പെരിയചോലയിലെ അനധികൃത ഭൂമിക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നീക്കം
പാലക്കാട്: പറമ്പിക്കുളംകടുവസങ്കേതത്തിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പെരിയചോലയിലെ അനധികൃത ഭൂമി കൈവശം വെച്ചവരില്‍ നിന്നും നികുതി പിരിച്ചെടുക്കാനും, അവര്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനുമുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് വിവാദമായിട്ടും റവന്യൂ വനംവകുപ്പുകള്‍ നടപടി സ്വീകരിക്കാത്തില്‍ ദുരൂഹത.
2019 ജനുവരി 26 നാണ്് പാലക്കാട് ജില്ലാ കലക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത് എല്ലാ വില്ലേജ് ഓഫിസര്‍മാര്‍ക്കും നികുതിദായകരില്‍ നിന്നും അനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ബന്ധം പിടിക്കരുതെന്നും പരമാവധി നികുതി ഈടാക്കുകയും, വേണ്ടവര്‍ക്ക് കൈവശവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദേശമുള്ളതിനാല്‍ വില്ലേജ് ഉദേൃാഗസ്ഥര്‍ തകൃതിയായി നികുതി പിരിച്ചു കൊണ്ടിരിക്കുകയാണ്. മുതലമട ഒന്ന് വില്ലേജിലെ കൈയേറ്റക്കാരായ 117 ചെറുകിടകര്‍ഷകര്‍ക്ക് നികുതി വാങ്ങിച്ച് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നീക്കം നടത്തി വരികയാണ്. വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയുടെ ചില നേതാക്കളുടെ പിന്‍ബലവും ഈ നീക്കത്തിന് പിന്നിലുള്ളതായി സംശയിക്കുന്നുവെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു .
ജില്ലാ കലക്ടറുടെ വിവാദമായ സര്‍ക്കുലര്‍ അനുസരിച്ചു് മുതലമട ഒന്ന് വില്ലേജ് ഓഫീസറുടെ ചുമതലയുള്ള വില്ലേജ് ഓഫീസര്‍ പെരിയചോലയിലെ കൈവശക്കാരായ 28 പേരില്‍ നിന്നും നികുതി സ്വീകരിച്ചിരുന്നു .ഇതിനുപിന്നാലെ ഇന്നലെ നികുതി അടച്ച 28 പേര്‍ ചിറ്റൂര്‍ താലൂക്ക് ഓഫീസിലെത്തി കൈവശാവകാശ സര്‍ടിഫിക്കറ്റിനു അപേക്ഷ നല്‍കിയതായാണറിയുന്നത്. പുതിയ തഹസില്‍ദാര്‍ ചാര്‍ജെടുക്കുന്നതിന് മുന്‍പ് കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതിലും ദുരൂഹതയുണ്ട് .പെരിയചോലയില്‍ അനധികൃതമായി വനഭൂമിയും,പുറമ്പോക്ക് ഭൂമിയും കൈവശം വെച്ചവരാണാധികവും. ഇതൊന്നും പരിശോധിക്കാതെയാണ് നികുതി സ്വീകരിച്ചിട്ടുള്ളതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു
2009- ല്‍ അന്നത്തെ പാലക്കാട് ജില്ലാകലക്ടര്‍ പെരിയചോലയിലെ കൈവശക്കാരില്‍ നിന്നും നികുതി സ്വീകരിക്കണമെങ്കില്‍ വനംവകുപ്പ് എന്‍. ഓ. സി വാങ്ങിക്കണമെന്ന ഉത്തരവ് ഇറക്കിയിരുന്നു. ഇതിനു വിരുദ്ധമായാണ് നിലവിലെ കലക്ടര്‍ അടിസ്ഥാന നികുതി സ്വീകരിക്കുന്നതിന് വനംവകുപ്പിന്റെ എന്‍.ഓ. സി വേണ്ടെന്നും, വില്ലേജ് ഓഫിസര്‍ക്ക് ബോധ്യപ്പെട്ടാല്‍ നികുതി സ്വീകരിച്ച് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ കോടതിയെ സമീപിക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."