ലോകകപ്പ് ഫുട്‌ബോളിന്റെ ചെലവ് വെട്ടിച്ചുരുക്കും
ദോഹ: 2022 ലോകകപ്പിനു വേണ്ടിയുള്ള പദ്ധതികളുടെ ചെലവ് നേരത്തേ പ്ലാന്‍ ചെയ്തതില്‍ നിന്ന് 40 ശതമാനം വരെ കുറയ്ക്കുന്നതിന് ആസൂത്രണം ചെയ്തതായി റിപോര്‍ട്ട്. ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് സി.എന്‍.എന്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, എണ്ണ വിലയിടിവിനെ തുടര്‍ന്ന് ബജറ്റ് വെട്ടിച്ചുരുക്കുന്നതുമായി ഇതിന് ബന്ധമില്ല.
സാമ്പത്തിക ഉത്തരവാദിത്തം ഉറപ്പുവരുത്തലാണ് ബജറ്റ് ചുരുക്കുന്നതിന്റെ ലക്ഷ്യമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍തവാദി പറഞ്ഞു. ടൂര്‍ണമെന്റ് അടിസ്ഥാന സൗകര്യത്തിന് വേണ്ടി 800 കോടി ഡോളര്‍ മുതല്‍ 1000 കോടി ഡോളര്‍ വരെ ചെലവാക്കാനാണ് ഖത്തര്‍ ഇപ്പോള്‍ പദ്ധതിയിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗവും സ്റ്റേഡിയം നിര്‍മാണത്തിനും പരിശീലന ഗ്രൗണ്ടുകള്‍ക്കും വേണ്ടിയാണ് പോവുക. ഹൈവേകള്‍, ഹോസ്പിറ്റലുകള്‍, ദോഹ മെട്രോ തുടങ്ങിയവയൊന്നും ഇതില്‍പ്പെടില്ല. 2022 ലക്ഷ്യമിട്ട് ഒരുക്കുന്ന ഇത്തരം പദ്ധതികള്‍ക്കായി ആഴ്ചയില്‍ 500 ദശലക്ഷം ഡോളര്‍ വീതം ചെലവഴിക്കുമെന്ന് ധനമന്ത്രി ഈയിടെ വ്യക്തമാക്കിയിരുന്നു.
അഞ്ച് വര്‍ഷം കൊണ്ട് ഖത്തര്‍ ഒരുക്കേണ്ട സ്‌റ്റേഡിയങ്ങളുടെ എണ്ണം ഫിഫ ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, എട്ട് സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനാണ് ഖത്തര്‍ ലക്ഷ്യമിടുന്നതെന്ന് അല്‍തവാദി പറഞ്ഞു. എന്നാല്‍, ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഒരു സ്റ്റേഡിയം കൂടി അധികമായി വന്നേക്കാമെന്നും അദ്ദേഹം സി.എന്‍.എന്നിനോട് പറഞ്ഞു.
എല്ലാ സ്റ്റേഡിയങ്ങളും 2020ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അല്‍വഅബിലെ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അല്‍ഖോര്‍ അല്‍ബെയ്ത്ത്, അല്‍വക്‌റ് സ്‌റ്റേഡിയങ്ങള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാവും. ബാക്കിയുള്ളവ പ്രാഥമിക ഘട്ടത്തിലാണ്. ലോകകപ്പിനുള്ള സീറ്റുകള്‍ ഖത്തറില്‍ തന്നെ നിര്‍മിക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രിം കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള കരാര്‍ കോസ്റ്റല്‍ ഖത്തര്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."