തിരുവമ്പാടിക്കാര്‍ക്ക് ദുരിതമായി വിദേശമദ്യഷാപ്പും മദ്യപരും
തിരുവമ്പാടി: തിരുവമ്പാടിയിലെ വിദേശമദ്യഷാപ്പ് പരിസരവും മദ്യപരും തിരുവമ്പാടിക്കാര്‍ക്ക് ദുരിതമാകുന്നു. രാവിലെ മുതല്‍ മദ്യത്തിനു തിരക്ക് കൂട്ടുന്നവരുടെ ബഹളത്താല്‍ നിറയുകയാണ് ചേപ്പിലങ്ങോട് റോഡരികിലുള്ള വിദേശമദ്യഷാപ്പ് പരിസരം. വിദൂര സ്ഥലങ്ങളില്‍നിന്നു പോലും ഒട്ടേറെപ്പേരാണ് ഇവിടെ മദ്യം വാങ്ങാന്‍ എത്തുന്നത്.
റോഡ് വാഹനങ്ങളാല്‍ നിറയുമ്പോള്‍ റോഡിലൂടെ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. റോഡിനിരുവശവും നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഇരുന്നുള്ള മദ്യപാനവും ഈ പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുകയാണ്. വാഹനത്തില്‍ ഇരിക്കുന്നവര്‍ റോഡിലൂടെ പോകുന്ന സ്ത്രീകളുടെ വീഡിയോ പോലും പിടിക്കാറുണ്ടെന്നും ആക്ഷേപമുണ്ട്.
വൈകുന്നേരമായാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവഴി പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. തിരുവമ്പാടി അങ്ങാടിയില്‍നിന്ന് വീട്ടിലേക്ക് 200 മീറ്റര്‍ മാത്രം അകലെയുള്ള ആളുകള്‍ പോലും മദ്യപന്മാരെ ഭയന്ന് ഓട്ടോ വിളിക്കേണ്ട ഗതികേടിലാണെന്നും നാട്ടുകാര്‍ പറയുന്നു. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ ഇടുങ്ങിയ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് കാരണം നാട്ടുകാര്‍ക്ക് വഴി നടക്കാന്‍ കഴിയുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.
കഴിഞ്ഞദിവസം ഇതുസംബന്ധമായി നാട്ടുകാരും മദ്യപന്മാരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തിലെത്തുകയും ചെയ്തു. മദ്യം വാങ്ങാനെത്തുന്നവര്‍ തൊട്ടടുത്ത വീടുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നു. ഇത് തിരക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് അസഭ്യം പറയുന്നതായും പരാതിയുണ്ട്. വിദേശ മദ്യഷാപ്പിന് മുന്നില്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിട്ടും ഇതിന് മുതിരാതെ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതാണ് നാട്ടുകാരും മദ്യപന്മാരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം. കഴിഞ്ഞദിവസം മുതല്‍ നാട്ടുകാര്‍ സംഘടിച്ചെത്തി മദ്യപ സംഘത്തോട് വഴികളില്‍നിന്ന് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ട് തുടങ്ങി.
അതേസമയം മദ്യഷോപ്പ് പരിസരത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തിരുവമ്പാടി പൊലിസിന് സാധിക്കുന്നില്ല. തിരുവമ്പാടിയിലെ പൊലിസിന് മറ്റു സ്ഥലങ്ങളില്‍ സ്‌പെഷല്‍ ഡ്യൂട്ടി നല്‍കുന്നതിനാല്‍ തിരുവമ്പാടി സ്‌റ്റേഷനില്‍ ആളില്ലാത്ത അവസ്ഥയാണ്. റോഡിലെ പാര്‍ക്കിങ് ഒഴിവാക്കിയും റോഡരികിലും വാഹനങ്ങളിലുമുള്ള മദ്യപാനം നിയന്ത്രിച്ചും ജനങ്ങള്‍ക്ക് വഴിനടക്കാനുള്ള സൗകര്യം ഒരുക്കിയില്ലെങ്കില്‍ വിദേശമദ്യഷാപ്പ് പരിസരം സംഘര്‍ഷഭരിതമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."