ദുരിതപ്പെയ്ത്തില്‍ കര്‍ഷകര്‍ക്ക് സങ്കടപ്പെയ്ത്ത്
തിരുവമ്പാടി: കഴിഞ്ഞ നാലു ദിവസം മലയോരത്ത് തിമര്‍ത്തു പെയ്ത കാലവര്‍ഷത്തില്‍ മലയോരത്ത് കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടത് ആയുസിന്റെ അധ്വാനം. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പലരുടെയും സ്വപ്നങ്ങള്‍ ഒലിച്ചു പോയി. നാളിതുവരെ ദര്‍ശിച്ചിട്ടില്ലാത്ത മഴയും വെള്ളപ്പൊക്കവും മൂലം മലയോര ജനത ഇതോടെ ഭയപ്പാടിലുമായി.
നിരവധി സ്ഥലങ്ങളില്‍ മണ്ണിടിയുകയും ഉരുള്‍പൊട്ടുകയും കൃഷികള്‍ വ്യാപകമായി ഒലിച്ചു പോവുകയും ചെയ്തു. പുന്നക്കല്‍ ഓളിക്കല്‍, മധുരമൂല, കണ്ണന്‍ചിറ,മാവാതുക്കല്‍ പാറത്തോട്, ആനക്കാംപൊയില്‍ കരിമ്പ്, കൂടരഞ്ഞി പൂവാറന്‍തോട്, കുളിരാമുട്ടി സ്രാമ്പിക്കല്‍, കള്ളിപ്പാറ, ആനക്കല്ലുമ്പാറ, കല്ലുംപുല്ല്, പെരുമ്പൂള മഞ്ഞകടവ് എന്നിവിടങ്ങളിലെല്ലാം ഉരുള്‍ പൊട്ടുകയും മണ്ണിടിയുകയും ചെയ്തു.
പുന്നക്കല്‍ ഓളിക്കലില്‍ പരുത്തികുന്നേല്‍ കുഞ്ഞിക്കദിയുമ്മയുടെവീട് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി തകരുകയും കൃഷി നശിക്കുകയും ചെയ്തു. ഇവിടെ മണ്ണിടിച്ചിലില്‍ മലമലക്കാട്ടില്‍ അലിയുടെ വീട് തകര്‍ന്നു. പരുത്തികുന്നേല്‍ മുഹമ്മദലിയുടെ വീടിന്റെ മതില്‍ പൂര്‍ണമായി ഇടിഞ്ഞുവീണതിനാല്‍ തടത്തില്‍ രാമചന്ദ്രന്റെ വീട് ഭാഗികമായി തകര്‍ന്നു. മധുരമൂലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പാലക്കുന്നേല്‍ ശിവദാസിന്റെ വീടിനു സമീപം പുതുതായി തോട് രൂപാന്തരപ്പെട്ടു. ആനക്കാംപൊയില്‍ മാവാതുക്കല്‍ പാറത്തോട്ടില്‍ മണ്ണിടിച്ചിലില്‍ തുണ്ടിയില്‍ ദേവസ്യയുടെ മതിലും കൃഷിയും പൂര്‍ണമായും ഒലിച്ചുപോയി.
കരിമ്പില്‍ മണ്ണിടിഞ്ഞ് 5 വീടുകളുടെ പിന്‍ഭാഗം തകര്‍ന്നു.ആനക്കാംപൊയില്‍ ചെറുശ്ശേരി അരങ്ങില്‍ മണ്ണിടിച്ചിലുണ്ടായതു കാരണം അഞ്ചുപേര്‍ക്ക് സ്ഥലം മാറേണ്ടി വന്നു. പുന്നക്കലില്‍ 15 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പാമ്പിഴഞ്ഞപാറയില്‍ അയല്‍വാസിയുടെ ഭിത്തിയിടിഞ്ഞ് മുക്കണ്ണന്‍ മൈമൂനയുടെ വീടിന് കേടുപാട് സംഭവിച്ചു.
