അഭിനന്ദന്‍ വര്‍ധ്മാന്റെ മോചനം ആഹ്ലാദകരം
പാകിസ്താന്റെ കസ്റ്റഡിയില്‍ അകപ്പെട്ട ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാനെ ഇന്ത്യയുടെ കര്‍ക്കശ നിലപാടിന്റെയും ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദങ്ങളുടെയും ഫലമായി ഒടുവില്‍ വിട്ടയക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത് ആഹ്ലാദകരമാണ്. ജനീവ കരാര്‍ പ്രകാരമുള്ള തീരുമാനമനുസരിച്ച് അഭിനന്ദന്‍ വര്‍ധ്മാനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി പാകിസ്താന്റെ മുന്നില്‍ യാചിക്കാനോ നയതന്ത്ര സംഭാഷണത്തിനോ ഇന്ത്യ മുതിര്‍ന്നതുമില്ല. ആ പശ്ചാതലത്തില്‍ ഇന്ത്യയുടെ വിജയം തന്നെയാണ് അഭിനന്ദന്റെ മോചനം.
ഒരുപാധിയും മുന്നോട്ടുവയ്ക്കാന്‍ പാകിസ്താനെ അനുവദിക്കാതെ, ആദ്യം അഭിനന്ദനെ വിട്ടയക്കുകയെന്ന ഉറച്ച നിലപാടിലായിരുന്നു ഇന്ത്യ. ആ നിലപാടിനൊപ്പം ലോകരാഷ്ട്രങ്ങളെ നിര്‍ത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികവ്യൂഹത്തിനു നേരേ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തി വിജയകരമായി മടങ്ങുമ്പോഴാണു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്. അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാക് അധീന കശ്മിരില്‍ വീഴുകയും അഭിനന്ദന്‍ പാക് പട്ടാളത്തിന്റെ പിടിയിലാവുകയുമായിരുന്നു.
അഭിനന്ദനെ കസ്റ്റഡിയില്‍വച്ച് ഇന്ത്യയോടു വിലപേശി തങ്ങളുടെ ഭീകരാനുകൂല നിലപാടിനെ സാധൂകരിക്കാമെന്ന വിശ്വാസത്തിലായിരുന്നു പാകിസ്താന്‍. എന്നാല്‍, ലോകരാഷ്ട്രങ്ങള്‍ പാകിസ്താനു നേരേ മുഖം കറുപ്പിക്കുകയും സ്വരം കടുപ്പിക്കുകയുമാണു ചെയ്തത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നു പാകിസ്താന്‍ കരുതിയ ചൈനയുള്‍പ്പെടെ പാകിസ്താന്റെ ഭീകരാനുകൂല നിലപാടിനെ സാധൂകരിക്കാന്‍ തയാറായില്ല. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ കടുത്ത സമ്മര്‍ദം ചെലുത്തി. ഇതിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാകിസ്താനു കഴിയാതെ വന്നു.
ഇന്ത്യയുടെ മുമ്പിലുള്ള ഏറ്റവും വലിയ ദൗത്യം വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഒരു പരുക്കുമേല്‍ക്കാതെ സുരക്ഷിതമായി തിരികെ കൊണ്ടുവരിക എന്നതായിമാറി. രാജ്യത്തെ യുദ്ധഭ്രാന്തില്‍നിന്നു മോചിപ്പിച്ചു സംയമനത്തിന്റെയും ചര്‍ച്ചയുടെയും മാര്‍ഗത്തിലൂടെ നേടിയെടുക്കേണ്ട ദൗത്യമായിരുന്നു ഇത്. സൈനികനടപടികള്‍ക്കിടയിലോ യുദ്ധത്തിനിടയിലോ തടവിലാക്കപ്പെടുന്ന പട്ടാളക്കാരെ ഒരാഴ്ചയ്ക്കകം വിട്ടയക്കണമെന്ന 1949 ലെ ജനീവ കരാര്‍ പ്രകാരം അഭിനന്ദനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചിരുന്നു.
