വീണ്ടുമൊരു പ്രളയമുണ്ടായാല്‍ നേരിടാനൊരുങ്ങി കേരളം, രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ പൊലിസ് സ്റ്റേഷനുകളില്‍ എത്തി
കാളികാവ് /മലപ്പുറം: രണ്ടു പ്രളയങ്ങള്‍ തകര്‍ത്ത കേരളത്തില്‍ വീണ്ടുമൊരു പ്രളയമുണ്ടായാല്‍ നേരിടുന്നതിനായി സംസ്ഥാനം ഒരുങ്ങുന്നു. കൊവിഡ് ഭീതിക്കിടയിലും പ്രളയക്കെടുതി മൂലമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള മുന്നൊരുക്കങ്ങളാണ് സംസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രളയബാധിത മേഖലകളിലെ പൊലിസ് സ്റ്റേഷനുകളില്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചുതുടങ്ങിയിട്ടുള്ളത്. കൊവിഡ് കാലത്തെപ്പോലെ തന്നെ പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയും പൊലിസിനു തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
മരം വെട്ടുന്ന ഉപകരണം, നീളം കൂടിയ വടം, ഷൂ, മഴക്കോട്ട്, തിരച്ചില്‍ നടത്താനുള്ള വിളക്ക് തുടങ്ങിയ സാധനങ്ങള്‍ പൊലിസ് സ്റ്റേഷനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷം ആളപായം കൂടുതലുണ്ടായ മലയോര മേഖല കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളിലെ സ്റ്റേഷനുകളിലേക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്.
മുന്‍വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ച മേഖലകള്‍ കേന്ദ്രീകരിച്ചാണ് മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ നടത്തുന്നത്. സാമഗ്രികളുടെ കുറവ് മുന്‍വര്‍ഷങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനു വലിയ വിലങ്ങുതടിയായിരുന്നു. ഇതു പരിഗണിച്ചാണ് ഉപകരണങ്ങള്‍ നല്‍കിയത്.
പ്രളയത്തെത്തുടര്‍ന്നുണ്ടാകുന്ന ആള്‍നഷ്ടം പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ, കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, നിലമ്പൂര്‍, പോത്തുകല്ല്, എടക്കര, വഴിക്കടവ്, എടവണ്ണ, വാഴക്കാട് എന്നീ സ്റ്റേഷനുകളില്‍ ഇതിനോടകം സാമഗ്രികള്‍ എത്തിച്ചുകഴിഞ്ഞു. സ്റ്റേഷനുകള്‍ക്കു കീഴിലുള്ള സന്നദ്ധപ്രവര്‍ത്തകരടങ്ങിയ ദുരന്തനിവാരണ സമിതിയായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."