മെക്‌സിക്കോ ഒരു മുന്നറിയിപ്പാണ്
ഫുട്‌ബോളില്‍ ആരുടെയും അത്താഴം മുടക്കാന്‍ ഒരു സെക്കന്‍ഡ് നേരത്തെ അശ്രദ്ധ മതി. കഴിഞ്ഞ ദിവസത്തെ ജര്‍മനി- മെക്‌സിക്കോ മത്സരവും അര്‍ജന്റീന-ഐസ്‌ലന്റ് മത്സരവും ഇതിന്റ ഉത്തമ ഉദാഹരണമാണ്.
നഷ്ടപ്പെടാനൊന്നുമില്ലാത്തവന് എന്തുമാകാം എന്ന കുഞ്ഞന്‍ ടീമുകളുടെ തീരുമാനത്തില്‍ നിന്നായിരുന്നു ഫുട്‌ബോള്‍ രാജാക്കന്‍മാരായ ജര്‍മനിക്കും അര്‍ജന്റീനക്കും അടിതെറ്റിയത്. ഫുട്‌ബോളിലെ പരിചയ സമ്പത്തും മേല്‍ക്കോയ്മയും ആവോളമുണ്ടായിട്ടും അര്‍ജന്റീനക്ക് ഗോള്‍ മാത്രം നേടാനായില്ല. മെക്‌സിക്കോയുമായുള്ള മത്സരത്തില്‍ ജര്‍മനിക്ക് അടിതെറ്റിയതിനും കാരണം ഇതായിരുന്നു.
വേഗക്കാരായ മെക്‌സിക്കന്‍ മുന്നേറ്റ നിരയെ പിടിച്ചു കെട്ടാന്‍ പലപ്പോഴും സീനിയര്‍ മോസ്റ്റായ ജര്‍മന്‍ പ്രതിരോധത്തിന് കഴിയാതെ പോയി. കൂടുതല്‍ വയസുള്ള താരങ്ങള്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ വേഗത കൂടുതലുള്ള യുവതാരങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. അര്‍ജന്റീനയുടെ പ്രതിരോധത്തിനും ഇത്തരത്തിലൊരു ചെറിയ പ്രശനമുണ്ട്.
ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ വയസന്‍മാരുള്ള ടീമാണ് അര്‍ജന്റീനയുടേത്. മസ്‌കരാനോ, ഓട്ടമെന്റി എന്നിവരടങ്ങുന്ന നിര സ്പീഡില്‍ പായുന്ന യുവതാരങ്ങളെ പിന്തുടര്‍ന്ന് പിടിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. ചാംപ്യന്‍മാരാകുമെന്ന് പ്രതീക്ഷിച്ച് വണ്ടികയറിയവരൊക്കെ ആദ്യത്തിലെ പതറുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. സെര്‍ബിയ-കോസ്റ്റ റിക്ക മത്സരവും ഇത്തരത്തിലുള്ള ഒന്നായിരുന്നു.
ഒന്നിനും കൊള്ളാത്തവരെന്ന് എല്ലാവരും എഴുതിത്തള്ളിയ ടീമായിട്ടും സെര്‍ബിയ മാന്ത്രിക ഫുട്‌ബോളാണ് ഗ്രൗണ്ടില്‍ പുറത്തെടുത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."