ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നു ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ഇരകളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രുപ നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിന്റെ സമരത്തില്‍ പങ്കെടുക്കുന്നതിനു മുന്‍പ് സ്വന്തം ജനത നേരിട്ട ദുരന്തത്തില്‍ ആശ്വാസം പകരാന്‍ മുഖ്യമന്ത്രി കട്ടിപ്പാറയില്‍ എത്തണമായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസത്തെ കുറിച്ചോ പാക്കേജുകളെ കുറിച്ചോ ആലോചിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. 30 കോടിയുടെ നാശനഷ്ടമുണ്ടായ പ്രകൃതി ദുരന്തത്തോട് സര്‍ക്കാര്‍ കാണിച്ച സമീപനവും നിസംഗതയും കടുത്ത പ്രതിഷേധങ്ങള്‍ക്കു വഴിവയ്ക്കുന്നതാണ്. പുലര്‍ച്ചെ നടന്ന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു വൈകിയെത്തിയ ദുരന്തനിവാരണ സേന സര്‍ക്കാരിന്റെ വീഴ്ചയുടെ ഉദാഹരണമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര സഹമന്ത്രിയായിരുന്നപ്പോള്‍ ജില്ലയില്‍ എന്‍.ഡി.ആര്‍.എഫ് യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതും തിരിച്ചടിയായി. ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ ഇരുട്ടില്‍തപ്പുകയാണ്. താല്‍ക്കാലിക ക്യാംപുകളാക്കിയ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അഭയാര്‍ഥികള്‍ക്ക് സ്ഥിരം സങ്കേതം ഒരുക്കാനുള്ള നടപടി പോലും സര്‍ക്കാര്‍ കൈകൊണ്ടില്ലെന്നു സിദ്ദീഖ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."