മീനങ്ങാടി എഫ്.സി.ഐയിലേക്കുള്ള റേഷന്‍ വിതരണം അവതാളത്തില്‍
പയ്യോളി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ തിക്കോടി ഡിപ്പോയില്‍ നിന്ന് മീനങ്ങാടി ഡിപ്പോയിലേക്കുള്ള റേഷന്‍ വിതരണം അവതാളത്തില്‍. ഒന്നര മാസമായി തിക്കോടിയില്‍ പുതിയ കരാറുകാരന്‍ ടെണ്ടര്‍ എടുത്തിട്ടും ഇതേ വരെ റേഷന്‍ വിതരണത്തിന് വ്യവസ്ഥയായില്ലെന്നാണ് അറിയുന്നത്.
പുതിയ കരാര്‍ എടുത്തതിന് ശേഷം ആദ്യ ദിവസം തന്നെ വൈകിട്ട് തിക്കോടി എഫ്.സി.ഐയിലേക്ക് ലോറി കയറുകയും ലോഡ് കയറ്റാതെ ഇറങ്ങുകയും ചെയ്ത സംഭവമുണ്ടായി. എഫ്.സി.ഐയിലെ തൊഴിലാളികളുമായുള്ള കൂലിത്തര്‍ക്കമായിരുന്നുവത്രെ ഇതിന് കാരണം. നൂറോളം ലോറികളുള്ള തിക്കോടിയില്‍ നിന്നു ലോറികള്‍ വിളിക്കാതെ കോഴിക്കോട് ലോറി ബ്രോക്കറുമായി ഒത്തു ചേര്‍ന്ന് കോഴിക്കോട് നിന്നു ലോറി കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി തിക്കോടിയിലെ ലോറിക്കാര്‍ കുറ്റപ്പെടുത്തി.
ലോറിക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പൊലിസ് ഇടപെട്ടിരുന്നു. പയ്യോളി പൊലിസ് സ്റ്റേഷനില്‍ വച്ച് തിങ്കളാഴ്ച ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. തിക്കോടിയിലോ വെസ്റ്റ്ഹില്ലിലോ ഒരു ഗുഡ്‌സ് വാഗണ്‍ വന്നാല്‍ അതില്‍ നിന്നു നിശ്ചിത വിഹിതം ലോഡുകള്‍ മീനങ്ങാടി എഫ്.സി.ഐയ്ക്ക് കൊണ്ടു പോകുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം മീനങ്ങാടിക്ക് പോകേണ്ട ലോഡ് തിക്കോടിയില്‍ തന്നെ ഇറക്കേണ്ട സാഹചര്യമുണ്ടായി. എഫ്.സി.ഐ ആവശ്യപ്പെട്ട ട്രക്കുകള്‍ കൊടുക്കാന്‍ കരാറുകാരന് സാധിക്കാതിരുന്നതാണ് ഇതിന് കാരണം.
വന്‍ സാമ്പത്തിക ബാധ്യതയാണ് എഫ്.സി.ഐക്ക് ഇത് കൊണ്ട് ഉണ്ടാകുന്നത്. രണ്ട് കയറ്റിറക്ക് കൂലി കൂടാതെ രണ്ട് പ്രാവശ്യം കീടനാശിനി ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നു.
ഇത് പ്രധാനമായും ദോഷം വരുത്തുന്നത് ആദിവാസി മേഖലയായ വയനാട്ടിലെ റേഷന്‍ ഗുണഭോക്താക്കള്‍ക്കാണ്. വാഗണ്‍ ഇറക്കുന്ന ദിവസം ലോഡ് പോകാത്തത് കൊണ്ട് എഫ്.സി.ഐ റെയില്‍വേക്ക് ഡമറേജ് കേട്ടേണ്ടി വരികയും ചെയ്യുന്നു. കഴിഞ്ഞ ബുധനാഴ്ച ലോഡ് കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും കോഴിക്കോട് നിന്നു ബ്രോക്കര്‍മാര്‍ നിശ്ചയിച്ച വാടകക്ക് വരാന്‍ അവിടെത്ത ലോറിക്കാര്‍ തയാറാവാത്തത് കൊണ്ട് സാധിച്ചില്ലെന്നാണ് അറിഞ്ഞത്.
കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ്ഹില്ലില്‍ നിന്നു മീനങ്ങാടിക്ക് പോയ ലോഡുകള്‍ വയനാട് താമരശ്ശേരി ചുരം ഇടിഞ്ഞത് കാരണം ഇന്നലെ വൈകിട്ട് വരെ മീനങ്ങാടിയിലെത്തിയിട്ടില്ല.
ഇവയെല്ലാം കുന്നമംഗലം, കൊടുവള്ളി, അടിവാരം ഭാഗങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതില്‍ കുറച്ച് വണ്ടികള്‍ കോഴിക്കോട് റേഷന്‍ ഡിപ്പോകളില്‍ ഇറക്കിയതാണറിവ്. ബാക്കി വണ്ടികള്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ കിടക്കുകയാണ്. അതേ സമയം തിക്കോടിയില്‍നിന്നു മീനങ്ങാടിക്ക് പോയ ഒരു ലോഡ് അരി അപ്രത്യക്ഷമായ സംഭവത്തിന് ശേഷം തിക്കോടി എഫ്.സി.ഐയിലെ സ്ഥിതി ആകെ താളം തെറ്റിയ നിലയിലെന്നാണ് തൊഴിലാളികളും ലോറിക്കാരും പറയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി തിക്കോടി ഡിപ്പോ മാനേജരടക്കം നാലു പേര്‍ക്കെതിരേ നടപടിയുണ്ടായിരുന്നു. കോഴിക്കോട് ഡിപ്പോ മാനേജരും സസ്‌പെന്‍ഷനിലായി. ഈ സംഭവത്തിന് ശേഷം മാനേജ്‌മെന്റ് പകപോക്കല്‍ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് തൊഴിലാളികളും ലോറിക്കാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."