സഊദിയില്‍ റമദാന്‍ ഇളവ്; ഷോപ്പിങ് മാളുകളും കടകളും തുറന്നു
ജിദ്ദ: കൊവിഡ് വ്യാപനത്തെ തടയാൻ ശക്തമായ നിയന്ത്രണങ്ങൾ തുടരുമ്പോഴും സഊദിയിൽ ഷോപ്പിങ് മാളുകളും ചില്ലറ, മൊത്ത വിതരണ സ്ഥാപനങ്ങളും വ്യവസായ, നിർമ്മാണ സ്ഥാപനങ്ങളു മെല്ലാം പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം കർഫ്യൂവിൽ താൽക്കാലിക ഇളവ് നൽകിയതിന്റെ അടിസ്ഥാനത്തിൽ റമദാൻ ആറ് മുതൽ 20 വരെ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. അതേസമയം ബാർബർ ഷോപ്പുകൾ, ബൂട്ടി പാർലറുകൾ, ഹെൽത്ത് ക്ളബ്, സിനിമാ തീയേറ്റർ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവയൊന്നും തുറക്കാൻ പാടുള്ളതല്ല.
റെസ്റ്റോറന്റുകൾ, ബുഫിയകൾ, ജ്യൂസ് കടകൾ, കോഫീ ഷോപ്പ്, ഐസ്ക്രീം ഷോപ്പ്, ഹലവിയാത്ത്, ചോക്ളേറ്റ് കടകൾ തുടങ്ങി യവയെല്ലാം പാർസൽ സേവനം നൽകി പ്രവർത്തിപ്പിക്കാൻ അധികൃതർ നേരത്തെ അനുമതി നൽകിയിരുന്നു. കർശന നിയന്ത്രണങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ചാണ് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത്.
അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടക്കുന്നുണ്ട്. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
സുരക്ഷാ മുൻകരുതലുകളില്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങളോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാജ്യത്ത് നിലവിലുള്ള കർഫ്യൂവിൽ താൽക്കാലിക ഇളവ് ഏർപ്പെടുത്തി കൊണ്ട് ഉത്തരവിറക്കിയത്. ഇത് പ്രകാരം മക്ക ഒഴികെയുള്ള രാജ്യത്തെ വിവിധ പ്രവിശ്യകളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."