പയ്യോളി ബാങ്ക് നിയമന പ്രശ്‌നം: സി.പി.എമ്മില്‍ പൊട്ടിത്തെറി
വടകര: സി.പി.എം ഭരിക്കുന്ന പയ്യോളി സര്‍വിസ് സഹകരണ ബാങ്കിലെ പ്യൂണ്‍ തസ്തികയിലേക്കു ലോക്കല്‍ സെക്രട്ടറിയുടെ മകളെ നിയമിക്കാന്‍ തീരുമാനിച്ചതിനെതിരേ പയ്യോളിയില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി. സി.പി.എം ലോക്കല്‍, ഏരിയാ നേതൃത്വങ്ങളാണു നിയമന തീരുമാനമെടുത്തത്. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വികാരമാണ് ഉണ്ടായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ച ഡി.വൈ.എഫ്.ഐ നേതാവായിരുന്ന കെ.പി റഹീസിന്റെ ഭാര്യക്ക് നിലവിലെ ഒഴിവില്‍ ജോലി നല്‍കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പയ്യോളി ലോക്കല്‍ കമ്മിറ്റിയംഗവും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു റഹീസ്. പയ്യോളി മേഖലയില്‍ രാഷ്ട്രീയ ഭേദമന്യെ എല്ലാവര്‍ക്കും സ്വീകാര്യനായ റഹീസിന്റെ കുടുംബത്തിനെ തഴഞ്ഞ്, പാര്‍ട്ടി നല്‍കുന്ന ജോലി നേതാവിന്റെ കുടുംബത്തിന്റെ കുത്തകയാക്കുന്നുവെന്നാണ് അണികള്‍ ആരോപിക്കുന്നത്. പാര്‍ട്ടിയുടെ തെറ്റായ തീരുമാനത്തിനെതിരേ ലോക്കല്‍ പരിധിയിലെ പ്രവര്‍ത്തകരും പാര്‍ട്ടിയംഗങ്ങളുംപരസ്യമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
ആദ്യഘട്ടമെന്ന നിലയില്‍ പയ്യോളിയിലും പരിസരങ്ങളിലും പോസ്റ്റര്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുമായിരുന്നു. അതേസമയം തീരുമാനം പുനഃപരിശോധിക്കാന്‍ പാര്‍ട്ടി തയാറാകാത്തതിനാല്‍ നൂറോളം പ്രവര്‍ത്തകര്‍ രാജിവയ്ക്കുക എന്ന കടുത്ത തീരുമാനവും എടുത്തിട്ടുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളെ നേതൃത്വം കാര്യമായി എടുക്കാത്തതിനെ തുടര്‍ന്ന് ബ്രാഞ്ച് യോഗങ്ങളില്‍ അംഗങ്ങള്‍ ശക്തമായ നിലപാടുകള്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബ്രാഞ്ച് കമ്മിറ്റികള്‍ നേതൃത്വത്തിന് ഇക്കാര്യം കാണിച്ച് കത്തും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും നേതൃത്വം മുഖവിലക്കെടുത്തില്ല.
ഡി.വൈ.എഫ്.ഐയുടെ കമ്മിറ്റികളിലും പ്രശ്‌നം ചൂടേറിയ ചര്‍ച്ചയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ പേരിലാണ് പ്രദേശത്തു പലയിടത്തും പോസ്റ്ററുകള്‍ പതിച്ചിരുന്നത്. ഇതുകാരണം ഡി.വൈ.എഫ്.ഐയുടെ പയ്യോളി വില്ലേജ് കമ്മിറ്റി ചേരുന്നത് സി.പി.എം ഏരിയാ നേതൃത്വം തടഞ്ഞിരുന്നു. സി.പി.എമ്മിന്റെ പ്രദേശത്തെ സൈബര്‍ ഗ്രൂപ്പുകളില്‍ അണികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ കഴിയാതെ നേതൃത്വം ഉഴലുകയാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ട്ടി അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും ഏകോപനത്തിനായി കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. പയ്യോളി, തച്ചന്‍കുന്ന്, ഭജനമഠം, അയനിക്കാട്, പാലേരി മുക്ക്, പോസ്റ്റ് ഓഫിസ്, കണ്ണംകുളം, ഏച്ചിലാട് എന്നിവിടങ്ങളിലെ പ്രവര്‍ത്തകരാണ് കോര്‍ കമ്മിറ്റിയിലുള്ളത്. പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച റഹീസിന്റെ കുടുംബത്തെ സഹായിക്കാതെ പാര്‍ട്ടിയില്‍നിന്നു ലഭിക്കുന്ന സൗജന്യങ്ങള്‍ സ്വന്തമാക്കുന്ന നേതൃത്വത്തിനെതിരേയുള്ള വികാരം അണപൊട്ടിയാല്‍ വരും ദിവസങ്ങളില്‍ പയ്യോളിയിലെ സി.പി.എം നേതൃത്വത്തിന് തലവേദനയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."