കൂടരഞ്ഞിയില്‍ കുളിരാമുട്ടി സ്രാമ്പിക്കല്‍ ചാലായില്‍ ജോസിന്റെ 1.5 ഏക്കറോളം റബര്‍, തെങ്ങ് കൃഷി ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി.പൂവാറന്‍ തോട് ഒറ്റപ്ലാക്കല്‍ ചെങ്ങോട്ട് തങ്കമണിയുടെ വീടിന് വന്‍ ഭീഷണിയായി 10 മീറ്റര്‍ ഉയരത്തില്‍ മണ്ണിടിഞ്ഞ് കൂടരഞ്ഞി പൂവാറന്‍ തോട് റോഡ് ഗതാഗതം തടസപ്പെട്ടു. ഏതു നിമിഷവും വീട് നിലംപൊത്താം. പൂവാറന്‍ തോട് കളരാത്ത് രാജേഷിന്റെ വീട് മണ്ണൊലിപ്പില്‍ തകര്‍ന്നു. പന്നക്കച്ചാലില്‍ വ്യാപകമായ നഷ്ടമുണ്ടായി.
കല്ലോലിക്കല്‍ തൊമ്മന്റെ വീടിന് മേല്‍ വന്‍പാറക്കല്ലും മണ്ണും പതിച്ച് തകര്‍ന്നടിഞ്ഞു. ഉറങ്ങിക്കിടന്ന മകന്‍ മനു കല്ലു വീണ് കാലിന് ഗുരുതര പരുക്കകളോടെ കോഴിക്കോട് മെഡി.കോളേജില്‍ ചികിത്സയിലാണ്. ഇതിനടുത്ത് തെള്ളിയില്‍ കുട്ടപ്പായിയുടെ വീട് ഭാഗികമായി നശിച്ചു. കൂമ്പാറ, കക്കാടംപൊയില്‍ ഭാഗത്തും വ്യാപകമായി നാശനഷ്ടമുണ്ടായി. പീടികപ്പാറ കൊച്ചോലിക്കല്‍ സാബുവിന്റെ വീട് വന്‍ ഭീഷണി നേരിടുന്നു. വീടിന്റെ മുറ്റം 25 അടി താഴ്ചയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. കല്ലും മണ്ണും കക്കാടംപൊയില്‍ റോഡില്‍ തടസമായി. വരിക്ക മാക്കല്‍ ബാബുവിന്റെ വീടും ഭീഷണിയിലാണ്.കുളത്തിങ്കല്‍ ബോബിയുടെ റബര്‍ കൃഷി ഒലിച്ചുപോയി. കൂമ്പാറ കക്കാടംപൊയില്‍ റോഡ് മലവെള്ളം കുത്തിയൊഴുകി വ്യാപകമായി നശിച്ചിട്ടുണ്ട്. കാരാട്ടുപാറ ശൗര്യമാക്കല്‍ ഷാജിയുടെ വീട് മണ്ണിടിഞ്ഞു വാസയോഗ്യമല്ലാതായി. കൂടരഞ്ഞിയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും പത്തെണ്ണം ഭാഗികമായും തകര്‍ന്നു.
താഴെ തിരുവമ്പാടി ഉല്ലാസ് നഗറില്‍ 15 വീടുകളും താഴെ തിരുവമ്പാടിയില്‍ 25 വീടുകളും വാപ്പാട്ട് അഞ്ച് വീടുകളും തുരുത്തിമ്മലില്‍ എട്ടും വീടുകളും വെള്ളത്തില്‍ മുങ്ങി. കോടഞ്ചേരി കണ്ണോത്ത് കളപ്പുറത്ത് ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പച്ചാനിയില്‍ അനൂപിന്റെ കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നുവീണു. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ പൂര്‍ണമായും നശിച്ചു. മുറ്റത്ത് കിടന്നിരുന്ന ഒരു കാറും രണ്ടു ബൈക്കുകളും തകര്‍ന്നു. മുറമ്പാത്തിയിലെയും പരിസര പ്രദേശത്തും 23 മൂന്നു വീടുകളില്‍ വെള്ളം കയറി.
പൂളവള്ളി പാടശേഖരം വെള്ളം കയറി മൂടി. ഉരപ്പിങ്കല്‍ തോട് കര കവിഞ്ഞൊഴുകി. സമീപത്തെ ഒരു വീട്ടില്‍ വെള്ളം കയറി. ഈരൂട് കരിങ്കല്‍ ക്വാറിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി. ഗണപതി പ്ലാക്കല്‍ ടോമിന്റെ കൃഷിയിടം മണ്ണിടിച്ചിലില്‍ നശിച്ചു. മണ്ണിടിച്ചിലില്‍ കോടഞ്ചേരി ഈരൂട് റോഡിലെ ഗതാതവും തടസപ്പെട്ടു. തേവര്‍ വയല്‍ തെക്കും തോട്ടം റോഡ് മലവെള്ളപ്പച്ചിലില്‍ ഒലിച്ചുപോയി. മണ്ണിടിച്ചിലില്‍ കോടഞ്ചേരി തെയ്യപ്പാറ റോഡും തടസപ്പെട്ടു.
മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൂരോട്ടുപാറ, നാരങ്ങാത്തോട് എന്നിവിടങ്ങളിലെ 42 കുടുംബങ്ങളെ നെല്ലിപ്പൊയില്‍ സെന്റ് തോമസ് എല്‍. പി സ്‌കൂളിലെ ക്യാംപിലേക്ക് മാറ്റിയിരുന്നു. ഈ സ്‌കൂളിന് സമീപത്തുണ്ടായിരുന്ന കിണറും ഇടിഞ്ഞുതാണു. പള്ളിപ്പടി കുമ്പിടാന്‍ ചിറ്റാറപറയില്‍ ബാലന്റെ കിണര്‍ ഇടിഞ്ഞുതാണു.കിഴക്കേപറമ്പില്‍ ബെന്നിയുടെ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അപകടാവസ്ഥയിലായി.
മുറമ്പാത്തിയില്‍ ബഷീര്‍ ആലിങ്ങാക്കുടി, തങ്കപ്പന്‍ കിഴക്കേപേണ്ടാനത്ത്, സലാം തച്ചം പറമ്പില്‍, ഇബ്രാഹിം നൊണ്ടത്ത്, ബിജു കുമരം കുടിയില്‍, സലാം മുട്ടേത്ത്, ജോസുകുട്ടി അനന്തക്കാട്ടില്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി.
എം.ഐ ഷാനവാസ് എം.പി സന്ദര്‍ശിച്ചു
മലയോരത്ത് മുത്തപ്പന്‍പുഴ, പൂമരത്തുംകൊല്ലി, കരിമ്പ്, ചെമ്പുകടവ് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിലും എം.ഐ ഷാനവാസ് എം.പി സന്ദര്‍ശിച്ചു. അംബേദ്കര്‍ കോളനി നിവാസികളുടെയും നാട്ടുകാരുടെയും പരാതികള്‍ നേരിട്ട് കേട്ടു. യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുവാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി ഫിലിപ്പ് പാമ്പാറ, ജോസ് ജേക്കബ്, സണ്ണി അബ്ദു, എ.കെ മുഹമ്മദ്, ബാബു കളത്തൂര്‍, ടി.ജെ കുര്യന്‍, ഏലിയാമ്മ ജോര്‍ജ്, റോബര്‍ട്ട് നെല്ലിക്കതെരുവില്‍, പൗളിന്‍ മാത്യു എന്നിവര്‍ എം.പിയോടൊപ്പമുണ്ടായിരുന്നു.
അടിയന്തര സഹായം
ലഭ്യമാക്കണമെന്ന്
വീടുകള്‍ നഷ്ടപെട്ടവര്‍ക്കും കൃഷിയും വീടും നശിച്ചവര്‍ക്കും പുനര്‍നിര്‍മാണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കര്‍ഷക യൂനിയന്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തോമസ് ഐക്കരശ്ശേരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കുളത്തിങ്കല്‍, സി.സി തോമസ്, വിത്സന്‍ പുല്ലുവേലില്‍, ജോണി പ്ലാക്കാട്ട്, റെജി കോടപ്പിള്ളി, ടോമി മണിമല, ജോസ് ഞാവള്ളി, ഷിനോയി അടക്കാപ്പാറ, ജോസ് പുണര്‍ത്താന്‍ കുന്നേല്‍ സംസാരിച്ചു.
നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ബേബി പെരുമാലില്‍ അധ്യക്ഷനായി. ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍, അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, കെ.ജെ ആന്റണി, ജോസ് കുന്നേല്‍, ഡോ.ചാക്കോ കാളം പറമ്പില്‍, തോമസ് മുണ്ടപ്ലാക്കല്‍, ബേബി കിഴക്കേഭാഗം, ബെന്നി ജോണ്‍ എടത്തില്‍, അനീഷ് വടക്കേല്‍ സംസാരിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."