ഭ്രൂണഹത്യ നാസികള്‍ നടത്തിയ വംശഹത്യക്ക് തുല്യമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രസവത്തിന് മുന്‍പ് പരിശോധന നടത്തി വൈകല്യമുള്ള കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യുന്നത് നാസികള്‍ നടത്തിയ വംശഹത്യക്ക് തുല്യമാണെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. നാസി കാലഘടത്തില്‍ ശുദ്ധ ആര്യന്‍ വര്‍ഗ നിര്‍മാണത്തിനായി ശാരീരിക മാനസിക ദൗര്‍ബല്യങ്ങളുള്ളവരെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നതിനോടാണ് ഭ്രൂണഹത്യയെ അദ്ദേഹം ഉപമിച്ചത്. റോമില്‍ നടന്ന ഇറ്റലിയിലെ കുടുംബ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകായായിരുന്നു മാര്‍പാപ്പ.
കുട്ടികള്‍ എങ്ങനെയാണോ ലഭിക്കുന്നത് അത്‌പോലെ അവരെ സ്വീകരിക്കണം. ദൈവമാണ് അവരെ നല്‍കുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യകരമായ തകരാറുണ്ടെന്ന് കണ്ടെത്തിയാല്‍ ആദ്യമാസങ്ങളില്‍ തന്നെ ഭ്രൂണഹത്യ നടത്തുന്നത് ഇന്ന് സാധാരണമാണ്. അതൊരു ഫാഷനോ സ്വാഭാവിക സംഭവമോ ആയി മാറിയിരിക്കുന്നു. ഇതിനെ വേദനയോടെയാണ് ഞാന്‍ കാണുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ നാസികള്‍ നടത്തയതിനെയൊക്കെ ലോകം നിന്ദിക്കാറുണ്ട്. അതു തന്നെയല്ലേ ലോകം മുഴുവനുമിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വെളുത്ത ഗ്ലൗസുകളുടെ കൈയിലാണെന്ന വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍പാപ്പയുടെ സ്വദേശമായ അര്‍ജന്റീനയില്‍ 14 ആഴ്ചവരെയുള്ള ഭ്രൂണഹത്യക്ക് അനുമതി നല്‍കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് ജനങ്ങള്‍ ഈയിടെ വോട്ട് ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. കുടുംബം എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത് പരസ്പര ധര്‍മമെന്നാണ്.
അത് ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു സ്ത്രീയും പുരുഷനും ദൈവവിശ്വാസമില്ലാത്തവരാണെങ്കിലും അവര്‍ക്കൊരു കുഞ്ഞു ജനിച്ച് കുടുംബമായി മാറുന്നതോടെ അവരറിയാതെ തന്നെ ദൈവത്തിന്റെ പ്രതിരൂപമായി മാറുകയാണെന്നും മാര്‍പാപ്പ അഭിപ്രയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."