തനിക്ക് കൂടുതലും ലഭിച്ചത് കല്ലേറുകളെന്ന് കത്വ കേസിലെ അഭിഭാഷക ദീപിക സിങ്
തൃശൂര്‍: ജമ്മുകശ്മിരില് തനിക്ക് പൂമാലകളേക്കാള്‍ കൂടുതല്‍ ലഭിച്ചത് ചെരുപ്പേറുകളും കല്ലേറുകളുമെന്ന് കത്വ കേസിലെ അഭിഭാഷക അഡ്വ. ദീപിക സിങ് . തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷന് സംഘടിപ്പിച്ച 'സല്യൂട്ട് സക്സസ് 2018' പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തനിക്കും കത്വ പീഡനകേസിലെ കുട്ടിയുടെ പ്രായത്തിലുള്ള ഒരു മകളുണ്ട്. അത് എന്റെ ഉറക്കം കെടുത്തിയിരുന്നു. അതായിരിക്കണം ഉത്തരവാദിത്വബോധത്തോടെ ധര്‍മത്തിന്റെ പാതയില്‍ നേരിനുവേണ്ടി മരിക്കാന്‍ ഭയമില്ലാതെ പ്രവര്‍ത്തിക്കാനായത്. അതിന്റെ പേരില്‍ വധഭീഷണികളൊരുപാടുണ്ടെന്നും ദീപിക സിങ് പറഞ്ഞു.
ഇന്നലെ തന്റെ അനുജത്തിയെ മോശമായി ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രചരണം നടത്തിയിരുന്നു. ജമ്മു-കാശ്മിരില്‍ നിന്ന് പോരുംവഴി ആ വാര്‍ത്തയാണ് കണ്ടത്. ജീവന് നല്‍കേണ്ടി വന്നാല്‍ പോലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിറകോട്ടില്ല. പുതിയ തലമുറ അവരുടെ കടമ കൃത്യമായി ചെയ്താല്‍ നമുക്കൊരുമിച്ച് പുതിയ ഒരു ഭാരതം കെട്ടിപ്പടുക്കാന്‍ സാധിക്കും.
ആ ഭാരതത്തിനാകും ലോകത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുണ്ടാകുക. പഠിച്ച് മിടുക്കരാകുക എന്നത് മാത്രമല്ല നമ്മുടെ ധര്‍മം. പഠിച്ച് മിടുക്കരായി ഏര്‍പ്പെടുന്ന ജോലിയിലൂടെ രാജ്യപുരോഗതിക്ക് ഉതകുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഓരോ വിദ്യാര്‍ഥിക്കും സാധ്യമാകണം. നമ്മളോരോരുത്തരും ഈ രാജ്യത്തിന്റ പുനര്‍നിര്‍മാണത്തിന് ചുമതലപ്പെട്ടവരാണ് - അവര്‍ പറഞ്ഞു. ആറുവയസുള്ള മകള്‍ അഷ്ടമിക്കൊപ്പമാണ് ദീപിക വേദിയിലെത്തിയത്. എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. കഴിമ്പ്രം ഡിവിഷന് മെമ്പര്‍ കെ.ജെ യദുകൃഷ്ണ അധ്യക്ഷനായി. യൂത്ത് ഐക്കണ്‍ അവാര്‍ഡ് വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് ദീപിക സിങ് നല്കി. സല്യൂട്ട് സര്‍വിസ് അവാര്‍ഡ് ജേതാവ് മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് എം. ഡി വി.പി നന്ദകുമാര്‍ ഏറ്റുവാങ്ങി. ഡോ. ഷിംന അസീസ്, സഫിയ ഹനീഫ, സുജി എം.എസ്, ഡോ. ഡി രാമനാഥന്, ഡോ. സിദ്ധാര്‍ഥ് ശങ്കര്‍ എന്നിവര്‍ സല്യൂട്ട് സര്‍വിസ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കഴിമ്പ്രം ഡിവിഷന്റെ വുമണ്‍ ഓഫ് ദി സെഞ്ച്വറി പുരസ്കാരവും അഡ്വ. ദീപിക സിങിന് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."