റബര്‍, കൊപ്ര താങ്ങുവില പ്രഖ്യാപിക്കണം
ന്യൂഡല്‍ഹി: റബര്‍ കര്‍ഷകരുടെ രക്ഷയ്ക്കായി എം.എസ് സ്വാമിനാഥന്‍ കമ്മിറ്റിയുടെ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ താങ്ങുവില പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
വിലത്തകര്‍ച്ച മൂലം ഈ രംഗത്ത് ലക്ഷക്കണക്കിനു ചെറുകിട കര്‍ഷകരും സംരംഭകരും പ്രതിസന്ധിയിലാണ്. ഉദ്പാദനച്ചെലവിലെ വര്‍ധനയും കീടശല്യവും മൂലം നാളികേര കര്‍ഷകരും പ്രതിസന്ധി നേരിടുകയാണ്. അതിനാല്‍ കൊപ്രയ്ക്കും താങ്ങുവില പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജനസൗഹ്യദ ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച ആര്‍ദ്രം മിഷനും കൂടുതല്‍ കേന്ദ്ര സഹായം വേണം. സമീപകാലത്തുണ്ടായ നിപ വൈറസ് ബാധ പോലെയുള്ള രോഗങ്ങളെ നേരിടാന്‍ ഇതാവശ്യമാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇല്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഹരിത കേരളം മിഷന്റെ ഭാഗമായി ജലസ്രോതസുകളുടെയും നദികളുടെയും രക്ഷയ്ക്കും സംരക്ഷണത്തിനും മാലിന്യ പ്രശ്‌നം നേരിടുന്നതിനുമായി സാങ്കേതിക സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ജലഗതാഗതം വര്‍ധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും കേന്ദ്രസഹായം അത്യാവശ്യമാണ്. വിവര സാങ്കേതികതയുടെ കാര്യത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം കേരളത്തിനാവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി എം കേരള ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോഗം 52% ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
പണി പൂര്‍ത്തിയായി വരുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട് ചെയ്തതുപോലെ താത്പര്യമുള്ള വിമാനക്കമ്പനികള്‍ക്ക് ദിവസം രണ്ടു സര്‍വിസുകള്‍ പ്രത്യേക ഇളവില്‍ നടത്തുന്നതിന് അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോടഭ്യര്‍ഥിച്ചു.
തിരുവനന്തപുരം കാസര്‍കോട് അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി ആവശ്യമാണ്. പദ്ധതിക്ക് 46769 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."