ഹുദൈദയില്‍ ആക്രമണം തുടരുന്നു; വിമാനത്താവളത്തില്‍ വ്യോമാക്രമണം
സന്‍ആ: സഖ്യസേനയുടെ നേതൃത്വത്തിലുള്ള ഹുദൈദ നഗരത്തിലെ ആക്രമണം തുടരുന്നു. ഹുദൈദ വിമാനത്താവളത്തില്‍ സഖ്യസേന ഇന്നലെ വ്യോമാക്രമണം നടത്തി. സഊദി അറേബ്യയുടെ അല്‍ അറേബ്യ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍ യമന്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന സൈന്യം മോട്ടോര്‍ ഷെല്‍ ആക്രമണം നടത്തി. ഹുദൈദ തുറമുഖത്തിന്റെ തെക്ക്-പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് സൈന്യം പ്രവേശിച്ചു.
ഹുദൈദ വിമാനത്താവളം തിരിച്ചുപിടിച്ചുവെന്ന് സഖ്യസേന കഴിഞ്ഞ ദിവസം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഹൂതികള്‍ നിഷേധിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഏക പ്രധാന തുറമുഖനഗരമാണ് ഹുദൈദ. കഴിഞ്ഞ ബുധനാഴ്ചയാണു ചെങ്കടല്‍തീരനഗരം കീഴടക്കാനായി സഖ്യസേന ശക്തമായ ആക്രമണമാരംഭിച്ചത്. യു.എ.ഇയാണ് അപ്രതീക്ഷിത ആക്രമണത്തിനു തുടക്കമിട്ടത്.
ജനങ്ങളുടെ ജീവന്‍ അപകടത്തിലാ യ സ്ഥിതിയില്‍ യു.എന്‍ പ്രത്യേക ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് യമന്‍ തലസ്ഥാനമായ സന്‍ആയിലെത്തി. ഇരുകക്ഷികള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാണു യു.എന്‍ ദൂതന്റെ അപ്രതീക്ഷിത സന്ദര്‍ശനം.
സംഘര്‍ഷാവസ്ഥ വഷളാകുന്നതു തടയാന്‍ നഗരത്തിന്റെ നിയന്ത്രണം യു.എന്‍ മേല്‍നോട്ടത്തിലുള്ള സമിതിക്കു വിട്ടുനല്‍കണമെന്ന നിര്‍ദേശം മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് ഹൂതികളോടു മുന്നോട്ടുവയ്ക്കുമെന്നാണ് അറിയുന്നത്. തുറമുഖം ആക്രമിക്കില്ലെന്നും പകരം നഗരത്തിലെ പ്രധാന കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെടുമെന്നും യമന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, യു.എ.ഇ, യമന്‍, സുദാന്‍ സൈനികര്‍ അടങ്ങുന്ന ശക്തമായ സേന എരിത്രിയയില്‍ സജ്ജമായിട്ടുണ്ടെന്നും നഗരം പൂര്‍ണമായി പിടിച്ചടക്കാന്‍ ഉടന്‍ യമനിലെത്തുമെന്നും യു.എ.ഇ സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹുദൈദ വിമാനത്താവളം ഹൂതികളില്‍നിന്ന് സഖ്യസേന മോചിപ്പിച്ചതായി യമന്‍ സൈന്യം ട്വിറ്ററിലൂടെ അറിയിച്ചു.
യമന്‍ തലസ്ഥാനമായ സന്‍ആ നിലവില്‍ ഹൂതികളുടെ നിയന്ത്രണത്തിലാണുള്ളത്. 2015ലാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖല ഹൂതികള്‍ പിടിച്ചടക്കിയത്. തലസ്ഥാനമായ സന്‍ആയും ഇതില്‍ ഉള്‍പ്പെടും.
തുടര്‍ന്ന് പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിക്കു രാജ്യം വിടേണ്ടി വന്നിരുന്നു. ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെയായി 10,000ത്തിലേറെ പേരാണു കൊല്ലപ്പെട്ടത്. 55,000 പേര്‍ക്ക് പരുക്കേറ്റു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധത്തെ തുടര്‍ന്നു പട്ടിണി ശക്തമായിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."