സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; 10 പേര്‍ രോഗമുക്തരായി, രോഗികളില്‍ മാധ്യമപ്രവര്‍ത്തകനും മൂന്ന് ആരോഗ്യപ്രവര്‍ത്തകരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്തു പേര്‍ രോഗമുക്തരായി. ഇന്ന് സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഒരു മാധ്യമപ്രവര്‍ത്തകനുമുണ്ട്. കാസര്‍കോട്ടെ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്നത്തെ പോസിറ്റീവ് കേസുകള്‍, ജില്ല തിരിച്ച്
- കൊല്ലം- 6
- തിരുവനന്തപുരം- 2
- കാസര്‍കോട്- 2
കൊല്ലത്തുള്ള അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാള്‍ ആന്ധ്രപ്രദേശില്‍ നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയതാണ്. കാസര്‍കോട്ട് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്.
ഇന്നത്തെ നെഗറ്റീവ് കേസുകള്‍, ജില്ല തിരിച്ച്
- കണ്ണൂര്‍- 3
- കോഴിക്കോട്- 3
- കാസര്‍കോട്- 3
- പത്തനംതിട്ട- 1
സംസ്ഥാനത്ത് ഇതുവരെ 495 പേര്‍ക്കാണ് കൊവിഡ്- 19 റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 123 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇതുവരെ 102 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇന്നുമാത്രം രണ്ടു പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലും കാസര്‍കോടിലെ അജാനൂരിലുമാണ് നിയന്ത്രണം കടുപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂരിലാണ് ഏറ്റവുമധികം ഹോട്ട്സ്പോട്ടുകള്‍ ഉളളത്. 28 ഹോട്ട്സ്പോട്ടുകളാണ് കണ്ണൂര്‍ ജില്ലയിലുളളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയാണ് തൊട്ടുപിന്നില്‍. 15 ഹോട്ട്സ്പോട്ടുകളാണ് ഇവിടെ ഉള്ളത്. ഏറ്റവുമധികം പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കണ്ണൂരില്‍ 47 രോഗികളാണ് ഉളളത്. കോട്ടയമാണ് തൊട്ടുപിന്നില്‍. 18 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."