ആദിവാസികളെ വനത്തില്‍നിന്ന് പുറത്താക്കാനുള്ള ഉത്തരവിന് സ്റ്റേ
ന്യൂഡല്‍ഹി: 11 ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ വനപ്രദേശത്തുനിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. ആദിവാസികളുടെ അപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. നാലു മാസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ രേഖകള്‍ സമര്‍പ്പിക്കണം. അതുവരെ ഫെബ്രുവരി 13നു കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നാണു നിര്‍ദേശം.
കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണു കോടതി നടപടി. വനാവകാശ നിയമം കൊണ്ടുവന്നപ്പോള്‍ അതില്‍ വനത്തില്‍ താമസിക്കാന്‍ അവകാശമുള്ള വിഭാഗങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിനായുള്ള അപേക്ഷ സ്വീകരിക്കുകയും കേരളം ഉള്‍പ്പെടെയുള്ള 14 സംസ്ഥാനങ്ങളില്‍നിന്നായി 11,27,446 കുടുംബങ്ങളുടെ അപേക്ഷ തള്ളുകയുമായിരുന്നു. അപേക്ഷ നിരസിക്കപ്പെട്ടവരെ ജൂലൈ 27നുമുന്‍പു പുറത്താക്കാനാണ് അരുണ്‍ മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ഫെബ്രുവരി 13ന് ഉത്തരവിട്ടിരുന്നത്. ഇതുപ്രകാരം അപേക്ഷ നിരസിക്കപ്പെട്ടവരൊക്കെ വനത്തിലെ അനധികൃത താമസക്കാരായാണു കണക്കാക്കുക.
കോടതി ഉത്തരവ് വിവാദമാകുകയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാനൊരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. കേസ് സുപ്രിംകോടതിയുടെ വിവിധ ബെഞ്ചുകളിലായി വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നുണ്ടായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ കാര്യമായ താല്‍പര്യമെടുക്കുകയോ കേസ് പരിഗണിക്കുമ്പോള്‍ അഭിഭാഷകര്‍ ഹാജരാകുകയോ എതിര്‍പ്പുന്നയിക്കുകയോ ചെയ്തിരുന്നില്ല.
സംസ്ഥാനങ്ങള്‍ വനാവകാശ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചതുകൊണ്ടാണ് ഇത്രയധികം അപേക്ഷ നിരസിക്കപ്പെട്ടതെന്നാണു ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കുന്നതു യഥാസമയം നിരീക്ഷിക്കുന്നുണ്ട്. ഗ്രാമസഭകള്‍ക്ക് അപേക്ഷ നല്‍കാനുള്ള നടപടിക്രമം സംബന്ധിച്ച അറിവില്ലായ്മയുണ്ട്. പല അപേക്ഷകളിലും നിരസിക്കപ്പെടാനുണ്ടായ കാരണം പോലും അപേക്ഷകരോടു പറഞ്ഞിട്ടില്ല. അവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള ശേഷിയുമില്ല. ഇത്രയധികം അപേക്ഷ നിരസിക്കപ്പെട്ടതില്‍ ആശങ്കയറിയിച്ചു സംസ്ഥാനങ്ങള്‍ക്കു പലപ്പോഴായി കത്തെഴുതിയിരുന്നു. വനം അധികൃതര്‍ ആദിവാസികളെ അപ്പീലിനുപോലും സമയം നല്‍കാതെ ധൃതിപിടിച്ച് ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണു ചെയ്തതെന്നും കേന്ദ്രം സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ അപേക്ഷ തള്ളിയതുസംബന്ധിച്ചു സംസ്ഥാനങ്ങളോടു വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടണമെന്നും അതുവരെ ആദിവാസികളെ പുറത്താക്കല്‍ നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. ഇതു കോടതി അംഗീകരിക്കുകയായിരുന്നു. നിലവില്‍ 11 ലക്ഷത്തിലധികമാണ് ഔദ്യോഗിക കണക്കായി പറയുന്നതെങ്കിലും ഇത് 23 ലക്ഷമെങ്കിലുമുണ്ടാകുമെന്ന് ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 42.19 ലക്ഷം കുടുംബങ്ങളാണു വനാവകാശ നിയമപ്രകാരം വനപ്രദേശത്തു തുടര്‍ന്നും ജീവിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്. ഇതില്‍ അംഗീകരിക്കപ്പെട്ടത് 18.89 ലക്ഷം മാത്രമാണ്. മൂന്നു ലക്ഷം അപേക്ഷകളില്‍ തീരുമാനമായിട്ടില്ല. അങ്ങനെ വന്നാല്‍ ബാക്കിയുള്ളവരെ മുഴുവന്‍ പുറത്താക്കേണ്ടവരായി കണക്കാക്കാം. നിലവിലുള്ള കണക്കുപ്രകാരം മധ്യപ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ആദിവാസികളെ ഒഴിപ്പിക്കുക. 3,54,787 അപേക്ഷയാണ് അവിടെ നിരസിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍നിന്ന് 1,76,540 കുടുംബങ്ങളെയും ഒഴിപ്പിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."