ടെക്‌സ്റ്റൈല്‍സ് മേഖലയിലെ പ്രത്യാഘാതം വിവരണാതീതം
വാണിജ്യമേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികള്‍ ഒന്നൊന്നായി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രത്യേകിച്ച് ടെക്‌സ്റ്റൈല്‍ മേഖലയുടെയും നടുവൊടിച്ചിരിക്കുന്നു.
ജി.എസ്.ടിയും, നിപായും തുടര്‍ച്ചയായ പ്രളയങ്ങളും പരിധിയില്ലാത്ത ഓണ്‍ലൈന്‍ ബിസിനസും ഇതിന് ആക്കം കൂട്ടുന്നവയാണ്. തൊഴിലിടങ്ങളും കച്ചവടസ്ഥാപനങ്ങളും സര്‍വിസ് മേഖലകളും എല്ലാം നിശ്ചലമാണ്. മുന്‍കാലങ്ങളില്‍ കേരളം നേരിട്ട ദുരന്തങ്ങളിലൊക്കെയും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ കാരുണ്യഹസ്തവുമായി വ്യാപാരികളും കൈകോര്‍ത്തു.
എന്നാല്‍ ഇന്ന് കേരളത്തിന്റെ മുഖ്യ വരുമാന മാര്‍ഗമായിരുന്ന ഗള്‍ഫ് പണത്തിന്റെ വരവ് നിലച്ചു. സ്വദേശത്തും വിദേശത്തുമായി ലക്ഷങ്ങള്‍ ജോലിയില്ലാത്തവരായി. ജനങ്ങള്‍ക്ക് ക്രയവിക്രയശേഷി ഇല്ലാതായി. ഭക്ഷണപദാര്‍ഥങ്ങള്‍ക്കപ്പുറം മറ്റൊന്നിനെക്കുറിച്ചുള്ള ചിന്തപോലും അന്യമായി. മിച്ചസമ്പാദ്യമൊന്നുമില്ലാതെ കച്ചവടമെന്ന 'തന്ത്രത്തില്‍ ' ജീവിക്കുന്നവരാണ് വ്യാപാരികള്‍. മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളില്‍ ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ വസ്ത്രമാണെന്നിരിക്കേ എന്തുകൊണ്ടാണ് അത് കൈകാര്യം ചെയ്യുന്നവരുടെ സ്ഥാനം ഒരുപാടു പിറകിലായതെന്നറിയില്ല. കഴിഞ്ഞ നാല്‍പതോളം ദിവസങ്ങളായി കടകള്‍ അടഞ്ഞുകിടക്കുകയാണ്.
തുറക്കാന്‍ ഇനിയും വൈകിയാല്‍ തുണിക്കടക്കാരന്റെ നഷ്ടങ്ങള്‍ ഊഹിക്കാന്‍ പോലും കഴിഞ്ഞെന്നുപോലും വരില്ല. തുണിക്കച്ചവടക്കാരന്‍ എന്നും വെല്ലുവിളികളെ അതിജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്.കൊവിഡ് മഹാമാരിയും അനിശ്ചിതമായ ലോക്ക് ഡൗണും എല്ലാവര്‍ക്കുമെന്ന പോലെ ടെക്‌സ്റ്റൈല്‍സ് മേഖലയിലും അപ്രതീക്ഷിത പ്രഹരം തന്നെയാണ്. ഈ മേഖലയില്‍ ഇതിന്റെ പ്രത്യാഘാതം വിവരണാതീതമാവും.
വില കൂടിയതും ഫാന്‍സി, സില്‍ക് സാരികളും മറ്റും നിര്‍മിക്കുന്നതിന് പ്രൊഡക്ഷന്‍ യൂനിറ്റുകള്‍ക്ക് നല്‍കിയ അഡ്വാന്‍സടക്കം പലര്‍ക്കും നഷ്ടമാകും. വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് മിക്ക വ്യാപാരികളും. സില്‍ക് സാരി നിര്‍മാണ മേഖലയും അതിരൂക്ഷമായ പ്രയാസം നേരിടുകയാണ്. തൊഴിലിടങ്ങള്‍ മുഴുപ്പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനൊരു അറുതി എന്നാണെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.
ലോക്ക് ഡൗണ്‍ അടക്കം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള ഓരോ നടപടിയും നമ്മുടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയിരിക്കുന്നു. വികസിത രാജ്യങ്ങളടക്കം കൊറോണ രോഗികളെ കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍ നാം എത്രയോ ആശ്വാസത്തിലും അഭിമാനത്തിലും തന്നെയാണ്. സംശയമില്ല, സുരക്ഷ തന്നെയാണ് ആദ്യം.
ഈ മഹാമാരി കടന്നുചെന്നാല്‍ ഇനിയെന്താവും കച്ചവടക്കാരുടെ അവസ്ഥ. ഒരു മൂന്ന് വര്‍ഷത്തേക്കെങ്കിലും ഇ.എസ്.ഐ, പി.എഫ് തൊഴിലുടമ വിഹിതം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ വഹിച്ചേ തീരൂ.
ലോക്ക് ഡൗണ്‍ ഇ.എസ്.ഐ അണ്‍ എംപ്ലോയ്‌മെന്റില്‍ ഉള്‍പ്പടുത്തി ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ തയാറാവണം. കെട്ടിട നികുതിയില്‍ ഇളവ് നല്‍കി കെട്ടിട ഉടമയില്‍ നിന്നും വാടക കുറച്ചും പി.എഫ് നികുതി ഒഴിവാക്കിത്തന്നും കെ.എസ്.ഇ.ബി സബ്‌സിഡി നല്‍കിയും മിനിമം ചാര്‍ജ് ഒഴിവാക്കിയും പലിശ രഹിത വായ്പകള്‍ നല്‍കിയും ഞങ്ങളെ കൂടെ നിര്‍ത്താന്‍ ആവശ്യമായവ നല്‍കി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള വ്യക്തമായ ഒരു പാക്കേജാണ് ഈ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."