നിരവധി കുടുംബങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
മാവൂര്‍: പേമാരിക്കും വെള്ളപ്പൊക്കത്തിനും ശമനമായെങ്കിലും ദുരിതമൊഴിയുന്നില്ല. ഒട്ടേറെ കുടുംബങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മാവൂര്‍ പഞ്ചായത്തില്‍ മാത്രം 300ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ വീടൊഴിയേണ്ടി വന്നു.
ഇവരുടെയെല്ലാം കിണറുകള്‍ വെള്ളത്തിനടിയിലായിരുന്നു. കിണറുകളെല്ലാം മലിനമായി. ഇവര്‍ നടന്നുപോകുന്ന വഴികളെല്ലാം ചെളി നിറഞ്ഞു. വെള്ളപ്പൊക്കം വന്നതോടെ ഒട്ടേറെ ജലസേചന പദ്ധതികള്‍ വെള്ളത്തിനടിയിലായത് കാരണം അവയുടെ പ്രവര്‍ത്തനം നിലച്ചു. കിണര്‍ വറ്റിക്കാതെ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഈ കുടുംബങ്ങള്‍ക്ക്. ജില്ലയിലെ പലപ്രദേശങ്ങളും മഞ്ഞപ്പിത്തം അടക്കമുള്ള രോഗത്തിന്റെ പിടിയിലാണ്. വെള്ളപ്പൊക്കം കാരണം വീടൊഴിഞ്ഞ പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
ആരോഗ്യപ്രവര്‍ത്തകരോ പഞ്ചായത്ത് അധികൃതരോ വാര്‍ഡ് മെംബര്‍മാര്‍ പോലും ഈപ്രദേശത്തുകാരെ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അതേസമയം പെരുവയല്‍ പഞ്ചായത്ത്പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയില്‍നിന്ന് വെള്ളപ്പൊക്കം കാരണം വീടൊഴിഞ്ഞ കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തിരുന്നു.
മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷികോല്‍പന്നങ്ങള്‍ നശിച്ചു. ചിലയിടങ്ങളിലെല്ലാം കൃഷിവകുപ്പും റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് നഷ്ടം കണക്കാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."