പുനലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പ്
പൂനലൂര്‍: പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ പിടിച്ചിട്ട വാഹനങ്ങള്‍ കാരണം പുനലൂര്‍ സ്റ്റേഷനില്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷം. ജില്ലയുടെ കിഴക്കന്‍ മലയോരത്തെ പ്രധാന സ്‌റ്റേഷനായ പുനലൂര്‍ ജനമൈത്രി പോലിസ് സ്റ്റേഷന്‍ വളപ്പാണു കേസില്‍ കണ്ടെത്തിയ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയത്.
സ്റ്റേഷനിലേക്കു കയറുന്ന കിഴക്കേ വഴി ഒഴിച്ച് ബാക്കിവശങ്ങളിലെല്ലാം വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്.
നൂറിലധികം ബൈക്കുകള്‍, കാറുകള്‍, ഓട്ടോറിക്ഷകള്‍, ടിപ്പര്‍ ലോറികള്‍ എന്നിവയടക്കം വാഹനങ്ങള്‍ കുന്നുകൂടി കാടും പടലും മൂടിയിട്ടുണ്ട്. ഇതോടെ ഇഴജന്തുക്കളും ഇവിടെ താമസസ്ഥലമാക്കി.
കേസുകളില്‍പെട്ട ഇത്തരം വാഹനങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. മെയിന്‍ സ്റ്റേഷനു പിടഞ്ഞാറു ഭാഗത്തായുള്ള സിവില്‍ പോലിസ് ഓഫിസര്‍മാരുടെ വിശ്രമമുറിയും ഡ്രസ് ചെയിഞ്ചിങ് റൂമും വാഹന പാര്‍ക്കിങ് ഷെഡും ഇഴജന്തുക്കളുടെ ബാഹുല്യം കാരണം ഉപയോഗശൂന്യമായ സ്ഥിതിയിലാണ്. സി.ഐ ഓഫിസും പൊലിസ് സ്റ്റേഷനും പ്രവര്‍ത്തിക്കുന്ന കോംപൗണ്ടിലാണ് വാഹനങ്ങള്‍ നശിക്കുന്നതും ഇഴജന്തുക്കള്‍ ശല്യമായും മാറിയിരിക്കുന്നത്. തൊട്ടടുത്താണ് ഡിവൈ.എസ്.പി ഓഫിസും പ്രവര്‍ത്തിക്കുന്നത്.
പരിസരം കാടുകയറിയതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചായക്കട പോലിസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള മുറികളിലൊന്നിലേക്കു ചേക്കേറി. സ്റ്റേഷനിലെത്തുന്ന ജനപ്രതിനിധികളടക്കം വാഹനങ്ങള്‍ ദേശീയപാതക്കരികിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലും നിര്‍ത്തിയിട്ട ശേഷം നടന്നുവരേണ്ട അവസ്ഥയാണ്.
പൊലിസ് സ്റ്റേഷന്‍ റോഡിലെ അനധികൃത പാര്‍ക്കിങ് മൂലം മേഖലയിലെ താമസക്കാരും റയില്‍വേ സ്റ്റേഷന്‍, ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കെത്തുന്നവരും പ്രയാസപ്പെടുന്നുണ്ട്. സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ നീക്കം ചെയ്യുകയും പിടഞ്ഞാറുഭാഗം വഴിയുള്ള യാത്ര സുഗമമാക്കുന്നതിനും നടപടികളെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."