ജനീവ കരാര്‍ അനുസരിച്ച് റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കിവേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അവസരം നല്‍കണം. ഭക്ഷണം, ചികിത്സാ സൗകര്യം മുതലായവ നല്‍കണം. പരുക്കേല്‍പ്പിക്കരുത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അഭിനന്ദനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.
അഭിനന്ദനെ വിട്ടയക്കുമെന്നു പാക് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാന്റെ പ്രഖ്യാപനത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. എങ്കിലും രാജ്യം പാകിസ്താനാണെന്നതും അവിടെ ഇത്തരം കാര്യങ്ങളില്‍ സൈന്യമാണ് അവസാന വാക്കെന്നതും പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. സൈന്യത്തിന്റെ തുടര്‍നടപടി കാത്തിരിക്കേണ്ടിയിരിക്കുന്നു.
അഭിനന്ദനെ കൈമാറാന്‍ പാകിസ്താന്‍ താമസിച്ചതിനു പിന്നില്‍ വ്യക്തമായ സൈനിക ലക്ഷ്യമുണ്ടായിരുന്നു. ജനീവ കരാര്‍ ലംഘിക്കാന്‍ അതിര്‍ത്തിയില്‍ യുദ്ധമുണ്ടായിട്ടില്ലെന്നും പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ചിട്ടില്ലെന്നും പാകിസ്താനിലേയ്ക്ക് ഇന്ത്യന്‍ വിമാനം അതിക്രമിച്ചു കയറുകയാണുണ്ടായതെന്നും അതിനിയെടാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ കസ്റ്റഡിയിലായതെന്നുമാണ് പാകിസ്താന്‍ വാദമുന്നയിക്കാനിരുന്നത്. ഈ നിലപാടുയര്‍ത്തി ഇന്ത്യയുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ തങ്ങള്‍ ലക്ഷ്യമിട്ട വഴിക്കു കൊണ്ടുപോകുകയായിരുന്നു ഉന്നം.
ഇന്ത്യയുമായി ചര്‍ച്ചയ്ക്കു നേരത്തേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നു വേണം കരുതാന്‍. ഇന്ത്യ ചര്‍ച്ചയില്‍ നിന്നു മാറി നിന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അഭിനന്ദനെ മറയാക്കി ഇന്ത്യയെ ചര്‍ച്ചയ്ക്കു നിര്‍ബന്ധിതമാക്കുക എന്ന തന്ത്രമായിരുന്നു പാകിസ്താന്‍ അവലംബിച്ചത്. എന്നാല്‍, അമേരിക്കയുടെയും ഫ്രാന്‍സിന്റെയും ബ്രിട്ടന്റെയും നിലപാടുകളും യു.എന്നിലെ പാകിസ്താനെതിരേയുള്ള നീക്കവും അന്താരാഷ്ട്രതലത്തിലെ ഒറ്റപ്പെടലും അവരെ കടുത്ത സമ്മര്‍ദത്തിലാക്കി. അങ്ങനെ അഭിനന്ദനെ വിട്ടയക്കാന്‍ നിര്‍ബന്ധിതമായി.
പാകിസ്താന്‍ ഭീകരത അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന ഇന്ത്യന്‍ നിലപാടിന് ഇപ്പോള്‍ പ്രസക്തി ഏറുകയുമാണ്. ഇന്ത്യയില്‍നിന്നു തുടരാക്രമണമുണ്ടാകാതിരിക്കാന്‍ അഭിനന്ദനെ ഉപയോഗപ്പെടുത്താമെന്ന പാകിസ്താന്റെ തന്ത്രമാണിവിടെ പരാജയപ്പെട്ടത്. ഇന്നു വാഗ അതിര്‍ത്തിയില്‍ അഭിനന്ദനെ ഇന്ത്യന്‍ അധികൃതര്‍ക്കു പാകിസ്താന്‍ കൈമാറുമ്പോള്‍ ഇന്ത്യ കൈവരിച്ച നയതന്ത്ര വിജയമായി അതിനെ കാണേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."