സഹപാഠിക്ക് സ്‌നേഹത്തണലൊരുക്കി വിദ്യാര്‍ഥികള്‍
ചവറ: സഹപാഠിക്ക് എന്‍.എസ്.എസ് നിര്‍മിച്ചുനല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം എന്‍. വിജയന്‍ പിള്ള എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ മാനുഷ്യമൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് മറ്റുള്ളവര്‍ക്ക് സഹായികളായി മാറണമെന്ന് എം.എല്‍.എ പറഞ്ഞു.
സാമൂഹ്യ പ്രതിബദ്ധതയുള്ളവരുടെ നാടായി മാറ്റാന്‍ നാം ഓരോരുത്തരും ശ്രമിക്കണം. ഉന്നതവിദ്യാഭ്യാസം നേടിയിട്ട് കാര്യമില്ല, കരുണയും വേദനയും തിരിച്ചറിയണം. സ്വാര്‍ഥത വെടിഞ്ഞ് മനുഷ്യന്‍ സമൂഹ നന്മയെന്താണന്നു തിരിച്ചറിയണം. കൂട്ടുക്കാരിക്ക് ഭവനം നിര്‍മിച്ചുനല്‍കിയതു വഴി ഒരു മഹത്തായ സന്ദേശമാണു നല്‍കിയിരിക്കുന്നതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് എസ്. രാധാകൃഷ്ണപിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ചവറ ബ്ലോക്ക് പ്രസിഡന്റ് തങ്കമണിപ്പിള്ള, പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി ജനപ്രതിനിധികളായ ജെ. അനില്‍, ബിന്ദു സണ്ണി, പി. സുധാകുമാരി, ആര്‍. രവി, കോലത്ത് വേണുഗോപാല്‍, പുഷ്പകുമാരി, എന്‍.എസ്.എസ് സംസ്ഥാന ഉപദേശക സമിതിയംഗം എസ്. നൗഷാദ്, എന്‍.എസ്.എസ് പി.എ.സി അംഗം മഹേഷ് ചന്ദ്രന്‍, ഭവനനിര്‍മാണ പദ്ധതി കണ്‍വീനര്‍ എം.എസ് വിനോദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ. ആമിന ബീവി സംസാരിച്ചു.
ചവറ ശങ്കരമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവിനു പഠിക്കുന്ന പന്മന കോലം ഗൗരി നന്ദനത്തില്‍ നിജിമോന്‍ ശ്രീലേഖ ദമ്പതികളുടെ മകളായ ഗൗരിക്കാണ് സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹവീട് നിര്‍മിച്ചുനല്‍കിയത്. എന്‍.എസ്.എസിന്റെ രജതജൂബിലിയുടെ ഭാഗമായിട്ടാണു ഭവനനിര്‍മാണം ഏറ്റെടുത്തു നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."