം. സംസ്ഥാനങ്ങളുടെ സഹകരണമുണ്ടെങ്കിലേ ഇതെല്ലാം സാധ്യമാകൂ.
നാട്ടില്‍പോകാന്‍ കഴിയാത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സംഘടിച്ച് റോഡിലിറങ്ങി പ്രതിഷേധിച്ച സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ ചര്‍ച്ച ഉയരുന്നത്.ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് എത്തുന്നതിന് സൗകര്യമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ഉപ മുഖ്യമന്ത്രി അജിത് പവാര്‍ എന്നിവര്‍ കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയലിന് കത്ത് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ കൂടുതല്‍ മുഖ്യമന്ത്രിമാര്‍ ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്നാണ് പ്രത്യേക ട്രെയിന്‍ സര്‍വിസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് വേഗം കൂടിയത്. ഇതിനായി, ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് 'ഫെസിലിറ്റേറ്റിംഗ് മൈഗ്രന്റ് ട്രാവല്‍' എന്ന സാധ്യതാപത്രിക തയാറാക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."